ഫ്യുവല്‍ സ്വിച്ച് ഓഫാക്കിയത് പൈലറ്റുമാരെന്ന റിപ്പോര്‍ട്ട്: റോയിട്ടേഴ്സിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനും നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന
റോയിട്ടേഴ്സിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സംഘടന മുന്നറിയിപ്പ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പുതിയ ലേഖനത്തിനെതിരെ അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങളായ റോയിട്ടേഴ്സിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനും വക്കീല്‍ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് ആണ് നോട്ടീസ് അയച്ചത്. എയര്‍ ഇന്ത്യയുടെ പൈലറ്റ് ഇന്‍ കമാന്‍ഡ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കി എന്നായിരുന്നു ഈ അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ചലനത്തില്‍ പൈലറ്റിന്റെ തെറ്റു ചൂണ്ടിക്കാണിക്കാന്‍ റിപ്പോര്‍ട്ട് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സംഘടന നോട്ടീസ് അയച്ചത്. അതിനാല്‍ ലേഖനം തിരുത്തണമെന്നാണ് ആവശ്യം. തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ലേഖനങ്ങള്‍ എഴുതരുത് എന്നും സംഘടന നോട്ടീസിലൂടെ ആവശ്യപ്പെട്ടു. റോയിട്ടേഴ്സിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സീനിയര്‍ പൈലറ്റാണ് അപകടത്തിന് ഉത്തരവാദി എന്നതരത്തിലായിരുന്നു ഡബ്ല്യൂഎസ്‌ജെയിലെ റിപ്പോര്‍ട്ട്. വിമാനത്തിന്റെ പൈലറ്റിനെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങളാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് നോട്ടിസില്‍ പറയുന്നത്. അന്വേഷണവുമായി ബന്ധമില്ലാത്ത വിചിത്ര വാദങ്ങളാണ് റോയിട്ടേഴ്‌സില്‍ ഉള്ളതെന്നും നോട്ടിസില്‍ സംഘടന ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുമ്പോള്‍ സാഹചര്യത്തില്‍ ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നും ആരോപണം.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പൈലറ്റിനെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് എഫ്.ഐ.പി മേധാവി സി.എസ് രണ്‍ധാവ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചു.
റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയരുതെന്നും നിഗമനങ്ങളില്‍ എത്തുന്നതിനുമുമ്പ് അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനായി കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എയര്‍ ഇന്ത്യ വിമാനാപകടം അന്വേഷിക്കുന്ന സമിതിയില്‍ ഒരു പൈലറ്റ് പോലും ഭാഗമാകാത്തതിലും എതിര്‍പ്പ് പ്രകടിപ്പിച്ചു.
അതേസമയം, അഹമ്മദാബാദില്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്ന എ.ഐ171 ബോയിങ് 787 ഡ്രീംലൈനര്‍ പറത്തിയത് രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദറും. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍, വിമാനത്തിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പറന്നുയര്‍ന്നതിനുശേഷം 'റണ്‍' മോഡില്‍നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറ്റിയതായി പറഞ്ഞുകൊണ്ട് രണ്ടു പൈലറ്റുമാര്‍ തമ്മിലുള്ള കോക്ക്പിറ്റ് സംഭാഷണം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
'എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ധനം നിര്‍ത്തിയത്? എന്ന് ഒരു പൈലറ്റ് ചോദിച്ചു. മറ്റൊരാള്‍ 'ഞാന്‍ അങ്ങനെ ചെയ്തില്ല' എന്ന് മറുപടി നല്‍കിയെന്നും എ.എ.ഐ.ബി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ചോദ്യം ഉന്നയിച്ചതും മറുപടി പറഞ്ഞതും ഏതു പൈലറ്റാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എന്‍ജിനുകളിലേക്കുള്ള ഇന്ധനം നിര്‍ത്തിയത് മനഃപൂര്‍വ്വമോ ആകസ്മികമോ ആണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല.
എന്നാല്‍, വിമാനത്തിന്റെ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ബ്ലാക്ക്-ബോക്‌സ് റെക്കോര്‍ഡിങ് സൂചിപ്പിക്കുന്നത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലേക്കും ഇന്ധനം ഒഴുകുന്നത് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ വിശദാംശങ്ങളുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തില്‍ പറയുന്നത്.
Adjust Story Font
16

