'ബേബീ ഐ ലവ് യൂ, നീ കാണാൻ സുന്ദരിയാണ്'; ചൈതന്യാനന്ദ സരസ്വതിയുടെ ചാറ്റുകൾ പുറത്തുവിട്ട് ശാരദ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനി
'വഴങ്ങിയില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും ബിരുദ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി'

ന്യൂഡൽഹി: നിരവധി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രി വളരെ വൈകിയും ചൈതന്യാനന്ദയുടെ ക്വാർട്ടേഴ്സിലെത്താൻ വിദ്യാർഥിനികളെ നിർബന്ധിച്ചിരുന്നുവെന്ന് പൊലീസ് എഫ്ഐആറിൽ പറഞ്ഞു.
30ഓളം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചൈതന്യാനന്ദക്കെതിരെ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്വാമിക്ക് വഴങ്ങിയില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും ബിരുദ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയിരുന്നതായും എഫ്ഐആറിലുണ്ട്.
കഴിഞ്ഞ വർഷമാണ് ചൈതന്യാനന്ദയെ പരിചയപ്പെട്ടതെന്ന് വിദ്യാർഥിനിയായിരുന്ന 21കാരി പറയുന്നു. 'അദ്ദേഹമായിരുന്നു ചാൻസലർ. ഒരു പരിക്കിനെ അതിജീവിച്ചാണ് ഞാൻ കോളജിലെത്തിയത്. പരിക്ക് പറ്റിയതിന്റെ മെഡിക്കൽ വിവരങ്ങൾ അദ്ദേഹത്തിന് അയക്കാൻ പറഞ്ഞത് പ്രകാരം കൈമാറി. എന്നാൽ പിന്നീട് 'ബേബി ഐ ലവ് യൂ, നീ കാണാൻ സുന്ദരിയാണ്, നിന്നെ ഞാൻ ആരാധിക്കുന്നു' എന്ന സന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
'ഇതെ കുറിച്ച് അസോസിയേറ്റ് ഡീനിന് പരാതി നൽകി. എതിർപ്പ് പരസ്യമാക്കിയപ്പോൾ ഹാജർനിലയിൽ ക്രമക്കേട് കാണിച്ചുകൊണ്ടുള്ള നോട്ടീസുകൾ വന്നുതുടങ്ങി. പരീക്ഷ പേപ്പറുകളിൽ മാർക്കുകളിൽ കൃത്രിമത്വം കാണിച്ചു. 2025 മാർച്ചിൽ അയാൾപുതിയ ബിഎംഡബ്ല്യു കാർ വാങ്ങിയപ്പോൾ പൂജക്കായി സഹപാഠികളെ ക്ഷണിച്ച് ഋഷികേശിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നപ്പോഴും മോശം കമന്റുകൾ അയക്കുന്നത് തുടർന്നു. ഒരിക്കൽ ഫോണിൽ ചൈതന്യാനന്ദ അയച്ച സന്ദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുതിർന്ന അധ്യാപികമാർ സമീപിച്ചു. ഹോളി കഴിഞ്ഞ ശേഷം അയാൾ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചു. ബേബി എന്ന് വിളിച്ചാണ് സംസാരിച്ചു തുടങ്ങിയത്. എന്നെ അങ്ങനെ വിളിക്കരുതെന്ന് ഞാനയാളോട് പറഞ്ഞു. അയാൾ ഉടനെ മൊബൈൽ എടുത്ത് എന്റെ ഒരു വിഡിയോ റെക്കോഡ് ചെയ്യാൻ തുടങ്ങി. അത് എന്റെ ഫോണിലേക്ക് അയച്ചു തന്നിട്ട് നീ വളരെ സുന്ദരിയാണെന്ന് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾ അർധരാത്രിയിൽ ഇയാളുടെ ക്വാർട്ടേഴ്സിലേക്ക് പോകാൻ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നും' പെൺകുട്ടി മൊഴി നൽകി.
പൊലീസ് ഇതുവരെ 32 വിദ്യാർഥിനികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സ്വാമി ചൈതന്യാനന്ദ നിലവിൽ ഒളിവിലാണ്.
Adjust Story Font
16

