Quantcast

വിധികളേക്കാള്‍ ശക്തമായ വിയോജിപ്പുകളും സ്ത്രീപക്ഷ വിധികളും

വിധിന്യായങ്ങളിലും വിയോജിപ്പുകളിലുമുള്ള വ്യക്തതയും കൃത്യതയുമാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ വ്യത്യസ്തനാക്കുന്നത്

MediaOne Logo

സിതാര ശ്രീലയം

  • Updated:

    2022-11-09 05:54:34.0

Published:

9 Nov 2022 5:45 AM GMT

വിധികളേക്കാള്‍ ശക്തമായ വിയോജിപ്പുകളും സ്ത്രീപക്ഷ വിധികളും
X

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ സേഫ്റ്റി വാല്‍വാണെന്ന് പ്രഖ്യാപിച്ച ന്യായാധിപന്‍. സ്വകാര്യത മൌലികാവകാശമായി അംഗീകരിച്ചു കൊണ്ടുള്ള വിധികള്‍. പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള, സ്ത്രീപക്ഷത്തുനിന്നുള്ള ചരിത്ര വിധികള്‍. ആധാര്‍ പദ്ധതി ഒരു വ്യക്തിയെ 12 അക്ക സംഖ്യയാക്കി ചുരുക്കിയെന്ന വിയോജിപ്പ്. വിധിന്യായങ്ങളിലും വിയോജിപ്പുകളിലുമുള്ള വ്യക്തതയും കൃത്യതയുമാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ വ്യത്യസ്തനാക്കുന്നത്. പൌരാവകാശങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ സുപ്രധാന വിധിപ്രസ്താവങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

സ്വകാര്യത മൗലികാവകാശമാണെന്ന് 2017 ഓഗസ്റ്റിൽ സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചു. ജീവിതവും വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനയുടെ സൃഷ്ടികളല്ല. ഈ അവകാശങ്ങൾ ഓരോ വ്യക്തിയിലും അന്തർലീനവും അവിഭാജ്യവുമായ ഘടകമാണെന്ന് ഭരണഘടന അംഗീകരിച്ചിട്ടുണ്ടെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചത്. പിതാവ് വൈ.വി ചന്ദ്രചൂഡിന്‍റെ അടിയന്തരാവസ്ഥക്കാലത്തെ ഒരു വിധിയെ മകന്‍ ഈ വിധിയിലൂടെ അസാധുവാക്കി എന്ന പ്രത്യേകത കൂടിയുണ്ട്. അടിയന്തരാവസ്ഥ കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ സാഹചര്യത്തില്‍ സ്വകാര്യത മൌലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ് അടക്കമുള്ള ബെഞ്ചിന്റെ വിധി. എഡിഎം ജബൽപൂര്‍ എന്നറിയപ്പെടുന്ന ആ കേസില്‍ ജഡ്ജിമാര്‍ നടത്തിയ വിധിന്യായത്തില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ പ്രസ്താവിച്ചു.



വിവാഹേതരബന്ധം സംബന്ധിച്ച് കൊളോണിയൽ കാലത്തെ നിയമം ഉയർത്തിപ്പിടിച്ച, പിതാവിന്റെ മറ്റൊരു സുപ്രധാന വിധിയും ജസ്റ്റിസ് ചന്ദ്രചൂഡ് തിരുത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന നിയമത്തിലൂന്നി 1985ല്‍ സീനിയർ ചന്ദ്രചൂഡ് ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. അതേസമയം പുരുഷന്‍റെ സ്വത്താണ് സ്ത്രീ എന്ന ആധിപത്യ മനോഭാവമാണ് ഈ നിയമത്തിന്‍റെ കാതലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കിയ 158 വര്‍ഷം പഴക്കമുള്ള, 497ആം വകുപ്പാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തിരുത്തിയത്. വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും വിവാഹമോചനത്തിന് ഉന്നയിക്കാവുന്ന കാരണം മാത്രമാണെന്നും ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.

ഹാദിയ കേസില്‍ കേരള ഹൈക്കോടതി വിധി മാറ്റിയെഴുതിയ മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് ചന്ദ്രചൂഡുമുണ്ടായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കളുടെ കൂടെ വിടാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയതിങ്ങനെ- 24 വയസ്സുള്ള ഹാദിയ ദുർബ്ബലയാണെന്നും ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ടെന്നുമാണ് ഹൈക്കോടതിയുടെ അഭിപ്രായം. ഹാദിയ പ്രായപൂര്‍ത്തിയായ സ്ത്രീ ആണെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഭരണഘടന പ്രകാരമുള്ള അവകാശത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി കാണാതെ പോയി. വിവാഹം കഴിക്കണോ വേണ്ടയോ, ആരെ വിവാഹം കഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിന് പുറത്താണ്. ഇത്തരം കാര്യങ്ങളിൽ ഭരണകൂടം നടത്തുന്ന ഇടപെടൽ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ബെഞ്ച് വിലയിരുത്തി.


സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ പ്രവേശിക്കാമെന്ന് വിധിച്ചതും ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. പ്രായത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാപരമായ ധാർമികതയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അത് സ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ ആശയങ്ങളെ തുരങ്കം വയ്ക്കുന്നതാണ്. ഭരണഘടനയുടെ 25ആം വകുപ്പില്‍ പറയുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കുമുണ്ടെന്നും ചന്ദ്രചൂഡ് നിരീക്ഷിച്ചു.

വിയോജിപ്പ് ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ പ്രതീകമാണെന്ന് ഭീമ കൊറേഗാവ് കേസിലെ ഒരു സുപ്രിംകോടതി വിധിയോട് വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഭീമ കൊറേഗാവ് കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപ്പറും ആക്ടിവിസ്റ്റുകളും നൽകിയ ഹർജി അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. അന്ന് ആ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയോട് വിയോജിച്ചു. മഹാരാഷ്ട്ര പൊലീസിന്റെ കേസ് അന്വേഷണത്തേയും അറസ്റ്റ് നടപടികളേയും അദ്ദേഹം വിമര്‍ശിച്ചു. നീതിയെ സാങ്കേതികത്വങ്ങളുടെ പേരില്‍ മറികടക്കാനാവില്ലെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ആധാര്‍ സംബന്ധിച്ച ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് ചന്ദ്രചൂഡിന് വിയോജിപ്പായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഭരണഘടനാ ബെഞ്ചിലെ നാലംഗങ്ങളോടും വിയോജിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, ആധാര്‍ പദ്ധതി ഒരു വ്യക്തിയെ 12 അക്ക സംഖ്യയാക്കി ചുരുക്കുകയാണെന്നും അഭിപ്രായപ്പെട്ടു.


പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള എല്ലാ ലൈംഗിക ബന്ധവും നിയമവിധേയമാക്കിക്കൊണ്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ചരിത്രവിധിയായിരുന്നു അത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ഭരണഘടന ഒരു ലളിതമായ തത്വം സ്വീകരിക്കുന്നുവെന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വ്യക്തിപരമായ കാര്യങ്ങളിൽ ഭരണകൂടം കടന്നുകയറേണ്ടതില്ല. ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച സ്വാതന്ത്ര്യത്തെ സാമൂഹിക സങ്കൽപ്പങ്ങൾക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

അവിവാഹിതകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് വിധിച്ചതും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്. ഗർഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരിയായ അവിവാഹിത നൽകിയ ഹര്‍ജിയിലായിരുന്നു സുപ്രധാന വിധി. ഗര്‍ഭച്ഛിദ്ര പരിധിയില്‍ നിന്ന് അവിവാഹിതരെ ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. പ്രത്യുത്പാദനപരമായ സ്വയം നിര്‍ണയാവകാശം വിവാഹിത, അവിവാഹിത എന്ന വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേല്‍ പരമാധികാരമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ബെഞ്ച് വിധിച്ചു.


ചന്ദ്രചൂഡിന്റെ വ്യക്തി ജീവിതം പരിശോധിച്ചാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്‍റയും സംഗീതജ്ഞയായ പ്രഭയുടെയും മകനായി 1959ലാണ് ഡി.വൈ ചന്ദ്രചൂഡ് ജനിച്ചത്. മുംബൈയിലും ഡല്‍ഹിയിലുമായി വിദ്യാഭ്യാസം. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും ഹര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും കരസ്ഥമാക്കി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിയമ സ്ഥാപനമായ സുള്ളിവന്‍ ആന്‍ഡ് ക്രോംവെല്ലിലാണ് കരിയര്‍ തുടങ്ങിയത്. 1998ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനും 2000ല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയുമായി. 2013ല്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016ല്‍ സുപ്രിംകോടതിയില്‍ ജസ്റ്റിസായി നിയമിക്കപ്പെട്ടു. 2021ല്‍ സുപ്രിംകോടതി കൊളീജിയത്തിന്‍റെ ഭാഗമായി. അർദ്ധരാത്രി വരെ ഫയലുകള്‍ നോക്കുന്ന, കഠിനാധ്വാനിയായ ജഡ്ജി എന്നാണ് സഹപ്രവര്‍ത്തകര്‍ക്ക് ജസ്റ്റിസ് ചന്ദ്രചൂഡിനെ കുറിച്ചുള്ള അഭിപ്രായം. കൂടെയുള്ളവരെ പ്രചോദിപ്പിക്കാനും തുറന്ന് പ്രശംസിക്കാനും അദ്ദേഹം മടി കാണിക്കാറില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

"ഒരു ദിവസത്തേക്കുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടരുത്. ഒരു ദിവസമെന്നത് വളരെ കൂടുതലാണ്"- രാജ്യത്തുടനീളമുള്ള ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരെ കുറിച്ച് ചന്ദ്രചൂഡ് പറഞ്ഞതാണിത്. സുപ്രിംകോടതിയുടെ വാതിലുകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടണമെന്ന അഭിപ്രായക്കാരനാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. വിവരാവകാശ നിയമ പ്രകാരമുള്ള വിവരങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ബാധ്യസ്ഥമാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ് സാധ്യമാക്കിയ ബെഞ്ചിന്റെ ഭാഗമാണ് അദ്ദേഹം. ചീഫ് ജസ്റ്റിസും ജഡ്ജിമാരും ഭരണഘടനാ ഓഫീസുകളാണെന്നും അധികാരശ്രേണിയല്ലെന്നും ചന്ദ്രചൂഡ് ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. കര, നാവിക സേനകളിലെ ചില തസ്കികകളില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെ അദ്ദേഹം എതിര്‍ത്തു. ശാരീരികമായി സ്ത്രീകള്‍ ദുര്‍ബലരാണെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരെ ഉയർന്നുവരുന്ന ഭീകരമായ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കിയ ബെഞ്ചിന്റെ ഭാഗമായിരുന്നു ചന്ദ്രചൂഡ്. ഇത്തരത്തിൽ നിരവധി ചരിത്രവിധികള്‍ പുറപ്പെടുവിച്ച ഒരാള്‍ രാജ്യത്തിന്‍റെ പരമോന്നത ന്യായാധിപനാകുമ്പോള്‍, നീതി തേടുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്.

TAGS :

Next Story