Quantcast

ആദ്യം അജിത് പവാർ, ഇപ്പോൾ പ്രഫുൽ പട്ടേൽ; എൻഡിഎയിൽ ചേർന്നതിന് പിന്നാലെ ക്ലീൻചിറ്റ്

എൻഡിഎയിൽ ചേർന്ന് എട്ടു മാസങ്ങൾക്കകമാണ് പ്രഫുൽ പ്രതിസ്ഥാനത്തുള്ള അഴിമതിക്കേസ് അവസാനിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-03-29 09:33:02.0

Published:

29 March 2024 9:31 AM GMT

praful patel and ajit pawar
X

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ അഴിമതിക്കേസുകളിൽ ക്ലീൻചിറ്റ് ലഭിച്ച് എന്‍സിപി നേതാക്കൾ. മുൻ വ്യോമയാന മന്ത്രിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിനാണ് ഏറ്റവും ഒടുവിൽ ക്ലീൻചിറ്റ് ലഭിച്ചത്. എൻഡിഎയിൽ ചേർന്ന് എട്ടു മാസങ്ങൾക്കകമാണ് പ്രഫുൽ പ്രതിസ്ഥാനത്തുള്ള വ്യോമയാന അഴിമതിക്കേസ് അവസാനിപ്പിക്കുന്നത്. നേരത്തെ, ശതകോടികളുടെ അഴിമതിക്കേസുകളില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും ക്ലീന്‍ചിറ്റ് ലഭിച്ചിരുന്നു.

പ്രഫുല്‍ പട്ടേലിനെതിരെയുള്ള കേസില്‍ സിബിഐ ഡൽഹി റോസ് അവന്യൂ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. 2017ൽ എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിന് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന കേസിലാണ് പ്രഫുൽ പട്ടേലിനെ പ്രതിചേർത്തിരുന്നത്. സുപ്രിംകോടതി ഉത്തരവു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പൊതുഖജനാവിന് 840 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാരോപിക്കപ്പെടുന്ന കേസാണിത്. മഹാരാഷ്ട്ര കോപറേറ്റീവ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരെ മുംബൈ പൊലീസ് അന്വേഷണമുണ്ടായിരുന്നത്. 25000 കോടി രൂപയുടെ അഴിമതിയാണിത്.

യുപിഎ കാലത്ത് വ്യോമയാന മന്ത്രിയായിരിക്കെ വിമാനങ്ങൾ പാട്ടത്തിന് വാങ്ങിയതും റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചതിലുമാണ് പ്രഫുൽ പട്ടേലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഇതിലൂടെ പൊതുഖജനാവിന് വലിയ നഷ്ടമുണ്ടായെന്നും വ്യക്തികൾക്ക് സാമ്പത്തിക ലാഭമുണ്ടായെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ആത്മാർത്ഥതയില്ലാത്ത തീരുമാനമാണ് ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയം കൈക്കൊണ്ടത് എന്നാണ് നേരത്തെ സിബിഐ പറഞ്ഞിരുന്നത്.

എയർ ഇന്ത്യയുടെ റൂട്ടുകൾ സ്വകാര്യ എയർലൈൻസുകൾക്ക് നൽകാൻ ലോബ്ബിയിങ് നടത്തിയ ഇടനിലക്കാരൻ ദീപക് തൽവാറിന്റെ അടുത്ത സുഹൃത്താണ് പ്രഫുൽ പട്ടേൽ എന്നാണ് നേരത്തെ ഇഡി പറഞ്ഞിരുന്നത്. എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയന ശേഷം രൂപവത്കരിച്ച നാഷണൽ ഏവിയേഷൻ കോർപറേഷൻ ഓഫ് ഇന്ത്യ (എൻഎസിഐഎൽ) വിമാനങ്ങൾ പാട്ടത്തിന് നൽകിയതിൽ ക്രമക്കേട് നടന്നെന്നും നേരത്തെ ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ശരദ് പവാറുമായുള്ള ബന്ധം അവസാനിപ്പിച്ച് പ്രഫുൽ പട്ടേൽ എൻഡിഎയിലേക്ക് ചേക്കേറിയിരുന്നത്. അജിത് പവാർ നേതൃത്വം നൽകുന്ന ഈ വിഭാഗം മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന ഭരണത്തിന്റെ ഭാഗവുമാണ്. സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസിനു പുറമേ, അജിത് പവാറിനെതിരെയുള്ള 70000 കോടി രൂപയുടെ ഇറിഗേഷൻ അഴിമതിക്കേസും 2019 അവസാനം അവസാനിപ്പിച്ചിരുന്നു.

Summary: CBI closes corruption case involving Praful Patel registered on the orders of SC in 2017. Praful Patel along with Ajit Pawar broke ranks with Sharad Pawar and joined NDA in Aug last year.

TAGS :

Next Story