ആദ്യം വാട്‌സാപ്പില്‍ നിന്ന് 'ബൂമര്‍മാരെ' നിരോധിക്കണമെന്ന് ഇഷാന്‍, രസകരമായ മറുപടിയുമായി ശശി തരൂര്‍, അച്ഛന്‍-മകന്‍ 'പോര്' വൈറലാകുന്നു
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഒടുവിൽ അച്ഛനും മകനും തമ്മിലുള്ള ഹാസ്യം നിറഞ്ഞ മറുപടികളിലേക്ക് വഴിമാറിയത്.

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ ഉപയോഗത്തെച്ചൊല്ലി കോൺഗ്രസ് എം.പി. ശശി തരൂരും മകനും മാധ്യമപ്രവർത്തകനുമായ ഇഷാൻ തരൂരും തമ്മിൽ എക്സിൽ നടന്ന രസകരമായ വാഗ്വാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഒടുവിൽ അച്ഛനും മകനും തമ്മിലുള്ള ഹാസ്യം നിറഞ്ഞ മറുപടികളിലേക്ക് വഴിമാറിയത്.
സോഹോ സ്ഥാപകൻ ശ്രീധർ വെംബു പങ്കുവെച്ചൊരു കുറിപ്പിൽ നിന്നാണ് സംവാദങ്ങൾക്ക് തുടക്കം. ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ നയങ്ങൾ ചൂണ്ടിക്കാട്ടി, ഇന്ത്യയിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കുട്ടികൾ സ്ക്രീനുകളിൽ സമയം കളയുന്നതിനേക്കാൾ പുസ്തകങ്ങൾ വായിക്കാനും പുറത്തുപോയി കളിക്കാനുമാണ് സമയം കണ്ടെത്തേണ്ടതെന്നായിരുന്നു വെംബുവിന്റെ നിരീക്ഷണം.
ശ്രീധർ വെംബുവിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഇഷാൻ തരൂർ രസകരമായ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു;
"കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുത് എന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. എന്നാൽ മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഇന്ത്യ ചെയ്യേണ്ടത് വാട്സാപ്പിൽ നിന്ന് 'ബൂമർമാരെ' (മുതിർന്ന തലമുറയെ) വിലക്കുകയാണ്!".
ഇതിന് മറുപടിയായി, പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ജനനനിരക്കും രീതികളും വെച്ചുനോക്കുമ്പോൾ നിന്റെ തലമുറ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും 'ബേബി ബൂമർ'മാർ ആണെന്നായിരുന്നു ശശി തരൂരിന്റെ രസകരമായ മറുപടി.
അച്ഛനും മകനും തമ്മിലുള്ള ഈ ആക്ഷേപഹാസ്യം നിറഞ്ഞ സംഭാഷണം പെട്ടെന്നുതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. തരൂർ കുടുംബത്തിന്റെ ഈ തഗ് സംഭാഷണത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എക്സിൽ അഭിപ്രായങ്ങളുമായി എത്തുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-നും 1964-നും ഇടയിൽ ജനിച്ചവരെയാണ് സാധാരണയായി 'ബേബി ബൂമേഴ്സ്' എന്ന് വിളിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട ചിന്താഗതികൾ വെച്ചുപുലർത്തുകയും ആവശ്യമില്ലാതെ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരെ പരിഹസിക്കാൻ യുവാക്കൾക്കിടയിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് 'ബൂമർ'.
Given our reproductive patterns, my son, unlike in the West, every generation of Indians, including yours, qualifies as [baby]Boomers! https://t.co/wpCgTXHsMb
— Shashi Tharoor (@ShashiTharoor) July 26, 2026
Adjust Story Font
16

