നാല് വർഷത്തെ സേവനം പൂർത്തിയായി; 18300 അഗ്നിവീരന്മാരുടെ ആദ്യ ബാച്ച് ഡിസംബർ 31ന് വിരമിക്കും
ആദ്യ ഘട്ട നിയമനത്തിൽ കരസേന, വ്യോമസേന, നാവികസേന എന്നിവയിലായി പ്രവേശനം നേടിയ 24,400 പേരിൽ നാലിൽ മൂന്ന് ഭാഗത്തോളം വരുന്ന 18,300 അഗ്നിവീരന്മാരാണ് സേവനകാലാവധി പൂർത്തിയാക്കി വിരമിക്കാൻ ഒരുങ്ങുന്നത്

- Updated:
2026-10-26 06:16:56

ഡൽഹി: ഇന്ത്യൻ സൈന്യത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരം സേവനമനുഷ്ഠിച്ച ആദ്യ ബാച്ചിലെ 18,300 അഗ്നിവീരന്മാർ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി ഡിസംബർ 31-ഓടെ സർവീസിൽ നിന്ന് വിരമിക്കുന്നു. ഇതോടെ ഇവർക്കായുള്ള രണ്ടാം ഘട്ട തൊഴിൽ അവസരങ്ങളിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയെന്ന് വിഷയം സംബന്ധിച്ച് ധാരണയുള്ള ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു.
സൈനിക സേവനത്തിന് ശേഷം മടങ്ങുന്നവർക്ക്, തങ്ങളുടെ സേവന കാലയളവിൽ സംഭാവന ചെയ്ത 5.02 ലക്ഷം തുക ഉൾപ്പെടെ ആകെ 11.71 ലക്ഷത്തിന്റെ 'സേവാനിധി' പാക്കേജ് ലഭിക്കും. മൂന്ന് സേനാവിഭാഗങ്ങളും — ആദ്യം നാവികസേനയും തുടർന്ന് വ്യോമസേനയും കരസേനയും — നവംബർ പകുതിയോടെ ഘട്ടം ഘട്ടമായി തങ്ങളുടെ ആദ്യ ബാച്ചിലെ 75% അഗ്നിവീരന്മാരെ പിരിച്ചുവിടുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2022ലാണ് അഗ്നിപഥ് സ്കീം ആരംഭിക്കുന്നത്. ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരുടെ സേവന കാലാവധി വെട്ടിക്കുറയ്ക്കുന്നു എന്നതിനാലും കുറഞ്ഞ സേവന ആനുകൂല്യങ്ങൾ മാത്രമാണ് നൽകുന്നത് എന്നതിനാലും ഈ പദ്ധതി ദീർഘകാലമായി രാഷ്ട്രീയ തലത്തിൽ വലിയ തർക്കവിഷയമാണ്. പദ്ധതിപ്രകാരം നാല് വര്ഷത്തെ കാലാവധിയിലാണ് സൈനികരെ തെരഞ്ഞെടുക്കുന്നത്. ഇതി ൽ 25 ശതമാനം പേരെ മാത്രമാണ് അടുത്ത 15 വർഷത്തേക്ക് റെഗുലർ സർവീസിൽ നിലനിർത്താൻ വ്യവസ്ഥയുള്ളത്.
ആദ്യ ഘട്ട നിയമനത്തിൽ കരസേന, വ്യോമസേന, നാവികസേന എന്നിവയിലായി പ്രവേശനം നേടിയ 24,400 പേരിൽ നാലിൽ മൂന്ന് ഭാഗത്തോളം വരുന്ന 18,300 അഗ്നിവീരന്മാരാണ് സേവനകാലാവധി പൂർത്തിയാക്കി വിരമിക്കാൻ ഒരുങ്ങുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ ബാച്ചിൽ കരസേനയിൽ 19,000, വ്യോമസേനയിൽ 2,850, നാവികസേനയിൽ 2,550 എന്നിങ്ങനെയായിരുന്നു അഗ്നിവീരന്മാരുടെ എണ്ണം.
അഗ്നിവീറുകളുടെ പ്രകടനത്തിൽ മൂന്ന് സേനകളും സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേക വൈദഗ്ധ്യമുള്ള കൂടുതൽ അഗ്നിവീറുകളെ നിലനിർത്തുന്നതിനായി ഭാവിയിൽ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ സൈന്യത്തിൽ ഏകദേശം 270,000 അഗ്നിവീറുകളും വ്യോമസേനയിൽ ഏകദേശം 27,000 അഗ്നിവീറുകളും, നാവികസേനയിൽ ഏകദേശം 21,000 അഗ്നിവീറുകളുമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎസ്എഫ്, സിആർപിഎഫ് , സിഐഎസ്എഫ്, ഐടിബിപി, അസം റൈഫിൾസ് തുടങ്ങിയ സേനകളിലെ എൻട്രി ലെവൽ തസ്തികകളിൽ പകുതിയും മുൻ അഗ്നിവീർമാരെ നിയമിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16
