Quantcast

'ആദ്യം ഇന്ത്യയിലേക്ക് വരൂ, എന്നിട്ട് നിങ്ങളെ കേൾക്കാം'; വിജയ് മല്യയോട് കോടതി

മല്യ നിലവിൽ ലണ്ടനിലാണെന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

MediaOne Logo

Web Desk

  • Published:

    4 Dec 2025 7:09 PM IST

First come to India then we will hear your case Says High Court to Vijay Mallya
X

മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട സാമ്പത്തിക കുറ്റവാളിയായ വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹരജിയുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി. തനിക്കെതിരെ എഫ്‌ഇഒ നിയമ (ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട്) പ്രകാരമുള്ള കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ഇന്ത്യയിലേക്ക് എപ്പോൾ മടങ്ങുമെന്ന് അറിയിച്ചാൽ മാത്രമേ ഹരജി പരി​ഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.

മല്യ നിലവിൽ ലണ്ടനിലാണെന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു, ചീഫ് ജസ്റ്റിസിന്റെ മറുപടി. 'നിങ്ങൾ ആദ്യം ഇവിടേക്ക് വരൂ, ശേഷം നിങ്ങളെ കേൾക്കാം'- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 'മല്യ എപ്പോൾ വരുമെന്ന് അറിയിക്കൂ, അക്കാര്യത്തിൽ തൃപ്തികരമായൊരു മറുപടി ലഭിക്കുംവരെ സ്റ്റേയുൾപ്പെടെയുള്ള നടപടികൾ ഇല്ല'- ഹൈക്കോടതി പറഞ്ഞു. ഹരജി തങ്ങൾക്ക് പരി​ഗണിക്കാനാവുമോ എന്ന കാര്യത്തിൽ ഗുരുതര സംശയമുണ്ടെന്ന് പറഞ്ഞ ബെഞ്ച്, കേസ് ഡിസംബർ 23ലേക്ക് മാറ്റുകയും ചെയ്തു.

ഇഡിക്കായി കോടതിയിൽ ഹാജരായ അറ്റോർണി സോളിസിറ്റർ ജനറൽമാരായ എസ്‌.വി രാജുവും അനിൽ സിങ്ങും, 6,200 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പിൽ മല്യയ്ക്ക് പങ്കുണ്ടെന്നും ഏകദേശം 15,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹരജി തള്ളാനാവശ്യപ്പെട്ടു.‌ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡർ ആക്ട് പ്രകാരമുള്ള നടപടികൾ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു. വിദേശത്തുള്ള മല്യ, ഇന്ത്യയിലെ നീതിന്യായ പ്രക്രിയയ്ക്ക് വിധേയനാകാൻ തയാറായില്ലെന്നും ഇഡി അറിയിച്ചു.

എഫ്ഇഒ നിയമത്തിലെ സെക്ഷൻ 12(8) ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച മല്യ, കുറ്റവിമുക്തനാക്കിയാൽ കണ്ടുകെട്ടിയ സ്വത്തുക്കൾ പുനഃസ്ഥാപിക്കാൻ അതിൽ വ്യവസ്ഥയില്ലെന്നും വാദിച്ചു. എന്നാൽ, ഒരാൾ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയല്ലെന്ന് പ്രത്യേക കോടതി വിധിച്ചാൽ, സെക്ഷൻ 12 ലെ ഉപവകുപ്പ് (9) അയാളുടെ സ്വത്തുക്കൾ തിരികെ നൽകാൻ അനുവദിക്കുന്നുണ്ടെന്ന് ഇഡി വാദിച്ചു. പ്രതി ഇന്ത്യയിലേക്ക് മടങ്ങുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്താൽ മാത്രമേ സ്വത്തുക്കൾ തിരികെനൽകാനാകൂ എന്നും ഇഡി ചൂണ്ടിക്കാട്ടി.

വിജയ് മല്യ മാത്രം വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും ഇതില്‍ 14,000 കോടിയിലധികം രൂപ ആസ്തികള്‍ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും പാർലമെന്റിൽ സമർപ്പിച്ച കണക്കിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ കണക്കുകളാണ് കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ചത്.

മുതലും പലിശയും ഉള്‍പ്പടെ 58,000 കോടി രൂപയുടെ കുടിശ്ശികയാണ് ഈ സാമ്പത്തിക കുറ്റവാളികള്‍ക്കുള്ളതെന്നും ആസ്തികള്‍ കണ്ടുകെട്ടിയും ലേല നടപടികളിലൂടെയും ബാങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്രം അറിയിച്ചു. നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു.

ഈ 15 പേര്‍, 2025 ഒക്ടോബര്‍ 31 വരെ ബാങ്കുകള്‍ക്ക് മുതല്‍ ഇനത്തില്‍ മാത്രം 26,645 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി. കൂടാതെ ഈ വായ്പകളുടെ പലിശ ഇനത്തില്‍ 31,437 കോടി രൂപയും കുടിശ്ശികയുണ്ട്. ഇതടക്കമാണ് ഇവർ 58,000 കോടി രൂപയുടെ നഷ്ടം ബാങ്കുകള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. 15 കുറ്റവാളികളില്‍ ഒന്‍പത് പേര്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരായ വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവരാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story