Quantcast

വാഹനത്തിന് 10 വർഷം കഴി​ഞ്ഞോ ? ഫിറ്റ്നസ് ടെസ്റ്റ് പാസാകാൻ ഇനി ‘ചില്ലറ’ പോരാ; ഫീസ് നിരക്ക് കുത്തനെ വർധിപ്പിച്ചു

അറിയാം പുതുക്കിയ നിരക്കുകൾ

MediaOne Logo

Web Desk

  • Updated:

    2025-11-19 10:04:02.0

Published:

19 Nov 2025 2:14 PM IST

വാഹനത്തിന് 10 വർഷം കഴി​ഞ്ഞോ ? ഫിറ്റ്നസ് ടെസ്റ്റ് പാസാകാൻ  ഇനി ‘ചില്ലറ’  പോരാ; ഫീസ് നിരക്ക് കുത്തനെ വർധിപ്പിച്ചു
X

ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്രം. വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി ഉയര്‍ത്തിയതായി കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ കാലപ്പഴക്കവും കാറ്റഗറിയും പരിഗണിച്ചായിരിക്കും ഫിറ്റ്‌നസ് ചാര്‍ജ് ഈടാക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ചയാണ് കേന്ദ്രം പുറത്തിറക്കിയത്. മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ കാലപ്പഴക്കത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് തരങ്ങളായി തിരിച്ചാണ് വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. 10 മുതല്‍ 15 വര്‍ഷം, 15 മുതല്‍ 20 വര്‍ഷം, 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികള്‍. മോട്ടോര്‍സൈക്കിള്‍, മൂന്ന് ചക്രവാഹനങ്ങള്‍, എല്‍എംവി, മീഡിയം- ഹെവി വാഹനങ്ങള്‍ എന്നിവയ്ക്കും പുതിയ ഭേദഗതി ബാധകമാകും. വാഹനത്തിന്റെ പഴക്കമനുസരിച്ച് ഫീ ഈടാക്കാനാണ് തീരുമാനം.

15 വര്‍ഷം വരെയ്ക്കും പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ മോട്ടോര്‍സൈക്കിളിന് 400 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്കും എല്‍എംവിക്കും 600 രൂപയുമായിരിക്കും. മീഡിയം- ഹെവി വാഹനങ്ങള്‍ക്ക് 1000 രൂപയുമാണ് പുതുക്കിയ ഫിറ്റ്‌നസ് ടെസ്റ്റ് ഫീ.

15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളില്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് 500 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 1300 രൂപയുമാണ് ഫീ ഈടാക്കുക. ഹെവി വാഹനങ്ങള്‍ക്ക് 1500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.

20 വര്‍ഷത്തിലേറെയുള്ള വാഹനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഫീ ഈടാക്കിക്കൊണ്ട് ഭേദഗതിയിലുള്ളത്. ഇത്രയും പഴക്കമുള്ള വാഹനങ്ങളില്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് 1000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്കും എല്‍എംവിക്കും 2000 രൂപയും മീഡിയം ചരക്കുവാഹനങ്ങള്‍ക്ക് 2600 രൂപയുമായിരിക്കും ഫിറ്റ്‌നസ് ടെസ്റ്റ് ഫീ. ഹെവി വാഹനങ്ങള്‍ക്ക് 3000 രൂപയും ഈടാക്കും.

TAGS :

Next Story