Quantcast

ഡൽഹി വംശീയവേട്ടക്ക് അഞ്ചാണ്ട്; കലാപത്തീയിൽ നീതിലഭിക്കാതെ ജനത

53 പേർക്ക് ജീവൻ നഷ്ടമാവുകയും 500​ ​ലേറെ പേർക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്ത കലാപത്തീയിൽ നീതിലഭിക്കാതെ നീറുകയാണ് അഞ്ചാണ്ടിനിപ്പുറവും ആ ജനത

MediaOne Logo

Web Desk

  • Updated:

    2025-02-28 16:24:14.0

Published:

26 Feb 2025 9:31 AM IST

ഡൽഹി വംശീയവേട്ടക്ക് അഞ്ചാണ്ട്; കലാപത്തീയിൽ നീതിലഭിക്കാതെ ജനത
X

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്താരംഭിച്ച സമരത്തിന് നേരെ ആസൂത്രിതമായി ആക്രമം അഴിച്ചുവിട്ട് നടത്തിയ വംശീയഹത്യക്ക് അഞ്ചാണ്ട്. 2020 ​ഫെബ്രുവരി 23 മുതൽ 26 വരെയുള്ള മൂന്ന് ദിവസം കൊണ്ട് വടക്കു കിഴക്കൻ ഡൽഹിയിൽ കലാപകാരിക​ൾ സമരത്തിനിറങ്ങിയവരെ കൊന്നൊടുക്കുകയും വീടുകളും കച്ചവടസ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്തു.

53 പേർക്ക് ജീവൻ നഷ്ടമാവുകയും 500​ ​ലേറെ പേർക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്ത കലാപത്തീയിൽ നീതിലഭിക്കാതെ നീറുകയാണ് അഞ്ചാണ്ടിനിപ്പുറവും ആ ജനത. നൂറൂകണക്കിന് വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തകർക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോയ സമരക്കാർക്കെതിരെ ബിജെപി നേതാവും പുതിയ ഡൽഹി സർക്കാരിൽ മ​ന്ത്രിയുമായ കപിൽ ശർമ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് വംശീയാതിക്രമം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദിൽ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ പൊലീസിനാകുന്നില്ലെങ്കിൽ തന്റെ നേതൃത്വത്തിൽ സമരക്കാരെ കൈകാര്യം ചെയ്യുമെന്ന വിഡിയോ കപിൽ മിശ്ര പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിന് പിന്നാലെയാണ് സമരക്കാ​ർക്കെതിരെയും ഒരുവിഭാഗം ​ജനങ്ങളെ തിരഞ്ഞുപിടിച്ചും ആക്രമണങ്ങൾ ഉണ്ടായത്.

ആൾക്കൂട്ട ആക്രമണത്തിനൊപ്പം വീടുകൾ തീവെച്ചും കച്ചവടസ്ഥാപനങ്ങൾ കൊള്ളയടിച്ചും ആസൂത്രിതമായാണ് അക്രമകാരികൾ കലാപത്തിന്​ നേതൃത്വം നൽകിയത്. വീടുകളും കച്ചവടസ്ഥാപനങ്ങളും സ്കൂളുകളും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. അഞ്ച് വർഷത്തിനിപ്പുറവും കലാപത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല. ഡൽഹിൽ പൊലീസ് രജിസ്റ്റർ ചെയ്ത 757 എഫ്ഐറുകളിൽ 53 മരണങ്ങളാണുള്ളത്. 2619 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ ഭൂരിപക്ഷം പേരും ഇരകളായ മുസ്‍ലിംകളാണ് പ്രതികളായതെന്നും കണക്കുകൾ പുറത്തുവന്നിരുന്നു. എന്നാൽ 414 കേസുകളിൽ മാത്രമാണ് കുറ്റ പത്രം സമർപ്പിച്ചിട്ടുള്ളു. 2098 പേർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. 18 ​പേർക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.

കലാപം,തീവെപ്പ്, അക്രമം, കവർച്ച, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയയിൽ വടക്കുകിഴക്കൻ പൊലീസ് 695 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 368 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 61 കേസുകൾ ക്രൈംബ്രാഞ്ചും ഒരു കേസ് സ്​പെഷ്യൽ സെല്ലുമാണ് അന്വേഷിക്കുന്നത്. 109 കേസുകളിൽ കോടതിവിധി വന്നപ്പോൾ 91 പേരെ വെറുതെവിട്ടപ്പോൾ 19 ​പേരെ മാത്രമാണ് കുറ്റക്കാരെന്ന് വിധിച്ചത്. പലകേസുകളിലും സാക്ഷികളുടെയും പൊലീസിന്റെയും മൊഴികളിൽ വൈരുധ്യമു​ണ്ടെന്ന് ക​ണ്ടെത്തിയാണ് കോടതി വെറുതെവിട്ടത്.

എന്നാൽ കലാപകാരികൾക്കൊപ്പം പൊലീസുകാ​രും തങ്ങളെ​ വേട്ടയാടാനു​ണ്ടായിരുന്നുവെന്ന് പരിക്കേറ്റവരും ഇരകളും പരാതിയുമായി രംഗത്തുവന്നിരുന്നു. കാലപകാരികളുടെ ക്രൂരമായ അക്രമത്തിന് ഇരയായ അഞ്ച് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് നിർബന്ധിച്ച് വന്ദേമാതരം ചൊല്ലാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല. പൊലീസിനെ ഭീഷണിപ്പെടുത്തുകയും കാലാപത്തിന് കാരണമായ വർഗീയ പ്രസംഗം നടത്തിയ കപിൽ ശർമക്കെതിരായ കേസുകളും എങ്ങുമെത്തിയിട്ടില്ല.

അതേസമയം, കലാപ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഉമർ ഖാലിദ്, ഗുലിഫ്ഷ ഫാത്തിമ, ഷർജീൽ ഇമാം, ഖാലിദ് സൈഫി, മീരൻ ഹൈദർ, അത്തർ ഖാൻ, ഷിഫ ഉർ റഹ്മാൻ തുടങ്ങിയവരെ യുഎപിഎ പ്രകാരം ജയിലിലടയ്ക്കപ്പെടുകയും ജാമ്യാപേക്ഷകൾ അനന്തമായി പരിഗണിക്കാതെ മാറ്റിവെക്കുകയാണ്.

ഇന്ത്യൻ ഭരണകൂടം യുഎപിഎ അടക്കമുള്ള കരിനിയമങ്ങൾ ചുമത്തി വിദ്യാർത്ഥി നേതാക്കളെയും സാമൂഹികപ്രവർത്ത​കരെയും വേട്ടയാടിയെന്നും അതേസമയം, അക്രമത്തിന് പ്രേരിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കൾക്കും അനുയായികൾക്കുമെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും 2022 ലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണങ്ങൾ പക്ഷപാതപരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കപ്പെട്ടു. മിക്ക കേസുകളിലും പ്രതികൾ ഇരകളായ മുസ്‍ലിംകൾ ആണെന്നും, കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തിയെന്നും യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്രരായി പുറത്തുനിൽക്കുകയാണെന്ന റിപ്പോർട്ട് വലിയ ചർച്ചക്കിടയാക്കിയിരുന്നു.

കലാപബാധിത കുടുംബങ്ങൾ തങ്ങൾക്ക് നീതികിട്ടിയില്ലെന്ന് പരാതികൾ ഉയർത്തുകയും സാമൂഹികസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡൽഹി ഹൈക്കോടതി ഒരു കമ്മീഷനെ നിയമിച്ചിരുന്നു. രജിസ്റ്റർ ചെയ്ത 2,569 കേസുകളിൽ 1,425 എണ്ണത്തിൽ മാത്രമാണ് കമീഷ​ന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്, ബാക്കി 1234 കേസുകൾ ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.

അക്രമത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുന്നതിൽ അന്നത്തെ ആം ആദ്മി പാർട്ടി സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപണം ഉയർന്നിരുന്നു. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയ്ക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകിയപ്പോൾ, കൊല്ലപ്പെട്ട സാധാരണക്കാരായ മുതിർന്നവർക്ക് 10 ലക്ഷം രൂപയും കുട്ടികൾക്ക് 5 ലക്ഷം രൂപയും മാത്രമാണ് നൽകിയത്.

TAGS :

Next Story