കേന്ദ്രബജറ്റിൽ കാതോർത്ത് രാജ്യം; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത
പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു

ഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ഇതോടെ തുടര്‍ച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തമാകും. പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ ഇളവ് ഇത്തവണ പ്രതീക്ഷിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ.
ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമലക്ക് നൽകിയിട്ടുണ്ട്. ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി മറികടക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ മൂന്നാം മോദി സർക്കാരിന്‍റെ കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിഗണനക്കുള്ള നീണ്ട പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽവെച്ചിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം പരിഹരിക്കാനുള്ള പ്രത്യേക സാമ്പത്തിക സഹായം വേണമെന്നതടക്കമുള്ളതാണ് കേരളത്തിന്‍റെ ആവശ്യം.
ബിജെപി സർക്കാരിന്‍റെ ബജറ്റുകളിൽ കാലങ്ങളായി കേരളത്തെ അവഗണിക്കുകയാണെന്ന പരാതി ഇടതുമുന്നണിക്കും സർക്കാരിനുമുണ്ട്. ഇത്തവണ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നൽകിയ കത്തിൽ 29 ആവശ്യങ്ങളാണ് അക്കമിട്ട് നിരത്തുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനം, 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കാനും നെല്ല് സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധനസഹായം തുടങ്ങിയവ പ്രധാന ആവശ്യങ്ങളാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ എയിംസ് ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകുമോ എന്നത് ആകാക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എയിംസ് പ്രഖ്യാപിച്ചാൽ കേരളത്തിലെവിടെയാരിക്കുമെന്നതും കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
കേരളത്തിലെ അതിവേഗ റെയിൽവെ പാത വൈകുന്നത് മുഖ്യമന്ത്രി തന്നെ ചർച്ചയാക്കിയ സാഹചര്യത്തിൽ ഇതുസംബന്ധിച്ചുള്ള എന്ത് പ്രഖ്യാപനമുണ്ടാകുമെന്നതും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
Adjust Story Font
16

