Quantcast

ബംഗാള്‍ റെയില്‍വേ സ്റ്റേഷനുകളിലെ കച്ചവടക്കാരെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്ന നടപടി; മനുഷ്യത്വരഹിതമെന്ന് ലോക്‌സഭാ എംപി സുദാമ പ്രസാദ്

റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തെഴുതിയാണ് സുദാമ വിഷയത്തിൽ പ്രതികരിച്ചത്

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-06-05 06:16:45

Published:

5 Jun 2026 8:36 AM IST

ബംഗാള്‍ റെയില്‍വേ സ്റ്റേഷനുകളിലെ കച്ചവടക്കാരെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്ന നടപടി; മനുഷ്യത്വരഹിതമെന്ന് ലോക്‌സഭാ എംപി സുദാമ പ്രസാദ്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി നിര്‍ത്തിവെക്കണമെന്ന് സിപിഐ(എംഎല്‍) ലിബറേഷന്‍ ലോക്‌സഭാ എംപി സുദാമ പ്രസാദ്. പുനരധിവാസം ഉറപ്പുനല്‍കാതെ കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തരുതെന്നും സുദാമ പ്രസാദ് പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയാണ് സുദാമ വിഷയത്തില്‍ ഇടപെട്ടത്.

നിലവില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട കച്ചവടക്കാര്‍ക്ക് ബദല്‍ സെല്ലിങ് സോണുകള്‍ ഒരുക്കണമെന്നും സുദാമ ആവശ്യപ്പെട്ടു. ഹൗറ, സീല്‍ഡ, ഡാം ഡാം സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടക്കുന്നതിനിടെയാണ് റെയില്‍വേ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയായ സുദാമയുടെ ഇടപെടല്‍.

സ്റ്റേഷന്‍ പരിസരങ്ങള്‍ വൃത്തിയാക്കുന്നതിനും യാത്രക്കാര്‍ക്കുള്ള സേവനം മെച്ചപ്പെടുന്നതിനുമായി നൂറുകണക്കിന് കച്ചവടക്കാരെയാണ് റെയില്‍വേ അധികൃതര്‍ ഒഴിപ്പിച്ചത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ കച്ചവടക്കാരെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. ഇത്തരം നടപടികള്‍ മനുഷ്യത്വരഹിതവും ഏകപക്ഷീയവുമാണെന്നും സുദാമ പറഞ്ഞു.

യാത്രക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ സേവനം നല്‍കുന്ന കച്ചവടക്കാരെയാണ് റെയില്‍വേ അധികൃതര്‍ ചേര്‍ന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചായക്കടക്കാര്‍, പുസ്തക വില്‍പനക്കാര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സാധാരണക്കാരും സ്ത്രീകളും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരുമാണ് ഇത്തരത്തില്‍ റെയില്‍വേയെ ആശ്രയിച്ച് കഴിയുന്നത്.

ദുരിതബാധിതരായ കുടുംബങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടരുത്. വികസനത്തിന്റെ പേരില്‍ സാധാരണക്കാരായ കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നവര്‍, റെയില്‍വേ വാണിജ്യം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും സുദാമ പ്രസാദ് ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ റെയില്‍വേ മന്ത്രാലയം ഉടന്‍ ഇടപെടണം. ഒഴിപ്പിക്കല്‍ നടപടിക്ക് വിധേയരായ കച്ചവടക്കാര്‍ക്ക് വേണ്ടി ഒരു സമഗ്രനയം രൂപീകരിക്കണം. കൂടാതെ വഴിയോര കച്ചവടക്കാരുടെ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കണ്‍സള്‍ട്ടേറ്റീവ് സമിതി രൂപീകരിക്കുകയും വേണം. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉപജീവനത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും സുദാമ പറഞ്ഞു.

ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം വ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഒഴിപ്പിക്കല്‍ നടപടി അതിന്റെ ഭാഗമാണെന്ന് ബംഗാളിലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിച്ചു.

TAGS :

Next Story