മകന്റെ ജീവൻ രക്ഷിക്കാൻ പുലിയെ കൊന്നു; കേസെടുത്ത് വനം വകുപ്പ്
അരിവാളും കുന്തവും ഉപയോഗിച്ചാണ് പിതാവ് പുലിയെ നേരിട്ടത്

- Published:
30 Jan 2026 8:39 PM IST

ഗാന്ധിനഗർ: മകന്റെ ജീവൻ രക്ഷിക്കാൻ കുന്തവും അരിവാളും ഉപയോഗിച്ച് പുലിയെ കൊന്ന 60 കാരനായ അച്ഛനാണ് സമൂഹമാധ്യമങ്ങലിലെ താരം. ഗിർ സോമനാഥിലെ ഗാംഗ്ഡ ഗ്രാമത്തിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
വീട്ടിലെ ഷെഡിൽ വിശ്രമിക്കുകയായിരുന്ന ബാബുഭായിയെ പുള്ളിപ്പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.ബാബുഭായിയുടെ കരച്ചിൽ കേട്ടാണ് മകൻ ശർദുൽ വീടിന് പുറത്തേക്ക് ഓടിയെത്തിയത്. ശർദുലിനെ കണ്ടതോടെ ബാബു ഭായിയെ വിട്ട പുലി ശർദുലിനെ പിടികൂടുകയായിരുന്നു. മകന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ബാബുഭായ് ഷെഡിന് സമീപം ഉണ്ടായിരുന്ന അരിവാളും കുന്തവും ഉപയോഗിച്ച് പുലിയെ ആക്രമിക്കുകയായിരുന്നു. പുലി രണ്ടു പേരെയും മാറി-മാറി ആക്രമിച്ചെങ്കിലും ഒടുവിൽ ബാബുഭായ് പുലിയെ കൊല്ലുകയായിരുന്നു. ആക്രമണത്തിൽ പിതാവിനും മകനും തലയിലും കൈകളിലും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യം ഉനയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
വിവരം അറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വന്യജീവിയെ കൊലപ്പെടുത്തിയതിന് ബാബുഭായിക്കും മകൻ ശർദുലിനുമെതിരെ വനവകുപ്പ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16
