Quantcast

രാമനവമി സംഘർഷം; ബിഹാറിൽ മുൻ ബിജെപി എം.എൽ.എ അറസ്റ്റിൽ

സംഘർഷങ്ങളിൽ ഇയാളുടെ പങ്കിനുള്ള തെളിവുകൾ പുറത്തുവന്ന ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 April 2023 1:06 PM GMT

Former BJP MLA Arrested in Bihar on Ram Navami Violence
X

പട്ന: ബിഹാറിൽ രാമനവമി ദിവസമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മുൻ ബിജെപി എം.എൽ.എ അറസ്റ്റിൽ. സസാറാമിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ജവഹർ പ്രസാദിനെയാണ് റോഹ്താസ് ജില്ലാ ഭരണകൂടം അറസ്റ്റ് ചെയ്തത്.

സംഘർഷങ്ങളിൽ ജവഹർ പ്രസാദിന്റെ പങ്കിനുള്ള തെളിവുകൾ പുറത്തുവന്നതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ പകപോക്കൽ ആരോപണത്തെ തള്ളിപ്പറഞ്ഞ നിതീഷ് കുമാർ, അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ രാഷ്ട്രീയ ബന്ധങ്ങൾ നോക്കാതെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു.

അതേസമയം, പ്രസാദിന്റെ അറസ്റ്റിനെതിരെ ബിജെപി രം​ഗത്തെത്തി. രാമനവമി ഘോഷയാത്രയെ തുടർന്നുണ്ടായ അക്രമങ്ങളിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ മാത്രമാണ് പ്രസാദിനെ അറസ്റ്റ് ചെയ്തതെന്ന് മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ആരോപിച്ചു.

സുശീൽ കുമാർ മോദിയുടെ ആരോപണങ്ങളോട് പ്രതികരിച്ച ജെഡിയു എംഎൽസി ഖാലിദ് അൻവർ, സസാറാം അക്രമവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റുകളെല്ലാം പ്രതികളുടെ പങ്കാളിത്തം വ്യക്തമായി സ്ഥിരീകരിച്ചതിന് ശേഷമാണെന്ന് അറിയിച്ചു.

ക്രമസമാധാന ലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി വിദ്വേഷം വളർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനായി ബിജെപി വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദും കുറ്റപ്പെടുത്തി.

രാമനവമി ദിനത്തിൽ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയ്ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വ്യാപക ആക്രമണമാണ് നടന്നത്. മദ്രസകൾക്കും പള്ളികൾക്കും ഇസ്‌ലാമിക ലൈബ്രറികൾക്കും നേരെ ആക്രമണം നടത്തിയ ഹിന്ദുത്വവാദികൾ അവയ്ക്ക് തീവയ്ക്കുകയും ചെയ്തിരുന്നു. നിരവധി മുസ്‌ലിങ്ങളുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.

ബിഹാറിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനായി 457 പേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഗൂഢാലോചനകൾ നടത്തിയെന്നും ഇതിനു പിന്നിൽ ബജ്‌റംഗ്ദൾ കൺവീനർ കുന്ദൻ കുമാറാണെന്നും എ.ഡി.ജി.പി ജിതേന്ദ്ര സിങ് ഗവാർ പറഞ്ഞിരുന്നു.

നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിൽ രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് നടന്ന അതിക്രമങ്ങൾക്ക് മുന്നോടിയായുള്ള ​ഗൂഡാലോചനയാണ് വാട്ട്സ്ആപ്പ് ​ഗ്രൂപ്പിൽ നടന്നത്. ആ ദിവസങ്ങളിൽ നടത്തേണ്ട ആക്രമണങ്ങളെ കുറിച്ചുള്ള ആസൂത്രണവും ഗൂഢാലോചനയും ഈ ​ഗ്രൂപ്പിലാണ് നടന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ബിഹാർ ഷരീഫിൽ മാത്രമല്ല, മറ്റിടങ്ങളിലും ഇത്തരത്തിൽ ആക്രമണങ്ങൾ നടന്നു. ഇത് പൊടുന്നനെ ഉണ്ടായ അക്രമങ്ങളല്ലെന്നും കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ ഉണ്ടായിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടി. അതിനാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ 140പേരെ അറസ്റ്റ് ചെയ്യുകയും 15 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. മാർച്ച് 31നായിരുന്നു ബിഹാർ ഷരീഫിലെ പള്ളികൾക്കും മദ്രസകൾക്കും വീടുകൾക്കും നേരെയുൾപ്പെടെ ആക്രമണം നടന്നത്. ആയി‌രത്തോളം വരുന്ന ഹിന്ദുത്വ സംഘം മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു.

4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായി. മസ്ജിദിന്റെ മിനാരം തകർത്ത ഹിന്ദുത്വ അക്രമികൾ മദ്രസയിൽ കയറി കല്ലെറിയുകയും ചെയ്തു. മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തെന്നും ഇമാം പറഞ്ഞിരുന്നു.



Also Read:രാമനവമി സംഘര്‍ഷം; ബിഹാറില്‍ ജയ് ശ്രീറാം വിളിച്ചെത്തിയവര്‍ മദ്രസ തകര്‍ത്തു, 110 വർഷം പഴക്കമുള്ള ലൈബ്രറിക്ക് തീയിട്ടു



TAGS :

Next Story