മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ, ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്

- Published:
28 Jan 2026 1:53 PM IST

വഡോദര: അമിത വേഗതയില്‍ ഓടിച്ച കാര്‍, മൂന്നു വാഹനങ്ങളില്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍.
ഗുജറാത്തിലെ വഡോദരയിൽ നടന്ന സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) ആണ് അറസ്റ്റിലായത്.
മദ്യലഹരിയിലായിരുന്ന താരം അമിതവേഗതയില്‍ കാര്‍ ഓടിച്ച് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളില്‍ ഇടിച്ചുകയറിയതായി പൊലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.30ഓടെ തന്റെ ആഡംബര എസ്‌യുവി കാറില്‍ വസതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അക്കോട്ട പ്രദേശത്തെ പുനിത് നഗര്‍ സൊസൈറ്റിക്ക് സമീപം വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് നിയന്ത്രണം വീട്ട കാര്‍ ഇടിച്ചുകയറിയത്. ഇവയ്ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
‘അയാൾ മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ബിഎൻഎസ്, മോട്ടർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും അടക്കം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആർക്കും പരുക്കുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.’’– പൊലീസ് പറഞ്ഞു.
രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ, ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം.
Adjust Story Font
16
