Quantcast

'യു.പിയില്‍ ഭരണകൂടം നടത്തുന്ന മുസ്‌ലിംവേട്ടയിൽ ഇടപെടണം; സ്വമേധയാ കേസെടുക്കണം'; ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാരും അഭിഭാഷകരും

മുൻ സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസുമാരായ ബി. സുദർശൻ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ ഗാംഗുലി, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർപേഴ്‌സനുമായ ജസ്റ്റിസ് എ.പി ഷാഹ് അടക്കമുള്ള പ്രമുഖരാണ് ചീഫ് ജസ്റ്റിസ് എ.വി രമണയ്ക്ക് കത്തെഴുതിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-14 10:59:06.0

Published:

14 Jun 2022 10:10 AM GMT

യു.പിയില്‍ ഭരണകൂടം നടത്തുന്ന മുസ്‌ലിംവേട്ടയിൽ ഇടപെടണം; സ്വമേധയാ കേസെടുക്കണം; ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാരും അഭിഭാഷകരും
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിംവേട്ടയ്‌ക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും. പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധം നടത്തിയെന്ന പേരിൽ നടക്കുന്ന നിയമവിരുദ്ധമായ വ്യാപക അറസ്റ്റിലും മുസ്‌ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടിയിയിലും കോടതി സ്വമേധയാ ഇടപെടണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്കാണ് പ്രമുഖരായ മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും ചേർന്ന് കത്തെഴുതിയിരിക്കുന്നത്.

ഉത്തർപ്രദേശിൽ അടുത്തിടെയായി ഭരണകൂടവൃത്തങ്ങൾ നടത്തുന്ന അതിക്രമത്തിലും അടിച്ചമർത്തലിലും കോടതി സ്വമേധയാ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ചില ബി.ജെ.പി വക്താക്കൾ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഉത്തർപ്രദേശിലടക്കം രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ കേൾക്കാൻ കൂട്ടാക്കുകയോ സമാധാനപരമായി പ്രതിഷേധങ്ങൾ നടത്താൻ അനുവദിക്കുകയോ ചെയ്യുന്നതിനു പകരം അത്തരം വ്യക്തികൾക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളാൻ അനുമതി നൽകുകയാണ് യു.പി ഭരണകൂടം ചെയ്തിരിക്കുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തി.

''ഭാവിയിൽ ഒരാളും നിയമം കൈയിലെടുക്കുകയോ കുറ്റകൃത്യങ്ങൾ നടത്തുകയോ ചെയ്യാത്ത തരത്തിൽ മാതൃകാപരമാകുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി(യോഗി ആദിത്യനാഥ്) ഔദ്യോഗികമായി തന്നെ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായി പ്രതിഷേധം നടത്തിയെന്നു കണ്ടെത്തിയവർക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമവും 1986ലെ ഉത്തർപ്രദേശ് ഗുണ്ടാ-സാമൂഹികവിരുദ്ധ പ്രവർത്തനം(തടയൽ) നിയമവും ചുമത്തണമെന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി. ഈ പരാമർശങ്ങളാണ് ക്രൂരമായും നിയമവിരുദ്ധമായും പ്രതിഷേധക്കാരെ വേട്ടയാടാൻ പൊലീസിന് കരുത്തുനൽകിയത്''

യോഗിയുടെ ഉത്തരവനുസരിച്ച് യു.പി പൊലീസ് 300ലേറെ പേരെയാണ് അറസ്റ്റ് ചെയ്തതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിൽ യുവാക്കളെ ലാത്തികൊണ്ട് അടിക്കുന്നതിന്റെയും, കാരണമോ നോട്ടീസോ കാണിക്കാതെ പ്രതിഷേധക്കാരുടെ വീടുകൾ തകർക്കുന്നതിന്റെയും, ന്യൂനപക്ഷ മുസ്‌ലിം വിഭാഗാത്തിൽനിന്നുള്ള പ്രതിഷേധക്കാരെ പൊലീസ് പിന്തുടർന്ന് മർദിക്കുന്നതിന്റെയുമെല്ലാം വിഡിയോ ദൃശ്യങ്ങൾ രാജ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിയമവാഴ്ചയുടെ അംഗീകരിക്കാനാകാത്ത അട്ടിമറിയും, പൗരാവകാശങ്ങളുടെയും രാജ്യം നൽകുന്ന ഭരണഘടനാ, മൗലികാവകാശങ്ങളുടെ ലംഘനവുമാണ് അത്തരം ഭരണകൂട വേട്ടകൾ. പൊലീസിന്റെയും വികസന അതോറിറ്റികളുടെയും നടപടികളുടെ സമാനരീതിയിൽനിന്ന് എക്‌സ്ട്രാ ജുഡീഷ്യൽ ശിക്ഷാനടപടികളുടെ ഭാഗമാണ് ആ വിധ്വംസന പ്രവർത്തനങ്ങളെന്നാണ് മനസിലാകുന്നതെന്നും അഭിഭാഷകർ വ്യക്തമാക്കി.

ഇത്തരം നിർണായക ഘട്ടങ്ങളിലാണ് നീതിന്യായ വ്യവസ്ഥയുടെ ആർജവം പരീക്ഷിക്കപ്പെടുന്നത്. സമീപകാലത്തടക്കം നിരവധി തവണ നീതിന്യായ വ്യവസ്ഥ ഇത്തരം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. പൗരാവകാശങ്ങളുടെ സംരക്ഷകരായി കോടതി മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. പെഗാസസ്, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത നടപടികൾ അത്തരം ചില ഉദാഹരണങ്ങളാണ്. ഇതേ വീര്യത്തോടെ, ഭരണഘടനാ സംരക്ഷരെന്ന നിലയ്ക്കു തന്നെ, ഉത്തർപ്രദേശിൽ ക്രമസമാധാനനില തകർക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കം കോടതി സ്വമേധയാ നടപടിയെടുക്കണം. പ്രത്യേകിച്ചും പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരപരമായ നടപടികൾക്കെതിരെയും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ക്രൂരമായ ലംഘനങ്ങൾക്കെതിരെയും നടപടിയെടുക്കണം. കോടതി സാഹചര്യത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷയെന്നും കത്തിൽ കൂട്ടിച്ചേർത്തു.

മുൻ സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസുമാരായ ബി. സുദർശൻ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ ഗാംഗുലി, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർപേഴ്‌സനുമായ ജസ്റ്റിസ് എ.പി ഷാഹ്, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു, കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മുഹമ്മദ് അൻവർ, സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകരായ ശാന്തിഭൂഷൺ, ഇന്ദിരാ ജെയ്‌സിങ്, ചന്ദർ ഉദയ് സിങ്, പ്രശാന്ത് ഭൂഷൺ, ആനന്ദ് ഗ്രോവർ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

Summary: Former judges and advocates write to Supreme Court for suo moto action against bulldozing of Muslim residences, alleged illegal detentions in UP over Prophet row

TAGS :

Next Story