Quantcast

തമിഴ്നാട് ബിജെപിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മുൻ എംഎൽഎ എ.ജി സമ്പത്തും പാർട്ടി വിട്ടു, ടിവികെയിൽ ചേരും

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജ്, സെക്രട്ടറി സുമതി വെങ്കടേഷ് എന്നിവരും രാജിവെച്ചിരുന്നു

MediaOne Logo
തമിഴ്നാട് ബിജെപിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മുൻ എംഎൽഎ എ.ജി സമ്പത്തും പാർട്ടി വിട്ടു, ടിവികെയിൽ ചേരും
X

ചെന്നൈ: കെ. അണ്ണാമലൈക്ക് പിന്നാലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ എ.ജി സമ്പത്തും പാർട്ടി വിട്ടു. മുതിർന്ന നേതാവ് കൂടിയായ എ.ജി സമ്പത്ത് വരും ദിവസങ്ങളിൽ ടിവികെ (തമിഴക വെട്രി കഴകം)യിൽ ചേരുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജ്, സെക്രട്ടറി സുമതി വെങ്കടേഷ് എന്നിവർ രാജിവെച്ചിരുന്നു.

ബിജെപിക്കുള്ളിൽ ജനാധിപത്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ജി സമ്പത്ത് രാജിവെച്ചത്. ജനങ്ങളുടെ താത്‌പര്യങ്ങൾക്ക് അനുസൃതമായി ബിജെപിക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അണ്ണാമലൈയെ മാത്രമല്ല പാർട്ടിയിലെ പല നേതാക്കളെയും സംവിധാനങ്ങളെയും നേതൃത്വം അവഗണിച്ചു. തമിഴ്‌നാടിന്റെ വികസനവും ക്ഷേമവും ആഗ്രഹിച്ചാണ് താൻ ബിജെപിയിൽ ചേർന്നതെന്നും എ.ജി സമ്പത്ത് പ്രതികരിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്കൊപ്പമുണ്ടെന്നും ആരും പാർട്ടി വിടരുതെന്നും നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അഭ്യർത്ഥിച്ചിരുന്നു. പാർട്ടിവിട്ട ശേഷം പുതിയ പ്രസ്ഥാനം രൂപീകരിക്കുമെന്ന അണ്ണാമലൈയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു നാഗേന്ദ്രന്റെ പ്രതികരണം.

അണ്ണാമലൈ രൂപീകരിക്കുന്ന പാർട്ടി ബിജെപിക്ക് തടസമാകില്ല. കാരണം ബിജെപി വലിയൊരു പാർട്ടിയാണ്. സംഘടനയിൽ നിന്ന് രാജിവെച്ച് പോകുന്ന സാഹചര്യം നല്ലൊരു പ്രവർത്തകന് ചേർന്ന രീതിയല്ല. പല ഘട്ടങ്ങളിലും പാർട്ടിവിട്ട നേതാക്കൾ വീണ്ടും പ്രസ്ഥാനത്തിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും നാഗേന്ദ്രൻ പറഞ്ഞു.

ഇതിനിടെ, പനയൂർ ടിവികെ ഓഫീസിന് മുമ്പിൽ ഇന്നലെയുണ്ടായ ജനപ്രവാഹം വലിയ ചർച്ചയായിരുന്നു. മുൻ എഐഎഡിഎംകെ എംഎൽഎമാർ അടക്കം നിരവധി ആളുകൾ പാർട്ടിയിൽ ചേരാൻ എത്തിയാണ് ആൾക്കൂട്ടത്തിന് കാരണമായത്.

നിലവിൽ ബിജെപിയിൽ നിന്നും രാജിവെച്ച കാരു നാഗരാജ്, സുമതി വെങ്കടേഷ് എന്നിവരുടെ ഭാവി രാഷ്ട്രീയ തീരുമാനങ്ങൾ വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിൽ നിന്നും കൂടുതൽ നേതാക്കൾ ടിവികെയിൽ എത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

TAGS :

Next Story