Quantcast

''നാല് ദിവസം, അഞ്ച് സംസ്ഥാനങ്ങൾ, 1800 കിലോമീറ്റർ'': അറസ്റ്റ് ഒഴിവാക്കാൻ സാഹിലിന്റെ 'പെടാപാട്'

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെയാണ് താരത്തിന്റെ വണ്ടി പോയിരുന്നത്

MediaOne Logo

Web Desk

  • Published:

    29 April 2024 7:02 AM GMT

Sahil Khan
X

മുംബൈ: മഹാദേവ് വാതുവെപ്പ് കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ നടൻ സാഹിൽ ഖാൻ നടത്തിയത് സാഹസിക യാത്ര. നാല് ദിവസം കൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ സഞ്ചരിച്ച സാഹിൽ പിന്നിട്ടത് 1800 കിലോമീറ്റർ, എന്നിട്ടും അറസ്റ്റിലായി. മുംബൈയിൽ നിന്ന് മുങ്ങിയ സാഹിലിനെ അറസ്റ്റ് ചെയ്തത് ഛത്തീസ്ഗഢിലെ ജഗ്ദൽപൂരിൽ നിന്ന്.

ഏപ്രിൽ 25ന് മുൻകൂർ ജാമ്യാപേക്ഷ തളളിയതിനെ തുടർന്നാണ് സാഹിൽ 'സാഹസത്തിന്' മുതിർന്നത്. മഹാരാഷ്ട്രയിൽ നിന്ന് നേരെ പോയത് ഗോവയിലേക്ക്. അവിടെ നിന്നും കർണാടകയിലെ ഹുബള്ളിയൽ കുറച്ച് സമയം. പിന്നെ ഹൈദരാബാദിലേക്ക്. വേഷം മാറി മുഖം മറച്ചായിരുന്നു സാഹിലിന്റെ സഞ്ചാരങ്ങളത്രയും. സാഹിൽ ഹൈദരാബാദിൽ എത്തിയപ്പോൾ തന്നെ അന്വേഷണ സംഘത്തിന് ലൊക്കേഷൻ മനസിലായിരുന്നു. അവിടെ നിന്നാണ് താരം ഛത്തീസ്ഗഢിൽ എത്തുന്നത്.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെയാണ് താരത്തിന്റെ വണ്ടി പോയിരുന്നത്. രാത്രിയിൽ ആ റോഡുകളിലൂടെ വാഹനം ഓടിക്കാൻ ഡ്രൈവർ മടിച്ചിട്ടും അതുവഴി യാത്ര ചെയ്യാൻ നിര്‍ബന്ധിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും ജഗ്ദൽപൂരിലെ ആരാധ്യ ഇന്റര്‍നാഷണൽ ഹോട്ടലിൽ വെച്ച് താരത്തെ പിടികൂടുകയായിരുന്നു. 72 മണിക്കൂർ ഖാനെ, മുംബൈ പോലീസ് അശ്രാന്തമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു ഒടുവിലാണ് അറസ്റ്റിലേക്ക് എത്തിയത്. രണ്ട് മൊബൈൽ ഫോണുകളും പണവും നടനില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ താരത്തെ മെയ് 1 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് സാഹിൽ ഖാൻ. സ്റ്റൈൽ, എസ്ക്യൂസ് മി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. വാതുവയ്പ് ആപ്പ് വഴി 15,000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നടൻ ഉൾപ്പെടെ 32 പേർക്കെതിരെയാണ് അന്വേഷണം തുടരുന്നത്. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി, തുടങ്ങി 17 മുൻനിര താരങ്ങളും കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞവർഷമാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഈ ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി നിർദേശിച്ചിരുന്നു.

ഛത്തീസ്​ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽനിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. ഐ.പി.എൽ മത്സരങ്ങൾ, ഫുട്ബോൾ, ടെന്നീസ് തുടങ്ങി വിവിധ കായിക മത്സരങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രവര്‍ത്തനം. മത്സരഫലത്തിന്റെ അടിസ്ഥാനത്തിലും മറ്റുമാണ് വാതുവെക്കുക. എന്നാല്‍ ഉപയോക്താക്കളെ വിദഗ്ധമായി കബളിപ്പിച്ച് കമ്പനി കൊള്ളലാഭം കൊയ്യുകയായിരുന്നു. തുടക്കത്തിൽ പെട്ടെന്നുള്ള ലാഭത്തിലൂടെ ഉപയോക്താക്കളെ പാട്ടിലാക്കുകയും പിന്നാലെ കൂടുതല്‍ പണം നിക്ഷേപിക്കുന്നതോടെ ലാഭം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

തട്ടിപ്പില്‍ സാഹില്‍ ഖാന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആപ്പിനെ പ്രൊമോട്ട് ചെയ്തതും താരത്തെ സംശയത്തിലാക്കി. അതേസമയം അനധികൃത ഇടപാടുകൾക്കും വാതുവെപ്പ് പ്രവർത്തനങ്ങൾക്കുമായി മഹാദേവ് ആപ്പ് നിലവിൽ വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

TAGS :

Next Story