Quantcast

ലവ് ജിഹാദിന്റെ പേരിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾ തുറന്നുകാട്ടി ഫ്രാൻസ് 24 ഡോക്യുമെന്ററി

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യവ്യാപകമായി ലവ് ജിഹാദിന്റെ പേരിൽ നടക്കുന്ന വിദ്വേഷപ്രചാരണത്തെയും അതിക്രമങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി.

MediaOne Logo

Web Desk

  • Published:

    25 Jun 2023 6:12 AM GMT

France 24 documentray on love jihad
X

ലവ് ജിഹാദിന്റെ പേരിൽ സംഘ്പരിവാർ സംഘടനകൾ ഇന്ത്യയിൽ നടത്തുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണവും അതിക്രമങ്ങളും തുറന്നുകാട്ടി ഫ്രാൻസിന്റെ ഔദ്യോഗിക വാർത്താചാനലായ ഫ്രാൻസ് 24ന്റെ ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററിയും ഹിന്ദുത്വ പോപ് ഗായകരുടെ വിദ്വേഷപ്രചാരണത്തെക്കുറിച്ച് ജർമൻ ബ്രോഡ്കാസ്റ്റർമാരായ ഡി. ഡബ്ല്യു പുറത്തിറക്കിയ വീഡിയോ റിപ്പോർട്ടിന്റെയും പിന്നാലെയാണ് ഫ്രാൻസ് 24 ലവ് ജിഹാദ് ആരോപണത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.

ലവ് ജിഹാദിന്റെ പേരിൽ സംഘ്പരിവാർ നേതാക്കളും പ്രഗ്യാ സിങ് ഠാക്കൂർ അടക്കമുള്ള ബി.ജെ.പി എം.പിമാരും നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പെൺകുട്ടികളെ കാത്തുസൂക്ഷിക്കണമെന്നും വീട്ടിലെ കത്തികൾ മൂർച്ചകൂട്ടിവെക്കണമെന്നുമാണ് പ്രഗ്യാസിങ്ങിന്റെ വാക്കുകൾ. ലൗവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

ലവ് ജിഹാദ് ആരോപിച്ച് ഷഹബാസ് ഖാൻ എന്ന യുവാവിനെ ക്രൂരമായി മർദിച്ച ബജ്‌റംഗദൾ പ്രവർത്തകർ അഞ്ച് മാസത്തിനകം പുറത്തിറങ്ങിയെന്നും അവർക്ക് ബി.ജെ.പി നേതാക്കൾ നേരിട്ട് സ്വീകരണം നൽകുകയാണെന്നും ഡോക്യുമെന്ററിയിൽ പറയുന്നു. ലവ് ജിഹാദിന്റെ പേരിൽ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കാനായി നിരവധി വ്യാജ വീഡിയോകൾ പുറത്തിറക്കിയതിനെക്കുറിച്ചും ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്.

സഹോദര സമുദായത്തിൽപ്പെട്ട പെൺകുട്ടികളുമായി ഒരു കാപ്പി കുടിക്കുകയോ അവരുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയോ ചെയ്താൽ പോലും മുസ്‌ലിം യുവാക്കൾ ആക്രമിക്കപ്പെടുകയാണ്. യൂറോപ്പിലെ ഫാസിസ്റ്റ് സംഘടനകളുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട ആർ.എസ്.എസും അതിന്റെ യുവജനവിഭാഗമായ ബജ്‌റംഗദളും യുവാക്കൾക്ക് തോക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകുകയും വാളും തൃശൂലവും വിതരണം ചെയ്യുന്നുണ്ടെന്നുണ്ടെന്നും ഡോക്യുമെന്ററി പറയുന്നു.

TAGS :

Next Story