Quantcast

തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ കാരണം മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കാനാവില്ല, ഒരിക്കല്‍ തിരിച്ചുവരും; ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനേസ ഡഗ്നാക്ക് ഇന്ത്യ വിട്ടു

കണ്ണീരോടെയാണ് ഞാനിതെഴുന്നത്. ഇന്ന്, ഞാൻ ഇന്ത്യ വിടുകയാണ്, 25 വർഷം മുമ്പ് ഞാൻ ഒരു വിദ്യാർഥിയായി വന്ന് 23 വർഷം പത്രപ്രവർത്തകയായി ജോലി ചെയ്ത രാജ്യം

MediaOne Logo

Web Desk

  • Updated:

    2024-02-17 05:33:15.0

Published:

17 Feb 2024 11:02 AM IST

Vanessa Dougnac
X

വനേസ ഡഗ്നാക്ക്

ഡല്‍ഹി: ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം നോട്ടീസ് നല്‍കിയ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനേസ ഡഗ്നാക്ക് ഇന്ത്യ വിട്ടു. ഇന്ത്യയിൽ തുടരാനാവശ്യമായ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ തനിക്ക് നൽകിയ നോട്ടീസിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന നിയമനടപടികളുടെ ഫലത്തിനായി കാത്തിരിക്കാനാവില്ലെന്ന് വനേസ വ്യക്തമാക്കി.

കണ്ണീരോടെയാണ് താന്‍ ഇന്ത്യ വിടുന്നതെന്ന് ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളായ ലാ ക്രോയിക്‌സ്, ലെ പോയിൻ്റ്, സ്വിസ് പത്രമായ ലെ ടെംപ്‌സ്, ബെൽജിയൻ ദിനപത്രമായ ലെ സോയർ എന്നിവയുടെ സൗത്ത് ഏഷ്യ ലേഖിക കൂടിയായിരുന്ന വനേസ പ്രസ്താവനയില്‍ പറഞ്ഞു.

വനേസയുടെ വാക്കുകള്‍

കണ്ണീരോടെയാണ് ഞാനിതെഴുന്നത്. ഇന്ന്, ഞാൻ ഇന്ത്യ വിടുകയാണ്, 25 വർഷം മുമ്പ് ഞാൻ ഒരു വിദ്യാർഥിയായി വന്ന് 23 വർഷം പത്രപ്രവർത്തകയായി ജോലി ചെയ്ത രാജ്യം.ഞാൻ വിവാഹം കഴിച്ചതും എൻ്റെ മകനെ വളർത്തിയതും എൻ്റെ വീട് എന്ന് വിളിക്കുന്നതുമായ സ്ഥലം.ഇവിടെ നിന്നും പോകാന്‍ ഞാനൊരിക്കലും ഇഷ്ടപ്പെടുന്നില്ല. ഇന്ത്യാ ഗവണ്‍മെന്‍റ് എന്നെ പോകാന്‍ നിര്‍ബന്ധിതയാക്കുകയാണ്. മതിയായ കാരണങ്ങളോ ന്യായീകരണങ്ങളോ നല്‍കാതെ എന്നെ കേള്‍ക്കാതെ പതിനാറ് മാസം മുന്‍പ് ആഭ്യന്തര മന്ത്രാലയം ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ജോലി ചെയ്യാനുള്ള എന്‍റെ അവകാശം നിഷേധിച്ചു. അതിനുശേഷം, ഈ ഏകപക്ഷീയമായ നടപടിയുടെ വിശദീകരണത്തിനോ അവലോകനത്തിനോ വേണ്ടിയുള്ള എൻ്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളോട് മന്ത്രാലയം ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം എൻ്റെ ലേഖനങ്ങളും ദുരുദ്ദേശ്യപരവും ഇന്ത്യയുടെ പരമാധികാരത്തിൻ്റെയും അഖണ്ഡതയുടെയും താൽപര്യങ്ങള്‍ ഹനിക്കുന്നതാണെന്നും ആരോപിച്ച് എനിക്ക് ഒരു നോട്ടീസ് അയച്ചു. കൂടാതെ എൻ്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനും ആവശ്യപ്പെട്ടു.

എന്‍റെ ലേഖനങ്ങള്‍ പ്രകോപനമുണ്ടാക്കുന്നതും സമാധാനം തകര്‍ക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നു. ഇന്നെനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല. എനിക്ക് ഇന്ത്യയിൽ ജീവിക്കാനും ഉപജീവനമാർഗം കണ്ടെത്താനും കഴിയില്ലെന്ന് ബോധ്യമായി. യോഗ്യതയുള്ള ഫോറങ്ങൾക്ക് മുമ്പിൽ ഞാൻ ഈ ആരോപണങ്ങൾക്കെതിരെ പോരാടുകയാണ്, നിയമ നടപടികളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്നാല്‍ അതിന്‍റെ ഫലത്തിനായി കാത്തിരിക്കാനാവില്ല. എൻ്റെ ഒസിഐ സ്റ്റാറ്റസുമായി ബന്ധപ്പെട്ട നടപടികൾ എന്നെ തകർത്തു. പ്രത്യേകിച്ചും ഇപ്പോൾ ഒസിഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വിയോജിപ്പ് തടയാനുള്ള ഇന്ത്യൻ സര്‍ക്കാരിന്‍റെ വിപുലമായ ശ്രമത്തിൻ്റെ ഭാഗമായി ഞാൻ അവയെ കാണുന്നു. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നു. പക്ഷേ, ഞാൻ ഒരു പത്രപ്രവർത്തകയാണ്. എൻ്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു തൊഴിലാണ്, തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ കാരണം അത് ഉപേക്ഷിക്കാനാവില്ല.

എനിക്ക് പിന്തുണ നല്‍കിയ എല്ലാ വ്യക്തികൾക്കും സുഹൃത്തുക്കൾക്കും മാധ്യമപ്രവര്‍ത്തക സമൂഹത്തിലെ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. 23 വര്‍ഷം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തു. അതില്‍ അങ്ങേയറ്റം ഞാന്‍ നന്ദിയുള്ളവളാണ്. ഉപഭൂഖണ്ഡത്തിലുടനീളമുള്ള സാഹസികതകളും ഇടപെടലുകളും നിറഞ്ഞ ഒരു ജീവിതം ഞാൻ നയിച്ചു. കൂടാതെ ഇന്ത്യയുടെ ചരിത്രത്തിൻ്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാലഘട്ടത്തിന് സാക്ഷിയാകാന്‍ എനിക്ക് അവസരം ലഭിച്ചു.ഫ്രഞ്ച് സംസാരിക്കുന്ന എൻ്റെ വായനക്കാരുമായി ഈ രാജ്യത്തിൻ്റെ വൈവിധ്യവും സമ്പന്നതയും പങ്കിടാൻ ആഗ്രഹിക്കുന്ന ഒരു വിദേശ ലേഖികയായിരിക്കുക എന്നത് ഒരു പദവിയും ബഹുമതിയും ആയിരുന്നു.ജനങ്ങളുടെ ഊഷ്മളതയും ഈ അപാരമായ പ്രദേശത്തിൻ്റെ സൗന്ദര്യവും സംബന്ധിച്ച ഓര്‍മകള്‍ എനിക്ക് വിലപ്പെട്ടതാണ്. ഡൽഹി എൻ്റെ പ്രിയപ്പെട്ട നഗരമായിരുന്നു. അവിടെ ഞാൻ ജീവിച്ചു. ഇപ്പോൾ അതിനോട് വിടപറയുന്നത് സങ്കടകരമാണ്. ഒരു ദിവസം എനിക്ക് ഇന്ത്യയിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

TAGS :

Next Story