Quantcast

'അമിത് ഷാ മുതൽ സാധ്വി പ്രഗ്യവരെ... തീവ്രസ്വഭാവം ബിജെപിയുടെ അകക്കാമ്പ്';വിദ്വേഷപ്രസ്താവനകൾ നിരത്തി രാഹുലിന്റെ വിമർശനം

തീവ്രവാദ സ്വഭാവമുളളവരാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും ഇന്ത്യൻ ഗവൺമെൻറിന് ഇതിലൊരു പങ്കുമില്ലെന്നും ചൂണ്ടിക്കാട്ടി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ട്വീറ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-08 09:46:21.0

Published:

8 Jun 2022 9:31 AM GMT

അമിത് ഷാ മുതൽ സാധ്വി പ്രഗ്യവരെ... തീവ്രസ്വഭാവം ബിജെപിയുടെ അകക്കാമ്പ്;വിദ്വേഷപ്രസ്താവനകൾ നിരത്തി രാഹുലിന്റെ വിമർശനം
X

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കൾ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ തീവ്രവാദ സ്വഭാവമുള്ള കൂട്ടമാണ് ('fringe Elements') പ്രശ്നക്കാരെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഭ്യന്തര മന്ത്രി അമിത് ഷാ മുതൽ സാധ്വി പ്രഗ്യ വരെയുള്ളവരുടെ വിദ്വേഷ പ്രസ്താവനകൾ നിരത്തിയാണ് രാഹുൽ ട്വിറ്ററിൽ വിമർശനമുന്നയിച്ചത്.

രാഹുൽ ഉയർത്തിക്കാട്ടിയ വിദ്വേഷ വാർത്താ തലക്കെട്ടുകൾ:

  • 'ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത്ഷാക്കെതിരെ കടുത്ത വിമർശനം' - അൽജസീറ
  • സ്ത്രീകൾക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല: യോഗി ആദിത്യനാഥ്
  • 'ബജറ്റിന് ദിവസങ്ങൾ മാത്രം ബാക്കി; ദേശ് കെ ഗദ്ദാറോൻ കോ, ഗോലി മാറോ സാലോൻ കോ-രാജ്യദ്രോഹികളെ, പന്നികളെ വെടിവെച്ച് കൊല്ലൂ - മുദ്രാവാക്യം മുഴക്കി മന്ത്രി അനുരാഗ് താക്കൂർ' -ദി പ്രിൻറ്
  • 'നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നു, ആണ്, അങ്ങനെത്തന്നെയാകും'; ഗാന്ധി ഘാതകനെ കുറിച്ച് സാധ്‌വി പ്രഗ്യ' ദി ഏഷ്യൻ ഏജ്


പ്രവാചകനെ നിന്ദിച്ചത് വിവാദമായതോടെ സ്വന്തം നേതാവിനെ ബിജെപി അപ്രസക്തയാക്കിയെന്നും എന്നാൽ ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുഖ്യധാരയിലേക്ക് കൊണ്ട് വരുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഗോലി മാരോ മുദ്രാവാക്യം മുഴക്കിയവർ നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ തയ്യാറായിട്ടില്ലെന്നും ഖേര പറഞ്ഞു.

പ്രവാചക നിന്ദ നടത്തിയതിലൂടെ രാജ്യം ലോകത്തിന് മുൻപിൽ തല കുനിക്കേണ്ടി വന്നുവെന്നും സംഭവത്തിൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ ഏഴു വർഷവും പ്രതിപക്ഷം ശ്രമിച്ചുവെന്നും എന്നാൽ അവർ എതിർ ശബ്ദങ്ങളെ മാധ്യമങ്ങളെ ഉപയോഗിച്ച് നിശബ്ദരാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



സ്ഥാപനവത്ക്കരിക്കപ്പെട്ട വിദ്വേഷത്തെ നിസ്സാരമാക്കരുതെന്ന് വിമർശകർ

സ്ഥാപനവത്ക്കരിക്കപ്പെട്ട വിദ്വേഷത്തെ നിസ്സാരമാക്കരുതെന്നും വിവാദ പരാമർശം നടത്തിയ നൂപുർ ശർമ ബിജെപി ദേശീയ വക്താവായിരുന്നെന്നും നവീൻ ജിൻഡാൽ ഡൽഹി ഘടകം നേതാവായിരുന്നെന്നും നേരത്തെ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. തീവ്രവാദ സ്വഭാവമുളളവരാണ് പ്രശ്നങ്ങൾക്ക് പിറകിലെന്നും ഇന്ത്യൻ ഗവൺമെൻറിന് ഇതിലൊരു പങ്കുമില്ലെന്നും ചൂണ്ടിക്കാട്ടി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഫ്രിഞ്ച് ഗ്രൂപ്പല്ല, ഇന്ത്യൻ മുസ്ലിംകൾക്കെതിരെയുള്ള സർക്കാറിന്റെ തന്നെ വിദ്വേഷ നിലപാടുകളാണ് അടിസ്ഥാന പ്രശ്നമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്.


'ഇതൊരു കൺകെട്ടാണ്. നുപുർ ശർമ ഒറ്റപ്പെട്ട തീവ്ര വാദ സ്വഭാവക്കാരിയല്ല. അവർ ബിജെപിയുടെ ദേശീയ വക്താവാണ്. സ്ഥാപനവത്ക്കരിക്കപ്പെട്ട വിദ്വേഷത്തെ നിസ്സാരമാക്കുന്നത് നിർത്തണം. ഇന്ത്യൻ മുസ്ലിംകൾക്കെതിരായ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണവും നിർത്തണം' മാധ്യമ പ്രവർത്തകയായ റാണാ അയ്യൂബ് ട്വിറ്ററിൽ കുറിച്ചു.



ബിജെപി വക്താവിനെ വിദേശകാര്യ മന്ത്രാലയം തന്നെ തീവ്ര വാദ സ്വഭാവമുള്ളവരെന്ന് വിളിക്കുന്നത് തമാശയാണെന്ന് ജയറാം രമേശ് പ്രതികരിച്ചു.


'തീർച്ചയായും ഫ്രിഞ്ച് എലമെൻറ്സാണ്. 2014ൽ ഭ്രാന്തന്മാരായ സംഘം മുഖ്യധാര കയ്യേറിയത് മുതൽ ഇന്ത്യക്കാർ കേവലം കാഴ്ച്ചക്കാരാണ്' ടിഎംസി എംപി മഹുവ മൊയ്ത്ര പറഞ്ഞു.


ഇന്ത്യൻ സർക്കാർ ബിജെപി വക്താക്കളെ ഫ്രിഞ്ച് എലമെൻറ്സായി വിശേഷിപ്പിക്കുകയാണെന്നും ആരാണ് ഇവരെ നിയമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചോദിച്ചു. ഇവരെ നിയമിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി തലവൻ പരസ്യമായി മാപ്പു പറയുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രവാചകനും ഇസ്ലാമിനുമെതിരെ ഫ്രിഞ്ച് എലമെൻസ്സിന് സംസാരിക്കാൻ അവസരം നൽകിയ ടൈംസ് നൗ ചാനലിനും അവതാരകക്കുമെതിരെ നടപടി സ്വീകരിക്കുമോയെന്ന് മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ ചോദിച്ചു.


'പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ' ഇപ്പോഴും 'ഫ്രിഞ്ച് എലമെന്റ്' നൂപുർ ശർമ്മയെ പിന്തുടരുന്നുവെന്ന് പരിശോധിച്ചപ്പോൾ കണ്ടു. എല്ലാ പശ്ചിമേഷ്യൻ സർക്കാരുകളെയും ബിജെപി സർക്കാർ വിഡ്ഢികളാക്കുമോ?'' രാധാകൃഷ്ണൻ ആർകെ ട്വിറ്ററിൽ ചോദിച്ചു. എന്നാൽ ബിജെപി വക്താവ് പദവിയിൽനിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും സമ്മർദ്ദഫലമായി നീക്കം ചെയ്യപ്പെട്ട നുപുർ തനിക്ക് ബിജെപിയുടെ മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. മേയ് 31 ഒപ്ഇന്ത്യ.കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു അവകാശവാദം.

പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ

ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്ത് വന്നിരുന്നു. പ്രവാചകനിന്ദ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടുവെന്നും എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും കാട്ടുന്നതിനെ യു.എൻ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. പ്രവാചകനിന്ദയെ ഇതിനകം നിരവധി രാജ്യങ്ങളാണ് അപലപിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ബഹ്‌റൈൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തർ, ഇറാൻ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, മോദിസർക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നുപൂർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചത് മാത്രമാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നുപൂർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. വധഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതി മുൻനിർത്തി ഡൽഹി പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മേയ് 28ന് നൽകിയ പരാതി പ്രകാരം ക്രിമിനൽ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തിയാണ് 'അജ്ഞാതർ'ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ ഇടങ്ങളിലെ ഭീഷണി മുൻനിർത്തി ട്വിറ്ററിനും നോട്ടീസ് നൽകിയിട്ടുണ്ട്.

നുപൂർ ശർമയുടെ പ്രസ്താവനയിൽ ബിജെപി നേരത്തെ വിശദീകരണ കുറിപ്പിറക്കിയിരുന്നു. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപുർ ശർമയ്ക്കെതിരെ കേസെടുത്തത്.

TAGS :

Next Story