Quantcast

500 രൂപ മുതൽ 622 കോടി വരെ; രണ്ടാംഘട്ട വോട്ടെടുപ്പിലെ ദരിദ്രരും അതിസമ്പന്നരുമായ സ്ഥാനാർഥികൾ

1202 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ഇതിൽ 102 പേർ വനിതകളും രണ്ട് പേർ ട്രാൻസ്ജെൻഡേഴ്സുമാണ്.

MediaOne Logo

Web Desk

  • Published:

    26 April 2024 7:04 AM GMT

From 622 cr to 500 rupees Wealthiest to poorest candidates
X

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോ​ഗമിക്കുകയാണ്. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 88 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനവിധി നടക്കുന്നത്. 1202 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ഇതിൽ 102 പേർ വനിതകളും രണ്ട് പേർ ട്രാൻസ്ജെൻഡേഴ്സുമാണ്.

സ്ഥാനാർഥികളിൽ സാധാരണക്കാരും സമ്പന്നരും അതിസമ്പന്നരും ദരിദ്രരുമുണ്ട്. അവരിൽ വെറും 500 രൂപ ആസ്തിയുള്ളവർ മുതൽ 622 കോടി സ്വത്തുള്ളവർ വരെ ഉൾപ്പെടുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന അതിസമ്പന്നരും അതി ദരിദ്രരുമായ സ്ഥാനാർഥികൾ ആരൊക്കെയെന്ന് നോക്കാം.

അതി സമ്പന്ന സ്ഥാനാർഥികൾ

1. വെങ്കിട്ടരമണ ഗൗഡ (കോൺ​ഗ്രസ്)

കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാ സീറ്റിൽ ജെഡിഎസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന 'സ്റ്റാർ ചന്ദ്രു' എന്നറിയപ്പെടുന്ന കോൺഗ്രസ് നേതാവ് വെങ്കിട്ടരമണ ഗൗഡയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും ധനികനായ സ്ഥാനാർഥി. 622 കോടിയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തി. സ്ഥാനാർഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് പ്രകാരം, ഗൗഡയുടെ ജംഗമ ആസ്തി ₹212,78,08,148ഉം സ്ഥാവര ആസ്തി ₹410,19,20,693ഉം ആണ്. ആകെ ആസ്തി ₹6,22,97,28,841 ആണെന്നും സത്യവാങ്മൂലം പറയുന്നു.

2. ഡി.കെ സുരേഷ് (കോൺ​ഗ്രസ്)

593 കോടി രൂപ ആസ്തിയുള്ള കർണാടക കോൺഗ്രസ് എം.പി ഡി.കെ സുരേഷാണ് സമ്പന്നനായ രണ്ടാമത്തെ സ്ഥാനാർഥി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെ ഇളയ സഹോദരനാണ് സുരേഷ്. ബെം​ഗളൂരു റൂറൽ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം.പിയായ സുരേഷിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 75 ശതമാനം വർധിച്ചു.

3. ഹേമമാലിനി (ബിജെപി)

ഉത്തർപ്രദേശിലെ മഥുര ലോക്‌സഭാ സീറ്റിൽ നിന്നും വീണ്ടും മത്സരിക്കുന്ന ബിജെപി എം.പി ഹേമമാലിനിയുടെ ആസ്തി 278 കോടിയാണ്. രണ്ടാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ സമ്പന്ന സ്ഥാനാർഥിയാണ് നടി കൂടിയായ ഹേമമാലിനി. കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ ഹേമമാലിനിയുടെ മാത്രം സ്വത്ത് 114 കോടി രൂപയായിരുന്നു.

4. സഞ്ജയ് ശർമ (കോൺ​ഗ്രസ്)

മധ്യപ്രദേശിലെ ഹോഷം​ഗാബാദ് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയായ സഞ്ജയ് ശർമയാണ് 232 കോടി രൂപയുടെ ആസ്തിയുമായി സമ്പന്ന സ്ഥാനാർഥികളുടെ പട്ടികയിൽ നാലാം സ്ഥാനത്ത്. 2018ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അദ്ദേഹത്തിൻ്റെ സ്വത്ത് ആറ് വർഷത്തിനുള്ളിൽ 100 കോടിയിലധികമാണ് വർധിച്ചത്.

5. എച്ച്.ഡി കുമാരസ്വാമി (ജെഡിഎസ്)

അതി സമ്പന്ന സ്ഥാനാർഥികളുടെ പട്ടികയിൽ അഞ്ചാമനാണ് മുൻ കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. 217.21 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 2023ലെ കർണാടക തിരഞ്ഞെടുപ്പിലെ ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ 15 ശതമാനമാണ് വർധന.

ബിജെപി എം.പി കൻവർ സിങ് തൻവർ, കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി രക്ഷാ രാമയ്യ, ബെം​ഗളൂരു നോർത്തിൽ മത്സരിക്കുന്ന മുൻ കോൺഗ്രസ് വക്താവും അക്കാദമീഷ്യനുമായ എം.വി രാജീവ് ഗൗഡ എന്നിവരാണ് സമ്പന്നരുടെ പട്ടികയിൽ തുടർന്നുള്ള സ്ഥാനക്കാർ.

ദരിദ്ര സ്ഥാനാർഥികൾ

1. ലക്ഷ്മൺ നഗോറാവു പാട്ടീൽ (സ്വതന്ത്രൻ)

മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ലക്ഷ്മൺ നഗോറാവു പാട്ടീലാണ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർഥി. അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം വെറും 500 രൂപയുടെ ആസ്തിയാണുള്ളത്.

2. രാജേശ്വരി കെ ആർ (സ്വതന്ത്ര)

കേരളത്തിലെ കാസർഗോഡ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന രാജേശ്വരി കെആർ ആണ് ഈ പട്ടികയിൽ രണ്ടാമത്. 1000 രൂപയാണ് തന്റെ സ്വത്തെന്ന് അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു.

3. പൃഥ്വിസാമ്രാട്ട് മുക്കീന്ദ്രറാവു ദിപ്‌വാൻഷ് (സ്വതന്ത്രൻ)

മഹാരാഷ്ട്രയിലെ എസ്‌സി സംവരണ മണ്ഡലമായ അമരാവതി സീറ്റിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പൃഥ്വിസാമ്രാട്ട് മുക്കീന്ദ്രറാവു ദിപ്‌വാൻഷ് ആണ് ദരിദ്ര സ്ഥാനാർഥികളുടെ പട്ടികയിലെ മൂന്നാമൻ. 1,400 രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളതെന്ന് രേഖകൾ പറയുന്നു.

4. ഷഹനാസ് ബാനു

രാജസ്ഥാനിലെ ജോധ്പൂരിൽ മത്സരിക്കുന്ന ദലിത് ക്രാന്തി ദൾ സ്ഥാനാർഥി ഷഹനാസ് ബാനോയുടെ ആസ്തി 2000 രൂപയാണ്. എഡിആർ ഡാറ്റ പ്രകാരം ബാനു ഒരു വീട്ടമ്മയാണ്. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ബാനുവിന്റെ ഭർത്താവ് ഒരു സാമൂഹിക പ്രവർത്തകനാണ്.

5. വി.പി കൊച്ചുമോൻ (എസ്.യു.സി.ഐ -കമ്യൂണിസ്റ്റ്)

എസ്.യു.സിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി കോട്ടയത്ത് നിന്ന് മത്സരിക്കുന്ന വി.പി കൊച്ചുമോനാണ് ഈ പട്ടികയിലെ അഞ്ചാമൻ. 2,230 രൂപയാണ് തന്റെ ആസ്തിയെന്ന് ഇദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

TAGS :

Next Story