Quantcast

തൂപ്പുജോലിയില്‍നിന്ന് കലക്ടറേറ്റിലേക്ക്; ഇത് രാജസ്ഥാന്റെ 'ആനി ശിവ'

രാജസ്ഥാനിലെ ജോധ്പൂർ മുനിസിപ്പൽ കോർപറേഷനില്‍ തൂപ്പുകാരിയായ ആശ കന്ദാര 728-ാം റാങ്കുകാരിയായി രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യോഗ്യത നേടിയിരിക്കുകയാണ്

MediaOne Logo

Shaheer

  • Updated:

    2021-07-16 07:20:38.0

Published:

16 July 2021 6:33 AM GMT

തൂപ്പുജോലിയില്‍നിന്ന് കലക്ടറേറ്റിലേക്ക്; ഇത് രാജസ്ഥാന്റെ ആനി ശിവ
X

കുടുംബം പോറ്റാൻ നാരങ്ങാവെള്ളം വിറ്റ് നടന്ന നാട്ടിൽ തന്നെ സർക്കിൾ ഇൻസ്‌പെക്ടറായി ചുമതലയേറ്റ ഒരു അപൂർവ ജീവിതകഥ നമ്മളറിഞ്ഞത് ദിവസങ്ങൾക്കുമുൻപാണ്. പതിനെട്ടാം വയസിൽ കൂടെക്കൂടിയയാള്‍ ജീവിതത്തിന്റെ പെരുവഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ശേഷം, പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി വിജയം കണ്ട ആ യുവ പൊലീസുകാരി അങ്ങനെ മലയാളിയുടെ സ്വന്തം ആനി ശിവയായി.

സമാനമായൊരു കഥയാണ് ഇപ്പോൾ രാജസ്ഥാനിൽനിന്നു പുറത്തുവരുന്നത്. ദിവസങ്ങൾക്കുമുൻപ് രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(ആർഎഎസ്) ഫലം പുറത്തുവന്നപ്പോഴാണ് ആശ കന്ദാര എന്ന കോർപറേഷൻ തൂപ്പുകാരിയുടെ പ്രചോദനാത്മകമായ ജീവിതകഥ പുറത്തെത്തുന്നത്. തൂത്തുവാരി നടന്ന അതേ നഗരത്തിൽ തന്നെ ഡെപ്യൂട്ടി കലക്ടറായി നിയമിതയാകാൻ പോകുകയാണ് ആശ.

കോര്‍പറേഷന്‍ തൂപ്പുകാരി; ഇനി ഡെപ്യൂട്ടി കലക്ടര്‍

രാജസ്ഥാനിലെ ജോധ്പൂർ മുനിസിപ്പൽ കോർപറേഷനിലെ ശുചീകരണ തൊഴിലാളിയാണ് ആശ കന്ദാര. രണ്ടു മക്കളുടെ അമ്മ. 1997ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, ദാമ്പത്യജീവിതം അധികം നീണ്ടുനിന്നില്ല. രണ്ടുകുഞ്ഞുങ്ങളായപ്പോഴേക്കും ഭർത്താവ് ഉപേക്ഷിച്ചുപോയി.

എന്നാൽ, ആനി ശിവയെപ്പോലെ ആശയും തളർന്നിരുന്നില്ല. തെരുവിലേക്കിറങ്ങി തൊഴിലെടുത്തു തന്നെ മക്കളെ പോറ്റി. ഇടയ്ക്ക് ഭാവിയെക്കുറിച്ചും ആലോചിച്ചു. സ്വന്തമായി അധ്വാനിച്ച് മക്കളെ പോറ്റുന്നതിനിടയിൽ വിദ്യാഭ്യാസവും തുടർന്നു. അങ്ങനെ 2016ൽ ബിരുദധാരിയായി. ഇതിനിടയിൽ പറ്റിയ സർക്കാർ മത്സരപരീക്ഷകളെല്ലാം എഴുതി; കോർപറേഷൻ ശുചീകരണ തൊഴിലാളിയാകാനുള്ള സഫായി കര്‍മചാരി പരീക്ഷയടക്കം.

എന്നാൽ, അവിടംകൊണ്ടും തീർന്നില്ല ആശയുടെ പോരാട്ടം. ചെറിയ നേട്ടങ്ങളൊന്നും അവരുടെ ദാഹം തീർത്തില്ല. അങ്ങനെയാണ് 2018ൽ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(ആർഎഎസ്) പരീക്ഷയെഴുതുന്നത്. ആർഎഎസ് പ്രാഥമികഘട്ടത്തിന്റെ ഫലം അധികം വൈകാതെത്തന്നെ വന്നു. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. പിന്നീട് മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പായിരുന്നു. അങ്ങനെ കഴിഞ്ഞ ഒക്ടോബറിൽ അവസാനഘട്ട പരീക്ഷയും പൂർത്തിയായി അന്തിമഫലത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.


ഇതിനിടെ, മുൻപ് എഴുതിയ സഫായി കര്‍മചാരി പരീക്ഷയുടെ ഫലം വന്നു. ജോധ്പൂർ മുനിസിപ്പൽ കോർപറേഷനിൽ തൂപ്പുകാരിയായി നിയമനം ലഭിക്കുന്നത് അങ്ങനെയാണ്. ജീവിതപ്രാരാബ്ധങ്ങൾ വിട്ടൊഴിയാത്തതിനാൽ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. പിറ്റേ ദിവസം തന്നെ ചൂലുമെടുത്ത് ജോലിക്കിറങ്ങി. നഗരത്തിലെ പാതയോരങ്ങളും ഊടുവഴികളുമെല്ലാം തൂത്തുവീരിയും മാലിന്യങ്ങളും അഴുക്കുകളും നീക്കം ചെയ്തും ജീവിതം തുടർന്നു. ഏറെ പ്രതീക്ഷയോടെ ആർഎഎസ് ഫലത്തിനു കാത്തിരിക്കുന്നതിനിടെയാണ് വില്ലനായി കോവിഡ് വരുന്നത്. അതോടെ അന്തിമഫലം വൈകി.

ഒടുവിൽ ബുധനാഴ്ചയാണ് ആർഎഎസ് ഫലം പുറത്തുവന്നത്. സർവീസ് യോഗ്യത നേടിയ മത്സരാർത്ഥികളുടെ പട്ടികയിൽ മെറിറ്റ് വിഭാഗത്തിൽ തന്നെ ഇടംപിടിച്ചിരിക്കുന്നു ആശ; 728-ാം റാങ്കുകാരിയായി. ഇപ്പോൾ തന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നാണ് 40കാരിയായ ആശ മാധ്യമങ്ങളോട് പ്രതികരിച്ചത്. പഴയകാലം അധികം ചികഞ്ഞുപുറത്തിടാൻ കൂട്ടാക്കിയില്ലെങ്കിലും ഒരുകാര്യം ആശ വ്യക്തമാക്കി; സിവിൽ സർവീസിൽ ചേരണമെന്നായിരുന്നു പണ്ടുതൊട്ടേ മോഹം. പ്രായമാണ് തടസമായി നിന്നത്. ഒടുവിൽ സംസ്ഥാന സർവീസിലെങ്കിലും യോഗ്യത നേടിയിരിക്കുന്നു. ഫലം പുറത്തുവന്നതിനു പിറകെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ജോധ്പൂർ കോർപറേഷൻ പ്രത്യേകമായി ആദരിക്കുകയും ചെയ്തു. പരിശീലനമെല്ലാം കഴിഞ്ഞ് ആശ ജോധ്പൂരിൽ തന്നെ ചാർജെടുക്കുന്നത് കാത്തിരിക്കുകയാണ് കോർപറേഷനിലെ പഴയ സഹജോലിക്കാരും നാട്ടുകാരുമെല്ലാം.

കർഷക വീട്ടിലെ ആർഎഎസ് സഹോദരിമാര്‍

രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഫലത്തോടൊപ്പം പ്രചോദനാത്മകമായ വേറെയും കഥകൾ പുറത്തുവന്നിട്ടുണ്ട്. ഹനുമാൻഗഢിലെ ഭൈറുസാരിയിലെ കർഷകനായ സഹദേവ് സഹാറന്റെ മൂന്നു പെൺമക്കളും ആർഎഎസ് യോഗ്യത നേടിയതാണ് അതിലൊന്ന്. സാമ്പത്തിക പരാധീനത കാരണം മൂന്നുപേർക്കും അഞ്ചാംക്ലാസിനുശേഷം ഔദ്യോഗിക സ്‌കൂൾ പഠനം തുടരാൻ സാധിച്ചിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.


ഇത്രയുംനാൾ വീട്ടിലായിരുന്നു അവരുടെ പഠനം. പരസ്പരം സഹായിച്ചും സഹകരിച്ചും ഒത്തൊരുമിച്ചായിരുന്നു സഹോദരിമാർ ഓരോ തരവും കടന്നത്. ഒടുവിൽ കഠിനാധ്വാനങ്ങളുടെയെല്ലാം ഫലമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സർക്കാർ സർവീസിലും ഒന്നിച്ച് യോഗ്യത നേടി മൂന്നുപേരും. ഇപ്പോൾ സഹദേവിന്റെ അഞ്ചു പെൺമക്കളും സർക്കാർ ജീവനക്കാരാണ്. നേരത്തെ രണ്ടു മക്കളും സർക്കാർ ജോലി നേടിയിരുന്നു.

TAGS :

Next Story