പരിശോധനക്ക് എത്തിയ അധികൃതർ ഞെട്ടി; പിടിച്ചെടുത്തത് ജ്യൂസ് അടിക്കാൻ സൂക്ഷിച്ച മാമ്പഴങ്ങൾ, കാരണമിത്; കർശന നിർദേശവുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം
പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു

ന്യൂഡൽഹി: മാമ്പഴ സീസൺ അതിന്റെ കൊടുമുടിയിൽ നിൽക്കുകയാണ്. എന്നാൽ, ഭക്ഷ്യ സുരക്ഷയിലെ ആശങ്കകൾക്കും അറുതിയില്ല. അടുത്തിടെയാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ ജപ്പാൻ നിരോധിച്ചത്. ഇന്ത്യൻ കയറ്റുമതി പ്ലാന്റുകളിലെ കീടനിയന്ത്രണ സംവിധാനങ്ങളിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് മാമ്പഴ ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചത്. ഇന്ത്യയിലെ പ്ലാൻ്റിൽ ഈ വർഷം ആദ്യം ജപ്പാൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പോരായ്‌മകൾ കണ്ടെത്തിയത്. മാമ്പഴ വിപണി സജീവമാകുന്ന വേനൽക്കാല സീസണിന്റെ തുടക്കത്തിൽ തന്നെയുണ്ടായ ഈ നീക്കം കയറ്റുമതിയെ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രീമിയം ഇനങ്ങളായ അൽഫോൻസോ, കേസർ, ലങ്ഡ, ബംഗനപ്പള്ളി തുടങ്ങിയ മാമ്പഴങ്ങളുടെ കയറ്റുമതിയെയാണ് ഇത് പ്രധാനമായും ബാധിക്കുക.
ഇതിനിടെയാണ് ഗുജറാത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡ് മാമ്പഴ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ജ്യൂസ് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന, പുഴുക്കളും പൂപ്പലും നിറഞ്ഞ ചീഞ്ഞളുകിയ മാമ്പഴങ്ങളുടെ വൻ ശേഖരമാണ് അധികൃതർ കണ്ടെത്തിയത്.
ഈ പഴങ്ങൾ സംസ്കരിച്ച് ജ്യൂസ് ആക്കുന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥർ ഇവ പിടിച്ചെടുക്കുകയും, പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. ഉത്തരവാദികളായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ അധികൃതർ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഗുജറാത്തിലെ മെഹ്സാനയിലുള്ള ഒരു ജ്യൂസ് നിർമ്മാണ യൂണിറ്റിലാണ് പരിശോധന നടന്നത്. ചീഞ്ഞതും, പൂപ്പൽ ബാധിച്ചതും, പുഴുക്കൾ നിറഞ്ഞതുമായ വൻതോതിലുള്ള മാമ്പഴ ശേഖരം ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ മാമ്പഴ പൾപ്പ് (mango pulp), പഴകിയ മാമ്പഴ ഉൽപ്പന്നങ്ങൾ, മലിനമായ ഭക്ഷ്യവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് തുടർച്ചയായി നടക്കുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡുകൾക്കിടയിലാണ് ഈ സംഭവവും.
ചീഞ്ഞതോ പൂപ്പൽ ബാധിച്ചതോ ആയ മാമ്പഴങ്ങൾ കഴിച്ചാൽ രോഗം വരുമോ?
പൂപ്പൽ, ഫംഗസ് ബാധ, ചീഞ്ഞളുകൽ, അല്ലെങ്കിൽ കീടങ്ങളുടെ ആക്രമണം എന്നിവയുടെ ലക്ഷണങ്ങൾ കാണിക്കുന്ന പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ പൊതുവെ നിർദ്ദേശിക്കുന്നു.
വയറുവേദന, ഓക്കാനവും ഛർദ്ദിയും, വയറിളക്കം, ഭക്ഷ്യവിഷബാധ, കുടലിലെ അണുബാധകൾ എന്നിവയ്ക്ക് ഇത് കാരണമായേക്കാം. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഇതിലൂടെയുള്ള ആരോഗ്യപരമായ പ്രശ്നം ഉണ്ടാക്കാം.
Adjust Story Font
16

