ദിവസങ്ങൾക്ക് മുമ്പ് കല്യാണം നടന്നിടത്ത് ശവസംസ്‌കാരം; നാഗാലാൻഡിൽ കണ്ണീർക്കാഴ്ച

ആളുമാറി നടന്ന വെടിവെയ്പ്പാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ സംഭവത്തിൽ ഇവർ നേരിട്ടത് ഒരിക്കലും മാറിപ്പോകാത്ത ജീവിതദുരന്തമാണ്

MediaOne Logo

Web Desk

  • Updated:

    2021-12-07 14:02:26.0

Published:

7 Dec 2021 1:52 PM GMT

ദിവസങ്ങൾക്ക് മുമ്പ് കല്യാണം നടന്നിടത്ത് ശവസംസ്‌കാരം; നാഗാലാൻഡിൽ കണ്ണീർക്കാഴ്ച
X

12 ദിവസം മുമ്പ് കല്യാണം കഴിഞ്ഞ അതേ മുറ്റത്ത് പ്രിയതമന്റെ മൃതദേഹം പിടിച്ച് വിധവയായ യുവതി പൊട്ടികരയുന്നു, മറ്റൊരിടത്ത് അർബുദ രോഗബാധിതനായ പിതാവും വാർധക്യത്തിലെത്തിയ മാതാവും തങ്ങൾക്ക് തണലേകിയ മക്കളെ ഭരണകൂടം ഇല്ലാതാക്കിയതറിഞ്ഞ് നിശ്ചലരായിരിക്കുന്നു. നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 15 ഗ്രാമവാസികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനം സാക്ഷിയായത് കണ്ണീർക്കാഴ്ചകൾക്ക്. ഇവരടക്കം നിരവധി കുടുംബങ്ങൾക്ക് സർവതും നഷ്ടമായത് കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ. ആളുമാറി നടന്ന വെടിവെയ്പ്പാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ സംഭവത്തിൽ ഇവർ നേരിട്ടത് ഒരിക്കലും മാറിപ്പോകാത്ത ജീവിതദുരന്തമാണ്.

നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ നിന്ന് 300 കിലോമീറ്റർ ഇപ്പുറം മോൺ ജില്ലയിലാണ് നിരപരാധികളായ നാട്ടുകാർ സൈന്യത്തിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പട്ടത്. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നത്രെ. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷം പേരുടെയും ശവസംസ്‌കാരം നാഗാലാൻഡ് മുഖ്യമന്ത്രി നിപ്യൂ റിയോയടക്കം പങ്കെടുത്ത് മോൺ ടൗണിൽ നടന്നു. ബാക്കിയുള്ളവരെ ഒറ്റിങ് ഗ്രാമത്തിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. ഈ ചടങ്ങിനിടെയാണ് നവംബർ 25 ന് വിവാഹം കഴിഞ്ഞ യുവതി ഭർത്താവ് ഹോകുപിന്റെ മൃതദേഹത്തിനരികിൽ കണ്ണീരൊഴുക്കേണ്ടി വന്ന കാഴ്ച ലോകം കണ്ടത്. രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും തന്നെയും തനിച്ചാക്കി ഭർത്താവ് പോയ എൻഗാംലേമും ഈ വെടിവെയ്പ്പിന്റെ സങ്കടക്കാഴ്ചയാണ്.

പിക്കപ്പിൽ തൊഴിലാളികളെ കൊണ്ടുപോയിരുന്ന ഡ്രൈവർ ഷോംവാങിന്റെ പിതാവ് ചെംവാങ് അർബുദ ബാധിതനാണ്. മറ്റൊരു മാതാവ് യിൻചേങ് മകൻ എൻയേമാന്റെ വിയോഗത്തിൽ സങ്കടപ്പെട്ടിരിക്കുന്നു. ഇരുവരുടെയും മക്കൾ പൊലിഞ്ഞുപോയത് ആളുമാറിയുള്ള വെടിവെയ്പ്പിൽതന്നെ. എൻഗുൻപെറ്റിന്റെ രണ്ടു മക്കളും ഖനിയിലാണ് ജോലി ചെയ്തിരുന്നത്. ഒരാൾ കൊല്ലപ്പെട്ടു, മറ്റേയാൾ വെടിയുണ്ടയേറ്റ മുറിവുകളുമായി ഐസിയുവിൽ ജീവനുവേണ്ടി പോരാടുന്നു. തങ്ങളെ പരിപാലിക്കുമെന്ന് കരുതിയ മക്കളുടെ പെടുന്നനെയുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് എൻഗുൻപെറ്റ്.

സൈന്യത്തിന്റെ 21 പാരാ എസ്എഫ് അംബുഷിൽ നടത്തിയ ആദ്യ വെടിവെയ്പ്പിൽ എട്ടു ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. വിമതരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഈ വെടിവെയ്പ്പ്. സംഭവത്തിൽ ആകെ 15 പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാനോ വെടിവെക്കാനോ സൈന്യത്തിന് വ്യാപക അധികാരം നൽകുന്ന സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. വെടിവെയ്പ്പിൽ നാഗാലാൻഡ് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വെടിവെയ്പ്പിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാൻഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുമുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

അതേസമയം അസം റൈഫിൾസ് ഖനിത്തൊഴിലാളികൾക്ക് നേരെ വെടിവെച്ചത് അകാരണമായാണെന്ന് നാഗാലാൻഡ് ഡിജിപി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നിരായുധരായ തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ ആറ് പേരാണ് തൽക്ഷണം മരിച്ചത്. പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരെയുള്ള വെടിവെപ്പിൽ ഏഴ് പേർ കൂടി കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ പിന്നീട് മരിച്ചു. ഇതുവരെ ആകെ 15 പേർക്കാണ് സൈന്യത്തിന്റെ വെടിവെപ്പിൽ ജീവൻ നഷ്ടമായത്. വെടിവെപ്പിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തിൽ അർധ സൈനിക വിഭാഗത്തിൻറെ മൂന്ന് വാഹനങ്ങൾ അഗ്‌നിക്കിരയായെന്നും റിപ്പോർട്ടിലുണ്ട്.

മൃതദേഹങ്ങൾ ക്യാമ്പിലേക്ക് കൊണ്ടുപോകാനായി അസം റൈഫിൾസ് ലോറിയിൽ ഒളിപ്പിക്കാൻ ശ്രമം നടന്നതായും ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം 15 ഗ്രാമീണർ കൊല്ലപ്പെട്ട നാഗാലൻഡിലെ വെടിവെപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയെ ന്യായീകരിച്ച് രംഗത്തെത്തി. ആത്മരക്ഷാർത്ഥമാണ് സൈനികർ വെടിയുതിർത്തതെന്ന് അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സഭാനടപടികൾ നിർത്തിവച്ചു നാഗാലാൻഡ് വെടിവെപ്പ് ചർച്ച ചെയ്യണമെന്നാണ് രാവിലെ മുതൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കോൺഗ്രസ് -തൃണമൂൽ-സിപിഎം അംഗങ്ങൾ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും നൽകിയിരുന്നു. അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് അറിയിച്ചതോടെയാണ് ലോക്‌സഭ തെല്ലൊന്ന് ശാന്തമായത്. രാജ്യസഭാ പ്രക്ഷുബ്ധമായി തുടർന്നു. തെറ്റിദ്ധാരണയാണ് മോൺ ജില്ലയിലെ വെടിവെപ്പിൽ കലാശിച്ചെന്നു അമിത് ഷാ സഭയെ അറിയിച്ചു.

സൈന്യത്തിന്‍റെ വെടിവെപ്പിൽ 14 ഗ്രാമീണർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രശസ്തമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രി നൈഫ്യൂ റിയോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രതിഷേധ സൂചകമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സൈന്യത്തിന് അമിതാധികാരം നല്‍കുന്ന അഫ്സപ നിയമം പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

TAGS :

Next Story