Quantcast

ഫേസ്ബുക്കിൽ ഭാര്യയുടെ പിറന്നാൾ ആഘോഷ വീഡിയോ കണ്ടു; പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി

കേസിൽ പ്രതി അരവിന്ദ് പരിഹാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Sept 2025 2:04 PM IST

ഫേസ്ബുക്കിൽ ഭാര്യയുടെ പിറന്നാൾ ആഘോഷ വീഡിയോ കണ്ടു; പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി
X

ഗ്വാളിയോര്‍: ഫേസ്ബുക്കിൽ ഭാര്യയുടെ പിറന്നാൾ ആഘോഷ വീഡിയോ കണ്ട ഭർത്താവ് തിരക്കേറിയ റോഡിൽ വച്ച് പട്ടാപ്പകൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. കേസിൽ പ്രതി അരവിന്ദ് പരിഹാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നാല് ദിവസം മുൻപ് ഭാര്യ നന്ദിനി ഫേസ്ബുക്കിൽ അപ്‍ലോഡ് ചെയ്ത വീഡിയോയാണ് അരവിന്ദിനെ പ്രകോപിതനാക്കിയത്. പിറന്നാൾ പാര്‍ട്ടിയിൽ നന്ദിനിയുടെ സുഹൃത്തും അങ്കുഷ് പഥക്കും പങ്കെടുത്തിരുന്നു. നന്ദിനിയും അങ്കുഷും തമ്മിൽ പ്രണയത്തിലാണെന്ന് അരവിന്ദിന് സംശയമുണ്ടായിരുന്നു. ഇതാണ് പ്രതിയെ ദേഷ്യം പിടിപ്പിച്ചത്. വെള്ളിയാഴ്ച നന്ദിനി തന്‍റെ സുഹൃത്തുക്കളായ കല്ലു, അങ്കുഷ് എന്നിവരോടൊപ്പം ഒരു റിക്ഷയിൽ യാത്ര ചെയ്യുമ്പോൾ, അരവിന്ദ് മറ്റൊരു റിക്ഷയിൽ അവരെ പിന്തുടർന്നു. പിന്നീട് റോഡരികിൽ വാഹനം നിർത്തി അഞ്ച് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ അരവിന്ദ് തോക്ക് ചൂണ്ടിയെങ്കിലും ഒടുവിൽ അയാളെ കീഴടക്കി അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നന്ദിനിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനുശേഷം മരണത്തിന് കീഴടങ്ങി.

2023ൽ ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് നന്ദിനിയും അരവിന്ദും വിവാഹിതരാകുന്നത്. എന്നാൽ താമസിയാതെ, അരവിന്ദിന് വിവാഹിതയായ ഒരു കാമുകി ഉണ്ടെന്നും അവൾക്ക് ഒരു കുട്ടിയുണ്ടെന്നും നന്ദിനി കണ്ടെത്തിയതോടെ അവരുടെ ബന്ധം വഷളായി.ഇതേത്തുടർന്ന് നന്ദിനി ഭര്‍ത്താവിനെതിരെ പരാതി നൽകി.ഇതും ദമ്പതികൾ തമ്മിലുള്ള വഴക്കിന് കാരണമായി. അരവിന്ദ് തന്നെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായും നന്ദിനി പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം പ്രതി നന്ദിനിയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച എസ്‍പി ഓഫീസിലെത്തിയ നന്ദിനി ഭർത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

TAGS :

Next Story