'ഗംഗാ നദി ബിഹാറിൽ നിന്ന് ബംഗാളിലേക്ക്': ലക്ഷ്യം പറഞ്ഞ് മോദി, തൃണമൂലിന് മുന്നറിയിപ്പ്
ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേതാക്കള്‍ക്ക് മോദി നിർദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്

ന്യൂഡല്‍ഹി: ബിഹാറിലെ എൻഡിഎയുടെ വൻ വിജയം അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിലും സമാനമായ പ്രകടനത്തിന് അടിത്തറ പാകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗംഗാ നദി ബിഹാർ വഴി ബംഗാളിലേക്ക് ഒഴുകുന്നു. ബിഹാറിലെ വിജയം, നദി പോലെ ബംഗാളിലെ വിജയത്തിനും അടിത്തറ പാകിയിരിക്കുന്നു'- ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിന്റെ അവസാനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം, ഇന്ന് മുതൽ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളിനെ ബിജെപി നേതാക്കള്‍ തന്നെ നോട്ടമിടുന്നുണ്ട്. അടുത്തത് ബിഹാര്‍ എന്ന നിലയ്ക്കാണ് ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.
ബിഹാറില്‍ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് എന്‍ഡിഎ മികച്ച ജയം സ്വന്തമാക്കിയത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയരുകയും ചെയ്തു. 89 സീറ്റുകളാണ് ബിജെപി നേടിയത്. ജെഡിയു 85 സീറ്റുകൾ നേടി. അതേസമയം ഇൻഡ്യ സഖ്യത്തിന് 35 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 25 സീറ്റുകളാണ് ആർജെഡി നേടിയത്. കോൺഗ്രസിന് ആറ് സീറ്റുകളെ നേടാനായുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 13 സീറ്റുകളുടെ കുറവാണ് കോൺഗ്രസിന് ലഭിച്ചത്.
Adjust Story Font
16

