Quantcast

അദാനി ലോക കോടീശ്വര പട്ടികയിൽ മൂന്നാമത്

2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്.

MediaOne Logo

Web Desk

  • Published:

    30 Aug 2022 5:07 AM GMT

അദാനി ലോക കോടീശ്വര പട്ടികയിൽ മൂന്നാമത്
X

ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തി ​ഗൗതം അദാനി. ഇതാദ്യമായാണ് ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാമതെത്തുന്നത്. ഇന്ത്യക്കാരനായ മുകേഷ് അംബാനിയെ ബഹുദൂരം പിന്നിലാക്കിയാണ് അദാനിയുടെ നേട്ടം. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഗൗതം അദാനി ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് ഇനി അദാനിക്കു മുന്നിലുള്ളത്. 7,33,936 കോടി (91.90 ബില്യണ്‍ ഡോളര്‍) രൂപ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 11ാമതാണ്.

കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ അദാനി ഫെബ്രുവരിയില്‍ മറികടന്നു. കഴിഞ്ഞ മാസം ബില്‍ഗേറ്റ്‌സിനെയും.

അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബില്‍ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവര്‍ നീക്കിവച്ചതാണ് ഇവരെ മറികടക്കാന്‍ അദാനിക്ക് സഹായകമായത്. 117 ബില്യൺ ഡോളർ സമ്പത്തുള്ള ബിൽ​ഗേറ്റ്സ് ഇപ്പോൾ പട്ടികയിൽ അഞ്ചാമതാണ്. ‌‌

ബിൽ ആൻഡ് മെലിൻ‍ഡ ഫൗണ്ടേഷന് ഗേറ്റ്‌സ് 20 ബില്യണ്‍ ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചപ്പോൾ വാറന്‍ ബഫറ്റ് 35 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ചെലവഴിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയില്‍ അദാനിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കല്‍ക്കരി- തുറമുഖ ബിസിനസുകളില്‍ നിന്ന് ഡാറ്റ സെന്റര്‍, സിമന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നീ മേഖലകളിലേയ്ക്കു കൂടി അദാനി ഈയിടെ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.

വാറന്‍ ബഫറ്റ് (100 ബില്യണ്‍ ഡോളര്‍), ലാറി പേജ് (100 ബില്യണ്‍ ഡോളര്‍), സെര്‍ജെ ബിന്‍ (95 ബില്യണ്‍ ഡോളര്‍), സ്റ്റീവ് ബാല്‍മെര്‍ (93 ബില്യണ്‍ ഡോളര്‍), ലാറി എലിസണ്‍ (93 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ആറു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

TAGS :

Next Story