'ഉവൈസിയെ ക്ഷേത്രത്തിലെത്തിക്കാനും അസ്ഹറുദ്ദീനെക്കൊണ്ട് ഹിന്ദു പ്രാർഥന ചൊല്ലിക്കാനും ധൈര്യമുണ്ടോ?'; തൊപ്പി ധരിച്ചതിൽ രേവന്ത് റെഡ്ഡിയോട് കേന്ദ്രമന്ത്രി
വോട്ട് ചെയ്യുന്നതിന് മുമ്പ് ബുർഖ ധരിച്ച വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്നും ബണ്ഡി കുമാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Photo| Special Arrangement
അമരാവതി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുസ്‌ലിം തൊപ്പി ധരിച്ചതിനെതിരെ കേന്ദ്രമന്ത്രി ബണ്ഡി സഞ്ജയ് കുമാർ. വോട്ടിനായി തൊപ്പി ധരിക്കുന്ന രേവന്ത് റെഡ്ഡി, അങ്ങനെയെങ്കിൽ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമോയെന്ന് ബണ്ഡി സഞ്ജയ് കുമാർ ചോദിച്ചു.
'വോട്ടിനായി തൊപ്പി ധരിക്കേണ്ട ഒരു ദിവസം വന്നാൽ ഞാനെന്റെ തല വെട്ടിക്കളയും. ഒരു വിട്ടുവീഴ്ചയില്ലാത്ത ഹിന്ദുവാണ് ഞാൻ. വ്യാജ നമസ്‌കാരത്തിലൂടെ മറ്റ് വിശ്വാസങ്ങളെ ഞാൻ അപമാനിക്കില്ല'- ബണ്ഡി സഞ്ജയ് കുമാർ പറഞ്ഞു. കഴിഞ്ഞദിവസം ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രേവന്ത് റെഡ്ഡി തൊപ്പി ധരിച്ചെത്തിയത്. നവംബർ 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹിൽസ് മണ്ഡലത്തിലെ കോൺഗ്രസ് പരിപാടിയിലായിരുന്നു ഇത്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
'അസ്ഹറുദ്ദീനോ എംഐഎമ്മോ ഇങ്ങനെ തൊപ്പി ധരിക്കില്ല. പക്ഷേ വോട്ടിനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കോൺഗ്രസ് സ്ഥാനാർഥികളും അത് ധരിക്കും. അസ്ഹറുദ്ദീനെ കൊണ്ട് വക്രതുണ്ഡ മഹാകായ ചൊല്ലിക്കാനും ഹിന്ദു വോട്ടിനായി ഉവൈസിയെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ ആരതി നടത്താൻ കൊണ്ടുവരാനും രേവന്ത് റെഡ്ഡിക്ക് ധൈര്യമുണ്ടോ?'- കേന്ദ്രമന്ത്രി ചോദിച്ചു.
തൊപ്പി ധരിച്ച രേവന്ത് റെഡ്ഡി, അസ്ഹറുദ്ദീനെക്കൊണ്ട് ഹിന്ദു പ്രാർഥന ചൊല്ലിക്കണമെന്നും നെറ്റിയിൽ കുറിയണിയിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 'ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ ഭാഗ്യലക്ഷ്മി ക്ഷേത്രമുണ്ട്. അക്ബറുദ്ദീൻ ഉവൈസിയോ അസദുദ്ദീൻ ഉവൈസിയോ അവിടെയെത്തി ദർശനം നടത്തുകയോ തേങ്ങയുടയ്ക്കുകയോ ആരതി നടത്തുകയോ ചെയ്തിട്ടുണ്ടോ? അതിനെക്കുറിച്ച് രേവന്ത് റെഡ്ഡി ചിന്തിക്കണം'- ബണ്ഡി സഞ്ജയ് കുമാർ അഭിപ്രായപ്പെട്ടു.
വോട്ട് ചെയ്യുന്നതിന് മുമ്പ് ബുർഖ ധരിച്ച വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്നും ബണ്ഡി കുമാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഭരണഘടനയും തെരഞ്ഞെടുപ്പ് കമ്മീഷനും എല്ലാവർക്കും ഒരുപോലെയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസും ബിആർഎസും എഐഎംഐഎമ്മിൽ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നതെന്ന് കഴിഞ്ഞദിവസം ബണ്ഡി സഞ്ജയ് കുമാർ ആരോപിച്ചിരുന്നു.
Adjust Story Font
16

