ശുചിമുറിയില്‍ രക്തക്കറ; സ്‌കൂളില്‍ കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തി; പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍
അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

മുംബൈ: ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രിന്‍സിപ്പലും അറ്റന്‍ഡന്‍ററും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത് . ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മാതാപിതാക്കൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സ്കൂൾ മാനേജ്മെന്‍റിനും അഡ്മിനിസ്ട്രേഷനുമെതിരെ നടപടി സ്വീകരിച്ചതായി താനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ടോയ്‍ലറ്റിൽ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികള്‍ എന്ന് കണ്ടെത്തുന്നതിനായി, 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ശുചിമുറിയിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ വാഷ്റൂമുകളിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കി.
പരാതിക്കാരിയായ മാതാപിതാക്കളില്‍ ഒരാളുടെ മകളോട്, ആര്‍ത്തവമില്ലാത്തപ്പോള്‍ എന്തിനാണ് സാനിറ്ററി പാഡ് ഉപയോഗിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചതായും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കള്ളം പറഞ്ഞതായി ആരോപിക്കുകയും ബലമായി അവളുടെ വിരലടയാളം എടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തി സ്‌കൂളിലെ അനുഭവം മാതാപിതാക്കളോട് പറഞ്ഞു. പ്രിന്‍സിപ്പലിന്റെ പ്രവൃത്തി പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ഒരമ്മയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍, നാല് അധ്യാപകര്‍, അറ്റന്‍ഡര്‍, രണ്ട് ട്രസ്റ്റികള്‍ എന്നിവര്‍ക്കെതിരെ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവിന്‍റെ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.
Adjust Story Font
16

