Quantcast

'താജ്മഹൽ നിർമിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ല'; കലാ അക്കാദമി നിർമാണത്തെ ന്യായീകരിക്കാൻ വിചിത്രവാദവുമായി ഗോവ മന്ത്രി

ക്വട്ടേഷൻ ക്ഷണിക്കാതെ കലാ അക്കാദമിയുടെ കെട്ടിടം നവീകരിക്കാനുള്ള സർക്കാർ തീരുമാനം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് ജിഎഫ്പി എംഎൽഎ ആയ വിജയ് സർദേശായിയുടെ ആരോപണം.

MediaOne Logo

Web Desk

  • Published:

    14 July 2022 7:19 AM GMT

താജ്മഹൽ നിർമിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ല; കലാ അക്കാദമി നിർമാണത്തെ ന്യായീകരിക്കാൻ വിചിത്രവാദവുമായി ഗോവ മന്ത്രി
X

പനാജി: ക്വട്ടേഷൻ ക്ഷണിച്ചതിന് ശേഷമല്ല ഷാജഹാൻ ചക്രവർത്തി താജ്മഹൽ നിർമിച്ചതെന്ന് ഗോവ കലാ-സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ. നിയമസഭാ ചോദ്യോത്തരവേളയിൽ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) എംഎൽഎ വിജയ് സർദേശായി, സംസ്ഥാന തലസ്ഥാനത്തെ കലാ അക്കാദമി കെട്ടിടം നവീകരിക്കാൻ 49 കോടി രൂപയുടെ വർക്ക് ഓർഡർ അനുവദിച്ചപ്പോൾ കലാ-സാംസ്‌കാരിക വകുപ്പ് നടപടിക്രമങ്ങൾ മറികടന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

''താജ്മഹൽ എക്കാലവും നിലനിൽക്കുന്നതും മനോഹരവുമാണ്, കാരണം ഷാജഹാൻ അത് ആഗ്രയിൽ നിർമിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ല. എന്റെ ബഹുമാന്യനായ സഹപ്രവർത്തകൻ തീർച്ചയായും ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചിരിക്കണം. അതിന്റെ നിർമാണം 1632ൽ ആരംഭിച്ച് പൂർത്തിയായത് 1653ലാണ്. ഇന്നും അത് മനോഹരവും ശാശ്വതവുമായി കാണപ്പെടാൻ കാരണമെന്താണ്? അത് നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ ക്ഷണിച്ചിരുന്നില്ല. 390 വർഷങ്ങൾ പിന്നിട്ടിട്ടും അത് അങ്ങനെത്തന്നെ നിലനിൽക്കുന്നു''-ഇതായിരുന്നു മന്ത്രിയുടെ മറുപടി.

ക്വട്ടേഷൻ ക്ഷണിക്കാതെ കലാ അക്കാദമിയുടെ കെട്ടിടം നവീകരിക്കാനുള്ള സർക്കാർ തീരുമാനം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് ജിഎഫ്പി എംഎൽഎ ആയ വിജയ് സർദേശായിയുടെ ആരോപണം. 1960-കളിൽ പണികഴിപ്പിച്ച കലാ അക്കാദമി ഗോവയിലെ കലകൾക്കായുള്ള കേന്ദ്രമായിരുന്നു. പ്രമുഖ വാസ്തുശിൽപിയും നഗരാസൂത്രകനുമായ ചാൾസ് കൊറിയയാണ് ഇത് രൂപകൽപന ചെയ്തത്. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്.

ഒരു വർഷം കഴിഞ്ഞിട്ടും കലാ അക്കാദമിയുടെ പണി പൂർത്തിയാവാത്തത് എന്തുകൊണ്ടാണെന്നും സർദേശായി ചോദിച്ചു. നാലു കോടി രൂപ ചെലവഴിച്ച് നിർമിച്ച കലാ അക്കാദമിയുടെ നവീകരണത്തിന് ഇതുവരെ 56 കോടി രൂപ ചെലവായെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണവും മന്ത്രി നിഷേധിച്ചു. നവീകരണത്തിന് 39.63 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ചെലവായതെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story