Quantcast

കര്‍ണാടകയിൽ വൻ ബാങ്ക് കൊള്ള; മോഷണം പോയത് 52 കോടിയുടെ സ്വര്‍ണം, 5.20 ലക്ഷവും കവര്‍ന്നു

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സ്വർണ്ണ കൊള്ളകളിലൊന്നായി മാറിയിരിക്കുകയാണ് കര്‍ണാടകയിലെ ബാങ്ക് കവര്‍ച്ച

MediaOne Logo

Web Desk

  • Updated:

    2025-06-03 12:33:16.0

Published:

3 Jun 2025 2:34 PM IST

കര്‍ണാടകയിൽ വൻ ബാങ്ക് കൊള്ള; മോഷണം പോയത് 52 കോടിയുടെ സ്വര്‍ണം, 5.20 ലക്ഷവും കവര്‍ന്നു
X

ബെംഗളൂരു: കര്‍ണാടകയിൽ കോടികളുടെ ബാങ്ക് കവര്‍ച്ച. കനറാ ബാങ്കിന്‍റെ വിജയപുര മനഗുള്ളി ശാഖയിലാണ് മോഷണം നടന്നത്. ബാങ്കിന്‍റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 51 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവര്‍ന്നത്. മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 52 കോടിയോളം മൂല്യം വരും. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സ്വർണ്ണ കൊള്ളകളിലൊന്നായി മാറിയിരിക്കുകയാണ് കര്‍ണാടകയിലെ ബാങ്ക് കവര്‍ച്ച.

മേയ് 23-ന് വൈകിട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്‍റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. ഇയാൾ ഉടനെ തന്നെ ബ്രാഞ്ച് ഇന്‍ ചാര്‍ജിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ റീജിയണല്‍ മേധാവിക്കും വിവരം കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്‌ട്രോങ് റൂമിലെ വിവിധ അലമാരകള്‍ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ അളവ് കണക്കാക്കിയത്. കേസിൽ ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ല.

മേയ് 23 ന് വൈകിട്ട് 6 മണിക്കും മേയ് 25 ന് രാവിലെ 11.30 നും ഇടയിലാണ് സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതെന്ന് സംശയിക്കുന്നതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു. "പ്രതികളെ പിടികൂടാൻ ഞങ്ങൾ എട്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. മോഷണത്തിൽ 6 മുതൽ 8 വരെ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.മുൻകൂട്ടി ആസൂത്രണം ചെയ്ത മോഷണമാണിതെന്നും കുറ്റകൃത്യം നടത്താൻ മോഷ്ടാക്കൾ രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും നീണ്ട വാരാന്ത്യത്തിനായി കാത്തിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാജ താക്കോൽ ഉപയോഗിച്ചാണ് കള്ളൻ ബാങ്കിൽ കയറിയതെന്നും അലാറം ഓഫ് ചെയ്തവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സിസി ടിവി ക്യാമറകൾ ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം. കൃത്യം നടത്തിയ ശേഷം വീഡിയോ റെക്കോർഡർ (എൻവിആർ) എടുത്തുകൊണ്ടുപോകുകയും ചെയ്തു. മോഷണത്തിന് ശേഷം പ്രതികൾ മന്ത്രവാദം നടത്തിയെന്ന് സംശയമുണ്ടെന്നും ഒരു കറുത്ത പാവ കണ്ടെടുത്തതായും വിജയപുര പൊലീസ് വ്യക്തമാക്കി.

കര്‍ണാടകയിൽ ബാങ്ക് കൊള്ള ഒരു പുതിയ സംഭവമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് ബെംഗളൂരുവിൽ നിന്ന് 325 കിലോമീറ്റർ അകലെ ദാവണഗരെ ജില്ലയിലെ ന്യാമതി പട്ടണത്തിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) ഒരു ശാഖയിൽ നിന്ന് 13 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ ആറ് പേരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 17ന് മംഗളൂരുവിലെ കോട്ടേക്കറിലെ വ്യവസായ സേവാ സഹകാരി സംഘ ബാങ്കിൽ നിന്നും 12 കോടിയുടെ സ്വർണം ഒരു സംഘം കവര്‍ന്നിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

TAGS :

Next Story