Quantcast

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

ഭീഷണിയെ തുടര്‍ന്ന് പൊലീസ് ക്ഷേത്ര സമുച്ചയത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-07-15 03:43:28.0

Published:

15 July 2025 9:12 AM IST

Golden temple
X

അമൃത്സര്‍: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം . ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ പരാതിയിൽ പെലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി അമൃത്സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് പൊലീസ് ക്ഷേത്ര സമുച്ചയത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സുവർണ ക്ഷേത്ര സമുച്ചയത്തിലെ ലങ്കാർ ഹാൾ (കമ്മ്യൂണിറ്റി കിച്ചൺ ഹാൾ) പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഒരു ഇ-മെയിൽ കമ്മിറ്റിക്ക് ലഭിച്ചതായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സംസ്ഥാന പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാന സൈബർ കുറ്റകൃത്യങ്ങളുടെയും മറ്റ് ഏജൻസികളുടെയും സഹായം തേടുമെന്നും അന്വേഷണം ആരംഭിച്ചതിനാൽ കേസ് ഉടൻ പരിഹരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ തടയാൻ ബോംബ് ഡിസ്പോസൽ സ്ക്വാഡും ആന്‍റി-സാബോട്ടേജ് ടീമും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും അമൃത്സറിൽ നിന്നുള്ള പാർലമെന്‍റ് അംഗവുമായ ഗുർജീത് സിംഗ് ഔജ്‌ല എക്‌സിൽ കുറിച്ചു. ''സുവര്‍ണ ക്ഷേത്രം ആര്‍ഡിഎക്സ് ഉപയോഗിച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇത് ഒരു മതകേന്ദ്രത്തിനു നേരെയുള്ള ഭീഷണി മാത്രമല്ല - സമാധാനത്തിനും വിശ്വാസത്തിനും മാനവികതയ്ക്കും നേരെയുള്ള ആക്രമണമാണ്. മുഖ്യമന്ത്രിയോടും പഞ്ചാബ ഡിജിപിയോടും അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കാൻ അഭ്യര്‍ഥിക്കുന്നു. ദിവസവും ലക്ഷക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും സന്ദർശിക്കുന്ന ഒരു പുണ്യ ആരാധനാലയമാണിത്.സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. എല്ലാ വകുപ്പുകളും ഉയർന്ന ജാഗ്രത പാലിക്കണം. ഇന്റലിജൻസിലോ സുരക്ഷയിലോ ഉണ്ടാകുന്ന ഒരു വീഴ്ചയും ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല. ഞങ്ങളുടെ പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു'' അദ്ദേഹത്തിന്‍റെ പോസ്റ്റിൽ പറയുന്നു.

TAGS :

Next Story