Quantcast

എഐ ഉപയോഗിക്കാൻ ഇനി ഗൂഗിൾ പഠിപ്പിക്കും; വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും സുവർണാവസരം

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് പുതിയ കോഴ്‌സിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്

MediaOne Logo
എഐ ഉപയോഗിക്കാൻ ഇനി ഗൂഗിൾ പഠിപ്പിക്കും; വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും സുവർണാവസരം
X

ന്യുഡൽഹി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും എഐ ഉപയോഗം അനിവാര്യമായ ഒരു കാലഘട്ടമാണിത്. മാറുന്ന കാലത്തിനൊപ്പം ഓടിയില്ലെങ്കിൽ തൊഴിൽമേഖലയിൽ നമ്മൾ പിന്തള്ളപ്പെടുമെന്നും തീർച്ച. എന്നാൽ, എഐ പഠിക്കാൻ താൽപര്യമുള്ളവരെ പഠിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും സഹായമാവുന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് പുതിയ കോഴ്‌സിനെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എഐയെ കുറിച്ച് കാര്യമായി അറിവില്ലാത്തവർക്കും ഉപകാരപ്രദമായ രീതിയിലാണ് കോഴ്‌സ് ഡിസൈൻ ചെയ്തിട്ടുള്ളത്. വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോഴ്‌സിൻ്റെ ഭാഗമാവാൻ സാധിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും കോഴ്‌സ് ലഭ്യമായിരിക്കും. വധ്വാനി എഐയുമായി സഹകരിച്ചാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. രണ്ട് കോടിയോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് എഐയിൽ പ്രാവീണ്യം നൽകുക എന്നതാണ് കോഴ്‌സ് കൊണ്ട് ലക്ഷ്യമിടുന്നത്.

വിശാഖപട്ടണത്ത് 15 ബില്യൺ ഡോളർ ചിലവിട്ട് സ്ഥാപിച്ച എഐ ഹബ് വലിയ തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള എഐ ഡാറ്റാ വിനിമയം വേഗത്തിലാക്കാൻ പുതിയ സമുദ്രാന്തര കേബിൾ ശൃംഖല സ്ഥാപിക്കും. ഇന്ത്യയെ അമേരിക്കയുമായും ദക്ഷിണാർദ്ധഗോളത്തിലെ വിവിധ രാജ്യങ്ങളുമായും ഈ കേബിൾ വഴി ബന്ധിപ്പിക്കും.ജെമിനി എഐ പോലുള്ള സേവനങ്ങൾക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ എഐ ടൂളായ ജെമിനിയുടെ പ്രധാനപ്പെട്ട മാർക്കറ്റാണ് ഇന്ത്യയെന്നും സുന്ദർപിച്ചൈ പറഞ്ഞു.

TAGS :

Next Story