എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്: ബയോമെട്രിക് കെവൈസി ഉടൻ പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം
രാജ്യത്തെ 10.51 കോടി വരുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഇ-കൈവൈസി നിർബന്ധമാണ്

ഡൽഹി: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നിലവിലുള്ള 33 കോടിയിലധികം വരുന്ന ഉപഭോക്താക്കൾ തങ്ങളുടെ കണക്ഷൻ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഈ നടപടി പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഗ്യാസ് ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിലിരുന്ന് മൊബൈൽ ആപ്പ് വഴി ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രാലയം എക്സിൽ കുറിച്ചു. രാജ്യത്തെ 10.51 കോടി വരുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഇ-കൈവൈസി നിർബന്ധമാണ്. എന്നാൽ ഇവർക്കായി സർക്കാർ ചില പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-കെവൈസി പൂർത്തിയാക്കിയില്ല എന്ന കാരണത്താൽ സിലിണ്ടർ വിതരണം നിർത്തിവെക്കില്ല. ഒരു സാമ്പത്തിക വർഷത്തിൽ 7 സിലിണ്ടറുകൾ വരെ കെവൈസി ഇല്ലാതെ തന്നെ ലഭിക്കും.ഒരു സാമ്പത്തിക വർഷം ഏഴിൽ കൂടുതൽ സിലിണ്ടറുകൾ ആവശ്യമുള്ള ഉജ്ജ്വല ഗുണഭോക്താക്കൾ നിർബന്ധമായും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയിരിക്കണം.ഗ്യാസ് സിലിണ്ടറിനുള്ള സബ്‌സിഡി തടസ്സമില്ലാതെ ലഭിക്കാൻ വർഷത്തിലൊരിക്കൽ ഇ-കെവൈസി പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
എങ്ങനെ ചെയ്യാം
- നിങ്ങളുടെ ഗ്യാസ് കണക്ഷൻ ഏത് കമ്പനിയുടേതാണോ (ഇന്ത്യൻ ഓയിൽ, എച്ച്‍പി, ഭാരത് ഗ്യാസ് ) ആ കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- പ്ലേ സ്റ്റോറിൽ നിന്ന് Aadhaar FaceRD ആപ്പും ഇൻസ്റ്റാൾ ചെയ്യണം
- ഗ്യാസ് കമ്പനി ആപ്പിൽ ലോഗിൻ ചെയ്ത് 'e-KYC' ഓപ്ഷൻ തെരഞ്ഞെടുക്കുക
- ആധാർ നമ്പർ നൽകിയ ശേഷം ക്യാമറ വഴി നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക
- വെരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ നിങ്ങളുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യപ്പെടും
- വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 2333555
Adjust Story Font
16

