രാജ്യത്ത് UAPA അറസ്റ്റുകൾ വർധിച്ചു, ശിക്ഷിക്കപ്പെട്ടത് മൂന്ന് ശതമാനം മാത്രം; കൂടുതൽ കേസുകൾ യുപിയിലും ജമ്മു കശ്മീരിലും: സർക്കാർ ഡാറ്റ
2019 മുതൽ 2023 വരെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി മൊത്തം 10,440 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതായി കണക്കുകളിൽ കാണിക്കുന്നു

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കേന്ദ്രം പങ്കുവെച്ച കണക്കുകൾ പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം രാജ്യത്തുടനീളം അറസ്റ്റിലായവരുടെ എണ്ണം 2019ൽ 1,948 ൽ നിന്ന് 2023ൽ 2,914 ആയി വർധിച്ചു. എന്നാൽ ഈ കേസുകളിൽ മൊത്തത്തിലുള്ള ശിക്ഷാ നിരക്ക് വെറും 3 ശതമാനത്തിൽ താഴെ മാത്രമാണ്. കോൺഗ്രസ് എംപി ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, 2023ൽ യുഎപിഎ പ്രകാരം ആകെ 2,914 പേരെ അറസ്റ്റ് ചെയ്തതായും 2019ൽ ഇത് 1,948 ആയിരുന്നെന്നും ഇത് ഏകദേശം 50 ശതമാനം വർധനവ് കാണിക്കുന്നുണ്ടെന്നും പറഞ്ഞു.
2019 മുതൽ 2023 വരെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി മൊത്തം 10,440 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതായി കണക്കുകളിൽ കാണിക്കുന്നു. ഈ കാലയളവിൽ 335 പേർക്ക് (3.2 ശതമാനം) മാത്രമാണ് ശിക്ഷ ലഭിച്ചത്. 'നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഡാറ്റ സമാഹരിക്കുകയും അതിന്റെ വാർഷിക പ്രസിദ്ധീകരണമായ 'ക്രൈം ഇൻ ഇന്ത്യ'യിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ലഭ്യമായ ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച ഡാറ്റ 2023 വരെയാണ്.' മന്ത്രി തന്റെ മറുപടിയിൽ പറഞ്ഞു.
2020ൽ 1,321 അറസ്റ്റുകളായി കുറഞ്ഞതിന് ശേഷം 2021ൽ 1,621 ആയി വർധിച്ചു. 2022ൽ അത് ഏകദേശം ഇരട്ടിയായി 2,636 ആയി. 2023ൽ യുഎപിഎ പ്രകാരം ഏറ്റവും കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 1,122 പേർ. തൊട്ടുപിന്നാലെ അസം (154), മണിപ്പൂർ (130), മേഘാലയ (71), പഞ്ചാബ് (50), ബിഹാർ (34), ജാർഖണ്ഡ് (29) എന്നീ സംസ്ഥാനങ്ങളാണ്. യുപിയിൽ നടന്ന 1,122 അറസ്റ്റുകളിൽ 75 പേരിൽ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ 2023ൽ യുഎപിഎ ചുമത്തി 1,206 അറസ്റ്റിലായവരിൽ ജമ്മു കശ്മീരാണ് പട്ടികയിൽ ഒന്നാമത്. ഇതിൽ 10 പേര് മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. 2022ൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ അറസ്റ്റുകളുടെയും ശിക്ഷകളുടെയും എണ്ണം യഥാക്രമം 1,238 ഉം 11 ഉം ആയിരുന്നു. 2021, 2020, 2019 വർഷങ്ങളിൽ അറസ്റ്റുകളുടെയും ശിക്ഷകളുടെയും എണ്ണം യഥാക്രമം 645 ഉം പൂജ്യവും, 346 ഉം രണ്ടും, 227 ഉം പൂജ്യവും ആയിരുന്നു.
2019 മുതൽ 2023 വരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടതും ശിക്ഷിക്കപ്പെട്ടതുമായ വ്യക്തികളുടെ സംസ്ഥാന തിരിച്ചുള്ള ഡാറ്റ (Source: Sansad.in)
2019 മുതൽ 2023 വരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടതും ശിക്ഷിക്കപ്പെട്ടതുമായ വ്യക്തികളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഡാറ്റ (Source: Sansad.in)
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യയിലെ പ്രാഥമിക ഭീകരവിരുദ്ധ നിയമനിർമാണമാണ് യുഎപിഎ. 1967ൽ ആദ്യമായി നടപ്പിലാക്കിയ ഈ നിയമം വിഘടനവാദ പ്രസ്ഥാനങ്ങളെ തടയുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ആദ്യം രൂപകൽപ്പന ചെയ്തത്. പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന രൂപങ്ങൾക്കെതിരായ പ്രതികരണമായി അതിന്റെ നിർവ്വഹണ പരിധി ശക്തിപ്പെടുത്തുന്നതിനായി ആക്ടിൽ കാര്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 2019ൽ നിയമത്തിൽ വരുത്തിയ ഒരു സുപ്രധാന ഭേദഗതി സർക്കാരിന്റെ അധികാരങ്ങൾ വിപുലീകരിച്ചു. സംഘടനകൾക്ക് പുറമേ വ്യക്തികളെയും 'ഭീകരരായി' പ്രഖ്യാപിക്കാൻ ഇത് അനുവദിക്കുന്നു.
Adjust Story Font
16

