'പുറത്തിറക്കേണ്ടത് ബ്രിട്ടീഷുകാരിൽനിന്ന് സവർക്കർ വാങ്ങിയിരുന്ന പെൻഷൻ തുകയായ 60 രൂപയുടെ നാണയം'; കേന്ദ്ര സർക്കാരിനെ വിമർശിച്ച് പവൻ ഖേഡ
'ചരിത്രം വളച്ചൊടിക്കാൻ ബിജെപി എത്ര ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായിത്തന്നെ നിലനിൽക്കുമെന്ന യാഥാർത്ഥ്യം മാറ്റാൻ കഴിയില്ല'

ന്യൂഡൽഹി: ആർഎസ്എസിന്‍റെ സംഭാവനകൾ ഉയർത്തിക്കാട്ടി സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേഡ. സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പെൻഷനായി കൈപ്പറ്റിയിരുന്ന തുകയായ 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേഡ പറഞ്ഞു.
'60 രൂപയുടെ നാണയം ആകണമായിരുന്നു. സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷനായി ലഭിച്ചിരുന്ന തുകയാണത്. ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നുണ്ടെങ്കിൽ, ബ്രിട്ടീഷ് പോസ്റ്റിനുവേണ്ടി ഒരു സ്റ്റാമ്പ് പുറത്തിറക്കണമായിരുന്നു. അതിലൂടെയാണ് അവർ ബ്രിട്ടീഷുകാർക്ക് ദയാഹർജികൾ അയച്ചിരുന്നത്. നിങ്ങൾ എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും എത്ര നാണയങ്ങൾ പുറത്തിറക്കിയാലും എത്രമാത്രം ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ തിരുകിക്കയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നു. ഗാന്ധിയുടേതാണ്. ഗാന്ധിയുടേതായി തന്നെ നിലനിൽക്കുകയും ചെയ്യും'- പവൻ ഖേഡ എക്സിൽ കുറിച്ചു.
ചരിത്രം വളച്ചൊടിക്കാൻ ബിജെപി എത്ര ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായിത്തന്നെ നിലനിൽക്കുമെന്ന യാഥാർത്ഥ്യം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിൽനിന്ന് പുറത്തുപോകുന്ന നിമിഷം ആർഎസ്എസ് - ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽനിന്ന് ഈച്ചയെ എന്നപോലെ' എടുത്ത് ദൂരെക്കളയുമെന്നും പവൻ ഖേഡ പറഞ്ഞു.
ആർഎസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പശ്ചാത്തലത്തിലായിരുന്നു പവൻ ഖേഡയുടെ പ്രതികരണം.
Adjust Story Font
16

