ഉത്തർപ്രദേശിലെ സംഭലിൽ ഖബർസ്ഥാനിൽ ബുൾഡോസർ രാജ്
ശ്മശാനം സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ചാണ് നടപടി.

സംഭൽ: ഉത്തർപ്രദേശിലെ സംഭലിലെ ആലം സാരായ് ഗ്രാമത്തിൽ ഖബർസ്ഥാന്റെ മതിൽ പൊളിച്ചു. മുറാദാബാദ് റോഡിൽ ചാൻദൗസി ഭാഗത്താണ് ബുധനാഴ്ച രാത്രി സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
റെയിൽവേ ക്രോസിങ്ങിന് സമീപമുള്ള ഖബർസ്ഥാന്റെ മതിൽ 10 മീറ്റർ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തിയെന്നും ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയതെന്നും വിനയ്കുമാർ മിശ്ര പറഞ്ഞു. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുഭാഗത്ത് ഏഴ് മീറ്റർ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.
പരാതി ലഭിച്ചതിനെ തുടർന്ന് ഇരുവിഭാഗത്തോടും സംസാരിച്ചെന്നും അന്വേഷണത്തിൽ സർക്കാർ ഭൂമിയിലാണ് ഖബർസ്ഥാൻ നിൽക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീൽദാർ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബർസ്ഥാൻ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
Adjust Story Font
16

