Quantcast

'അവർ അമ്മയെ അടിച്ചു, പിന്നെ തീക്കൊളുത്തി'; നോയിഡയിലെ സ്ത്രീധനക്കൊലയിൽ മകന്റെ വെളിപ്പെടുത്തൽ

ഗ്രേറ്റർ നോയിഡയിലെ നിക്കി എന്ന യുവതിയാണ് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    24 Aug 2025 7:36 AM IST

Greater Noida Dowry Murder
X

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീക്കൊളുത്തി കൊന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി മകൻ. തന്റെ പിതാവും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇതിന് സാക്ഷിയായ മകൻ പറഞ്ഞു.

''ആദ്യം അവർ അമ്മയുടെ ദേഹത്ത് എന്തോ ഇട്ടു. പിന്നെ അമ്മയെ അടിച്ചു, ലൈറ്റർ ഉപയോഗിച്ച് തീക്കൊളുത്തി''- മകൻ പറഞ്ഞു.

ഗ്രേറ്റർ നോയിഡയിലെ നിക്കി എന്ന യുവതിയാണ് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ഒമ്പത് വർഷം മുമ്പാണ് നിക്കിയും ഗ്രേറ്റർ നോയിഡ സ്വദേശി വിപിൻ ഭാട്ടിയും വിവാഹിതരായത്.

36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് നിക്കിയെ കൊലപ്പെടുത്തിയതെന്ന് സഹോദരിയായ കാഞ്ചൻ പറഞ്ഞു. തന്റെ മുന്നിലാണ് നിക്കി വെന്തുമരിച്ചത്. കാഞ്ചനേയും നിക്കിയേയും ഒരേ കുടുംബത്തിലേക്കാണ് വിവാഹം കഴിച്ചത്.

''ഞങ്ങളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. വിവാഹസമയത്ത് ഇതും അതും കിട്ടിയില്ലെന്ന് പറഞ്ഞാണ് മർദനം. ഞങ്ങളുടെ വീട്ടിൽ നിന്ന് 36 ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് മർദിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.30നും 4 മണിക്കും ഇടയിൽ എന്നെയും മർദിച്ചിരുന്നു. നിങ്ങൾ മരിക്കുന്നതാണ് നല്ലത്, എന്നാൽ ഞങ്ങൾക്ക് വേറെ വിവാഹം കഴിക്കാം എന്നാണ് അവർ പറഞ്ഞത്''- കാഞ്ചൻ പറഞ്ഞു.

നിക്കിയെ ഭർത്താവ് മുടിയിൽ പിടിച്ച് വലിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അയൽവാസികളാണ് നിക്കിയെ ആശുപത്രിയിൽ എത്തിച്ചത്. ഫോർട്ടിസ് ആശുപത്രിയിലാണ് നിക്കിയെ ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നാൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് നിക്കി മരിച്ചത്.

സഹോദരിയുടെ പരാതിയിൽ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടി, സഹോദരൻ രോഹിത് ഭാട്ടി, ഭർതൃമാതാവ് ദയ, പിതാവ് സത്‌വീർ എന്നിവർക്കെതിരെ കേസെടുത്തു. നിക്കിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാസ്‌ന പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

TAGS :

Next Story