Quantcast

വരമാല ചടങ്ങിനിടെ ഉച്ചത്തില്‍ ഡിജെ സംഗീതം; വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    3 March 2023 5:47 AM GMT

Surendra Kumar
X

സുരേന്ദ്രകുമാറും വധുവും

സീതാമർഹി: വരമാല ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതത്തില്‍ അസ്വസ്ഥത തോന്നിയ വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം.

വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സീതാമർഹിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.ബുധനാഴ്ചയാണ് സംഭവം. ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡിജെ പ്ലേ ചെയ്യുന്നതിനെതിരെ സുരേന്ദ്രന്‍ അസ്വസ്ഥനാകുകയും പലതവണ പരാതിപ്പെടുകയും ചെയ്തിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഡിജെ നിരോധനം കർശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ രാജീവ് കുമാർ മിശ്രയും അധികൃതരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഭോപ്പാലിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്. വിവാഹ സത്കാരത്തില്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതമാണ് പ്രശ്നമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതം മൂലം തന്‍റെ ഫാമിലെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമയും നേരത്തെ രംഗത്തെത്തിയിരുന്നു. അയൽവാസിയായ രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ്‌‌ കോഴികളുടെ മരണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു.

TAGS :

Next Story