Quantcast

മൂന്നു കോടി സ്ത്രീധനം വാങ്ങി, പ്രീ വെഡിങ് പാര്‍ട്ടിയില്‍ മദ്യപിച്ച് മോശം പെരുമാറ്റം: വരനെതിരെ കേസ്

പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി

MediaOne Logo

Web Desk

  • Published:

    9 April 2023 4:46 AM GMT

Drunk Groom Misbehaves With Bride During Pre Wedding Ceremony hyderabad
X

ഹൈദരാബാദ്: വിവാഹത്തിന് മുന്‍പുള്ള പാര്‍‌ട്ടിക്കിടെ പ്രതിശ്രുത വധുവിനോട് മോശമായി പെരുമാറിയ വരനെതിരെ കേസ്. വധുവിന്‍റെ വീട്ടുകാര്‍ ഈ വിവാഹം വേണ്ടെന്നു വെയ്ക്കുകയും ചെയ്തു. ഹൈദരാബാദിലാണ് സംഭവം.

മൊയ്‌നാബാദിലെ ഒരു റിസോർട്ടില്‍ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിൽ വരൻ വൈഷ്ണവിന്റെ മോശം പെരുമാറ്റത്തെ എതിർത്തപ്പോൾ അയാളും സുഹൃത്തുക്കളും ചേർന്ന് വധുവിന്‍റെ വീട്ടുകാരെ മര്‍ദിച്ചെന്നാണ് പരാതി. വൈഷ്ണവ് മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.

സ്ത്രീധനമായി നല്‍കിയ മൂന്നു കോടി രൂപ തിരികെ വേണമെന്ന് വധുവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുക തിരികെ നൽകാൻ വരന്റെ വീട്ടുകാർ തയ്യാറായില്ല. അവർ സ്വന്തം നാടായ ചിറ്റൂരിലേക്ക് മടങ്ങുകയും ചെയ്തു. ഇതുകൂടാതെ വരന് ഡയമണ്ട് മോതിരവും രണ്ട് ലക്ഷം രൂപ വിലയുള്ള വാച്ചും നൽകിയിരുന്നു. തുടര്‍ന്ന് സ്ത്രീധനത്തുക തിരികെ ലഭിക്കാൻ പെണ്‍കുട്ടിയുടെ വീട്ടുകാർ വീണ്ടും പൊലീസിനെ സമീപിച്ചു. പ്രീ വെഡിങ് പാര്‍ട്ടിക്കായി 50 ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു.

വൈഷ്ണവിനും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെതിരെ ഐ.പി.സി സെക്ഷൻ 354 (സ്ത്രീത്വത്തെ അപമാനിക്കല്‍), 324 (ആയുധം കൊണ്ട് മുറിവേൽപ്പിക്കല്‍), 420 (വഞ്ചന), 506 (ഭീഷണിപ്പെടുത്തൽ), സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Summary- A marriage was called off and a criminal case under several sections was charged against a man after he allegedly misbehaved with his fiance during a pre-wedding party in Hyderabad

TAGS :

Next Story