ജിഎസ്ടി 2.0 നാളെ മുതൽ, രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തും; പ്രധാനമന്ത്രി
ജിഎസ്ടി പരിഷ്‌കരണം സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്ന് മോദി

ന്യൂഡൽഹി: ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി 2.0 നാളെ മുതൽ നിലവിൽ വരുമെന്ന് മോദി പ്രഖ്യാപിച്ചു. 99 ശതമാനം ഉത്പനങ്ങളുടെയും വിലകുറയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനകുതിപ്പിന് പുതുതലമുറ ജിഎസ്ടി പരിഷ്ക്കാരം ഇടയാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയുടെ വളർച്ചയ്ക്ക് ജിഎസ്ടി 2.0 വേഗത കൂട്ടുമെന്നും രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
സ്വദേശിവത്കരണത്തിലൂടെ ഇന്ത്യ വളരുകയാണെന്നും രാജ്യം സ്വയം പര്യാപ്തതയുടെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടരലക്ഷം കോടിയുടെ നേട്ടമാണ് ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്. നികുതി സ്ളാബുകൾ അഞ്ച്,18 എന്നിങ്ങനെ ചുരുങ്ങുന്നതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലയിലുള്ളവർക്കും ഗുണം കിട്ടും. പൗരന്മാരാണ് ദൈവം എന്ന മന്ത്രവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പരിഷ്‌കരണം സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാനങ്ങളുടെ വികസനത്തെ ജിഎസ്ടി പരിഷ്‌കരണം ത്വരിതപ്പെടുത്തുമെന്നും മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഉത്പന്നങ്ങൾ കമ്പോളങ്ങളിൽ എത്തുന്നത് രാജ്യത്തിന്റെ വിജയക്കുതിപ്പിന് കരുത്ത് പകരുമെന്നും നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതായി വളരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ രാജ്യത്തിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നുള്ളത് നാം ഓരോരുത്തരും തീരുമാനമെടുക്കണമെന്നും രാജ്യത്തിന്റെ വികസനത്തിന് സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിഎസ്ടി പരിഷ്‌കരണത്തിലൂടെ കൂടുതൽ നിക്ഷേപമെത്തുമെന്നും സംസ്ഥാനങ്ങളുടെ വികസനത്തെ ജിഎസ്ടി പരിഷ്‌കരണം ത്വരിതപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളോട് സംശയ നിവാരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം രാജ്യം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യമുക്തമാക്കിയതായും മോദി അവകാശപ്പെട്ടു.
എല്ലാ ഓഹരി ഉടമകളുമായും ചർച്ച നടത്തിയതായും ഇന്ത്യയിലെ വ്യവസായം ജിഎസ്ടി എളുപ്പമാക്കിയെന്നും മോദി പറഞ്ഞു. എല്ലാവർക്കും നവരാത്രി ആശംസകൾ നേർന്ന് നടത്തി സംസാരിച്ച തുടങ്ങിയ മോദി നവരാത്രിയുടെ ആദ്യ ദിനം എല്ലാ വീടുകളിലും മധുരമെത്തുമെന്നും പറഞ്ഞു.
Adjust Story Font
16

