Quantcast

ഗുജറാത്തിലെ ദലിത് കുടുംബത്തെ കബളിപ്പിച്ച് ഇലക്ടറൽ ബോണ്ട് വാങ്ങിച്ചു; 10 കോടി 'തട്ടി' ബി.ജെ.പി

അദാനി ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ എന്റർപ്രൈസസ് ഏറ്റെടുത്ത കൃഷിഭൂമിക്കു നഷ്ടപരിഹാരമായി നല്‍കിയ തുകയില്‍നിന്നാണ് ആദായ നികുതി കേസ് പറഞ്ഞ് ഭീഷണിപ്പെടുത്തി ബോണ്ട് എടുപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-04-09 08:18:32.0

Published:

9 April 2024 7:58 AM GMT

Gujarats dalit farmer family tricked into donating Rs 10 crore to BJP through electoral bonds, Gujarat Dalit family electoral bond case, Adani welspun exploration, Savakara Manvar
X

അഹ്‌മദാബാദ്: ആദായ നികുതി വകുപ്പ് കേസ് പറഞ്ഞു ഭയപ്പെടുത്തിയും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ 11 കോടിയിലേറെ രൂപയുടെ ബോണ്ട് എടുപ്പിച്ചെന്ന് ആരോപണവുമായി ദലിത് കർഷക കുടുംബം. ഇതിൽ 10 കോടിയും ബി.ജെ.പി സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. ഗുജറാത്തിലെ കച്ചിലുള്ള അഞ്ജർ സ്വദേശികളാണു തട്ടിപ്പിനിരയായത്.

ഇലക്ടറൽ ബോണ്ടിലെ വിചിത്രകരമായ മറ്റൊരു തട്ടിപ്പ് കഥ 'ദി ക്വിന്റ്' വെബ് പോർട്ടലാണ് പുറത്തുകൊണ്ടുവന്നത്. 2023 ഒക്ടോബർ 11നാണ് സവാകര മാൻവറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരിൽ അദാനി ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ എന്റർപ്രൈസസിൽ സീനിയർ ജനറൽ മാനേജറായ മഹേന്ദ്ര സിങ് സോധ 11,00,14,000 രൂപയുടെ ഇലക്ടോറൽ ബോണ്ട് വാങ്ങിയത്. ഒക്ടോർ 16ന് ഇതിൽ 10 കോടിയും ബി.ജെ.പി സ്വന്തമാക്കി. ബാക്കി ഒരു കോടിയിലേറെ വരുന്ന തുക രണ്ടു ദിവസം കഴിഞ്ഞ് ശിവസേനയുടെ അക്കൗണ്ടിലുമെത്തി.

43,000 ചതുരശ്ര മീറ്റർ വരുന്ന അഞ്ജറിലെ തങ്ങളുടെ കൃഷിഭൂമി വെൽസ്പൺ ഏറ്റെടുത്തിരുന്നുവെന്ന് മാൻവറിന്റെ മകൻ ഹരേഷ് സവകാര പറയുന്നു. സ്ഥലം ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിക്ക് നൽകിയത്. ഇത്രയും വലിയ തുക ആദായ നികുതി വകുപ്പിന്റെ കേസിനും ഗുലുമാലിനും ഇടയാക്കുമെന്ന് നഷ്ടപരിഹാരം തന്ന സമയത്ത് വെൽസ്ൺ മാനേജർ മഹേന്ദ്ര സിങ് സോധ ചൂണ്ടിക്കാട്ടി. ഇതു മറികടക്കാനെന്നു പറഞ്ഞാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്. അഞ്ചു വർഷം കൊണ്ട് ഈ തുകയുടെ 1.5 ഇരട്ടി ലഭിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വിദ്യാഭ്യാസമില്ലാത്തവരായതു കൊണ്ട് ഇത്തരമൊരു പദ്ധതിയെ കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും അതിനാൽ തങ്ങളെ വേഗത്തിൽ കബളിപ്പിക്കാൻ അവർക്കായെന്നും ഹരേഷ് പറയുന്നു.

2023 ആഗസ്റ്റിലാണു ജില്ലാ ഭരണകൂടം കൃഷി ഭൂമി വിൽക്കാനുള്ള അനുമതി നൽകിയത്. 16,61,21,877 രൂപയായിരുന്നു മൊത്തം സ്ഥലത്തിനു ഭരണകൂടം വില നിശ്ചയിച്ചിരുന്നത്. ഇതിൽ 2.80 കോടി രൂപ മുൻകൂറായി നൽകി. ബാക്കി തുക ഏഴ് ജോയിന്റ് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മഹേന്ദ്ര സിങ് സോധ വെൽസ്പൺ ഗസ്റ്റ് ഹൗസിൽ സവാകരെ മാൻവറിനെയും മകനെയും നാലു തവണ വിളിച്ചുവരുത്തി ഇലക്ടറൽ ബോണ്ടിനെ കുറിച്ചു വിവരിച്ചത്. ഒടുവിൽ കുടുംബത്തെ സമ്മതിപ്പിച്ച് ഇലക്ടറൽ ബോണ്ട് എടുപ്പിക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് ഹേമന്ത് രജിനികാന്ത് ഈ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നുവെന്നു കുടുംബം പറയുന്നു.

ഗുജറാത്തിലെ ഭൂപതിവ് ചട്ടപ്രകാരം കച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ലാൻഡ് ഇവല്യൂഷൻ കമ്മിറ്റി ചതുരശ്ര മീറ്ററിന് 17,500 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നതെന്ന് മാൻവർ കുടുംബത്തിന്റെ അഭിഭാഷകൻ ഗോവിന്ദ് ദഫാദ പറഞ്ഞു. ഈ കണക്കിന് ആകെ 76 കോടി രൂപയായിരുന്നു വെൽസ്പൺ കുടുംബത്തിനു നൽകേണ്ടിയിരുന്നത്. എന്നാൽ, ഇത്രയും ഭീമമായ തുക നൽകാൻ കമ്പനി ഒരുക്കമായിരുന്നില്ല. ഒരു വർഷത്തോളം സ്ഥലമേറ്റെടുപ്പ് മുടങ്ങിക്കിടന്നു. ഒടുവിൽ കച്ച് ഡെപ്യൂട്ടി കലക്ടറായിരുന്ന മെഹുൽ ദേശായി ഇടപെട്ട് കുടുംബവുമായി പലതവണ ചർച്ച നടത്തി 16.61 കോടി രൂപയിലേക്ക് നഷ്ടപരിഹാരത്തുക കുത്തനെ കുറയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

ഇലക്ടറൽ ബോണ്ട് തട്ടിപ്പിൽ കഴിഞ്ഞ മാർച്ച് 18ന് അഞ്ജർ പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. മഹേന്ദ്ര സിങ്ങിനു പുറമെ വെൽസ്പൺ ഡയരക്ടർമാരായ വിശ്വനാഥൻ കൊല്ലെങ്കോഡെ, സഞ്ജയ് ഗുപ്ത, ചിന്തൻ താക്കർ, പ്രവീൺ ബൻസാലി, അഞ്ജർ ലാൻഡ് അക്വിസിഷൻ ഓഫിസർ വിമൽ കിഷോർ ജോഷി, അഞ്ജർ സിറ്റി ബി.ജെ.പി പ്രസിഡന്റ് ഹേമന്ത് എന്ന ഡാനി രജിനികാന്ത് ഷാ എന്നിവർക്കെതിരെയും പരാതിയുണ്ട്. എന്നാൽ, ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണു വിവരം. കേസിനു മെറിറ്റ് ഉണ്ടെങ്കിൽ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര സിസോദിയ ക്വിന്റിനോട് പ്രതികരിച്ചിരിക്കുന്നത്.

Summary: Gujarat's dalit farmer family 'tricked' into donating Rs 10 crore to BJP through electoral bonds

TAGS :

Next Story