അനധികൃത കുടിയേറ്റം; ഡങ്കി റൂട്ട് വഴി യുഎസിലേക്ക് കടക്കുന്നതിനിടെ ഗുജറാത്ത് സ്വദേശി നിക്കരാഗ്വയിൽ കുഴഞ്ഞുവീണു മരിച്ചു
സബർകാന്ത ജില്ലയിലെ മൊയാദ് ഗ്രാമത്തിൽ താമസിക്കുന്ന ദിലീപ് പട്ടേലാണ് മരിച്ചത്

അഹമ്മദാബാദ്: വടക്കൻ ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ നിന്നുള്ള ഒരാൾ നിയമവിരുദ്ധമായ വഴിയിലൂടെ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നിക്കരാഗ്വയിൽ മരിച്ചു. സബർകാന്ത ജില്ലയിലെ മൊയാദ് ഗ്രാമത്തിൽ താമസിക്കുന്ന ദിലീപ് പട്ടേലാണ് മരിച്ചത്. പ്രമേഹരോഗിയായ പട്ടേൽ ഭാര്യയോടും കുട്ടിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ, മരുന്നിന്‍റെ അഭാവം മൂലം രോഗബാധിതനായി കോമയിലാവുകയായിരുന്നു.
"എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ യുഎസിലേക്ക് പോകാൻ ശ്രമിച്ചിരുന്ന മൊയാദ് ഗ്രാമത്തിൽ നിന്നുള്ള ഒരാൾ മരിച്ചുവെന്ന് അറിയാൻ കഴിഞ്ഞു. എനിക്ക് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല," ഗ്രാമ സർപഞ്ച് ധൻരാജ്സിങ് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. ഏജന്‍റുമാർക്ക് പണം നൽകുന്നതിനായി കുടുംബം അവരുടെ ഭൂമി വിറ്റ് യുഎസിലേക്ക് പോകാൻ ശ്രമിച്ചതായി പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഒരു കോടി രൂപയാണ് ഏജന്‍റിന് നൽകിയത്. തങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും സബര്‍കാന്ത എസ്‍പി വജയ് പട്ടേൽ ഡെക്കാൺ ഹെറാൾഡിനോട് പറഞ്ഞു. ദിലീപിന്‍റെ മരണത്തെ തുടര്‍ന്ന് ഭാര്യയും കുട്ടിയും നിക്കരാഗ്വയിൽ കുടുങ്ങിക്കിടക്കുകയാണ്. മരിച്ചയാളുടെ കുടുംബം ഇപ്പോൾ ഇന്ത്യൻ സർക്കാരിന്‍റെ സഹായം തേടുകയാണ്. അതേസമയം, പൊലീസിൽ പരാതി നൽകരുതെന്ന് ദിലീപിന്‍റെ അമ്മയോട് ഏജന്‍റുമാര്‍ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തി.
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തിനിടെ മരണം സംഭവിക്കുന്നത് ഇതാദ്യമല്ല. 2022ൽ ഗാന്ധിനഗർ ജില്ലയിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡ-യുഎസ് അതിർത്തിയിൽ മരവിച്ചു മരിച്ചിരുന്നു. അതേ വർഷം, മെക്സിക്കോ-യുഎസ് അതിർത്തിയിലെ ട്രംപ് വാൾ എന്നും അറിയപ്പെടുന്ന 30 മീറ്റർ ഉയരമുള്ള ലോഹ മതിൽ കയറാൻ ശ്രമിക്കുന്നതിനിടെ 36 കാരനായ ബ്രിജ്കുമാർ യാദവ് വീണു മരിച്ചു. മെഹ്സാന ജില്ലയിലെ കലോലിൽ നിന്നുള്ളയാളായിരുന്നു യാദവ്.
പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നുമാണ് ഏറ്റവുമധികം യുവാക്കള്‍ അനധികൃതമായി യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നതെന്ന് ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയിലേക്കും യുകെയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറാന്‍ ഉപയോഗിക്കുന്ന ക്രുപസിദ്ധ പാതയാണ് ഡങ്കി റൂട്ട്. ഡോങ്കി (കഴുത) അന്ന് അര്‍ഥംവരുന്ന പഞ്ചാബി ഭാഷയിലെ പ്രാദേശിക പ്രയോഗത്തില്‍നിന്ന് ഉരുത്തിരിഞ്ഞ വാക്കാണിത്. 2017-ല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനംചെയ്ത സിഐഎ, 2022-ല്‍ ഇറങ്ങിയ പഞ്ചാബി ചിത്രം ആജാ മെക്‌സിക്കോ ചലിയേ എന്നിവയെല്ലാം ഡങ്കി പാതിലൂടെയുള്ള അനധികൃത കുടിയേറ്റം പ്രമേയമാക്കിയ ചിത്രങ്ങളാണ്.
ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ. ഈയിടെ യുഎസ് നാടുകടത്തിയവരിൽ 40 പേരും ഗുജറാത്തുകാരായിരുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ഗുജറാത്തികളാണ് കാനഡ, മെക്‌സിക്കോ അതിർത്തികൾ വഴി യുഎസിലേക്ക് അനധികൃതമായി കടക്കുന്നത്. നിരവധി മനുഷ്യക്കടത്ത് കേസുകൾ നിലവിൽ ഗുജറാത്ത് പൊലീസിന്റെ അന്വേഷണത്തിലാണ്. 2023 ഡിസംബറിൽ ചാർട്ടേർഡ് വിമാനം വഴി ഗുജറാത്തുകാരായ 60 അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസ് തിരിച്ചയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സിഐഡി വിഭാഗം 14 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്യുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16

