Quantcast

ഗുജറാത്തിലെ സ്‌കൂളിൽ ഒന്നാം സ്ഥാനത്തെത്തിയ മുസ്‌ലിം പെൺകുട്ടിയെ അനുമോദിച്ചില്ല; സമ്മാനം നൽകിയത് രണ്ടാം റാങ്കുകാരിക്ക്

87 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയ അർനാസ് ബാനുവിനാണ് അവഗണന നേരിടേണ്ടിവന്നത്.

MediaOne Logo

Web Desk

  • Published:

    19 Aug 2023 12:52 PM GMT

Gujarat school topper muslim girl denied recognition
X

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ മുസ്‌ലിം പെൺകുട്ടിയെ സ്‌കൂൾ അധികൃതർ അനുമോദിച്ചില്ലെന്ന് പരാതി. ഒന്നാം സ്ഥാനക്കാരിയായ അർനാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്‌സാന ജില്ലയിലെ കെ.ടി പട്ടേൽ സ്മൃതി വിദ്യാലത്തിലെ അധികൃതർ അനുമോദിച്ചതെന്നാണ് പരാതി.

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലായിരുന്നു അനുമോദന പരിപാടി. 87 ശതമാനം മാർക്ക് നേടിയാണ് അർനാസ് ബാനു ഒന്നാമതെത്തിയത്. രണ്ടാം റാങ്കുകാരിയെ അടക്കം അർനാസിനെക്കാൾ കുറവ് മാർക്ക് നേടിയവരെ ആദരിച്ചപ്പോൾ അർനാസിനെ മാറ്റിനിർത്തിയെന്നാണ് പരാതി. മുസ്‌ലിമായതിനാലാണ് മകളെ മാറ്റിനിർത്തിയതെന്ന് അർനാസിന്റെ മാതാപിതാക്കൾ ആരോപിച്ചു.

''ഇത് ഗുജറാത്താണ്, മുസ്‌ലിമായതുകൊണ്ടാണ് അർനാസിനെ അനുമോദിക്കാതിരുന്നത്. ഇസ്‌ലാം പിന്തുടരുന്നതുകൊണ്ടാണ് ഞങ്ങൾ വിവേചനം നേരിടേണ്ടിവരുന്നത്''-അർനാസിന്റെ പിതാവ് സൻവാർ ഖാനെ ഉദ്ധരിച്ച് വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

എന്നാൽ അവാർഡ് നൽകിയ ദിവസം അർനാസ് സ്‌കൂളിൽ വന്നിരുന്നില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. ഏത് വിധത്തിലുള്ള വിവേചനത്തിനും തങ്ങൾ എതിരാണ്. ജനുവരി 26ന് അർനാസിന് അവാർഡ് നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പ്രിൻസിപ്പലിനെ വാദം കുട്ടിയുടെ മാതാപിതാക്കൾ നിഷേധിച്ചു. അർനാസ് ആഗസ്റ്റ് 15ന് സ്‌കൂളിലെത്തിയിരുന്നു. സ്‌കൂളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. എന്നെങ്കിലും അവാർഡ് കിട്ടുന്നതിൽ കാര്യമില്ല. കുട്ടിയുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുക എന്നതാണ് പ്രധാനം. അവാർഡ്ദാനച്ചടങ്ങിൽ അവഗണിച്ചത് മകൾക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അർനാസിന്റെ പിതാവ് പറഞ്ഞു.

TAGS :

Next Story