Quantcast

''മുസ്‌ലിംകളായതുകൊണ്ട് ആർക്കും പ്രശ്‌നമില്ല, നിശബ്ദരായിരിക്കുന്നവർ എന്തൊരു നാണക്കേടാണ്!''; ഉത്തർപ്രദേശിലെ പൊളിച്ചുനീക്കൽ നടപടിയിൽ ഗുർമെഹർ കൗർ

കാർഗിൽ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്‍റെ മകളാണ് ഗുര്‍മെഹര്‍ കൗർ. പാകിസ്താനല്ല, യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന ഗുർമെഹറിന്റെ തുറന്നുപറച്ചിൽ മുൻപ് വലിയ ചർച്ചയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-12 10:20:22.0

Published:

12 Jun 2022 10:13 AM GMT

മുസ്‌ലിംകളായതുകൊണ്ട് ആർക്കും പ്രശ്‌നമില്ല, നിശബ്ദരായിരിക്കുന്നവർ എന്തൊരു നാണക്കേടാണ്!; ഉത്തർപ്രദേശിലെ പൊളിച്ചുനീക്കൽ നടപടിയിൽ ഗുർമെഹർ കൗർ
X

ലഖ്‌നൗ: പ്രവാചകനിന്ദയ്‌ക്കെതിരെ നടന്ന പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ മുസ്‌ലിം വീടുകൾ പൊളിച്ചുനീക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി നേതാവ് ഗുർമെഹർ കൗർ. പട്ടാപ്പകലിൽ രാജ്യത്തെ പൗരന്മാർ ആക്രമിക്കപ്പെടുമ്പോൾ അവർ മുസ്‌ലിമായതിനാൽ ആർക്കും പ്രശ്‌നമില്ലെന്നും ഇതു ലജ്ജാകരമാണെന്നും ഗുർമെഹർ കുറ്റപ്പെടുത്തി. കാർഗിൽ രക്തസാക്ഷിയായ ജവാന്റെ മകൾ കൂടിയാണ് അവർ.

''സ്വന്തം പൗരന്മാർക്കെതിരായ ഭരണകൂട ആക്രമണമാണിത്. പട്ടാപ്പകലിൽ ആക്രമിക്കപ്പെടുന്നത് നമ്മുടെ മനുഷ്യരാണ്. എന്നാൽ, അവർ മുസ്‌ലിംകളായത് കൊണ്ട് ആർക്കും പ്രശ്‌നമില്ല. നിശബ്ദരായിരിക്കുന്നവർ എന്തൊരു നാണക്കേടാണ്!''-ഗുർമെഹർ കൗർ ട്വീറ്റ് ചെയ്തു.

നേരത്തെയും രാജ്യത്തെ ന്യൂനപക്ഷവിരുദ്ധ വേട്ടകൾക്കെതിരെ പ്രതികരിച്ച് വാർത്തകളിൽ നിറഞ്ഞയാളാണ് ഗുർമെഹർ കൗർ. പാകിസ്താനല്ല, യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന ഗുർമെഹറിന്റെ തുറന്നുപറച്ചിൽ മുൻപ് വലിയ ചർച്ചയായിരുന്നു. പാകിസ്താനുമായുള്ള സമാധാന ചർച്ചയെ പിന്തുണച്ചായിരുന്നു അവരുടെ അഭിപ്രായപ്രകടനം.

''എന്റെ അച്ഛൻ ക്യാപ്റ്റൻ മൻദീപ് സിങ് 1999ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതാണ്. അച്ഛനെ കൊന്നത് പാകിസ്താനികളായതുകൊണ്ട് എല്ലാ പാകിസ്താനികളെയും ഞാൻ വെറുത്തിരുന്നു. പാകിസ്താനിലുള്ള എല്ലാവർക്കും അച്ഛന്റെ മരണത്തിൽ പങ്കുണ്ടെന്ന് ഞാൻ കരുതി. പിന്നീട് എന്റെ അമ്മയാണ് എന്നെ തിരുത്തിയത്. പാകിസ്താനല്ല, യുദ്ധമാണ് അച്ഛനെ കൊന്നതെന്ന് അമ്മ എനിക്കു പറഞ്ഞുതന്നു.'' ഇങ്ങനെ പോകുന്നു ഏറെ ചർച്ചകൾക്കിടയാക്കിയ സംസാരം.

ഇന്ന് അച്ഛനെപ്പോലെ താനും പട്ടാളക്കാരിയാണെന്നും അത് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സമാധാനമുണ്ടാക്കാൻ വേണ്ടിയാണെന്നും അവർ തുടർന്നു. യുദ്ധം ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ അച്ഛൻ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നുവെന്നും ഗുർമെഹർ കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ ഗുർമെഹറിനെതിരെ വലിയ തോതിൽ സൈബറാക്രമണം നടന്നിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും കേന്ദ്രമന്ത്രി കിരൺ റിജിജും അടക്കമുള്ള പ്രമുഖർ തന്നെ അവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, പ്രവാചകനിന്ദയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ പ്രയാഗ്‌രാജിലെ വീട് പൊളിച്ചുനീക്കുന്നത് തുടരുകയാണ്. പ്രയാഗ് രാജ് ഡവലപ്‌മെൻറ് അതോറിറ്റിയാണ് വീട് പൊളിച്ചുനീക്കുന്നത്. വീട് പൊളിച്ചുനീക്കുമെന്ന് അറിയിച്ച് പ്രാദേശിക ഭരണകൂടം നേരത്തേ നോട്ടീസ് നൽകിയിരുന്നു. വൻ പൊലീസ് സംഘം ജാവേദിൻറെ വീട് വളഞ്ഞിരിക്കുകയാണ്. പ്രദേശത്തെ മുഴുവൻ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിർബന്ധപൂർവം ഒഴിപ്പിക്കുന്നുണ്ട്. പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ഇന്നലെ മുഹമ്മദ് ജാവേദിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേരെയാണ് പ്രയാഗ്‌രാജിൽനിന്ന് ഇതുവരെ അറസ്റ്റ് ചെയ്തത്.

Summary: ''Our own people are being attacked in broad daylight and no one bats an eye because they are Muslim'', says Gurmehar Kaur, students leader and daughter of Kargil war martyr

TAGS :

Next Story