'അമ്മയുടെ ആൺസുഹൃത്തിനെക്കുറിച്ച് പിതാവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി'; അഞ്ച് വയസുകാരനെ രണ്ടാം നിലയിൽ നിന്നും എറിഞ്ഞു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം
2023 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അഞ്ച് വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം. കോൺസ്റ്റബിൾ ധ്യാൻ സിംഗ് റാത്തോഡിന്‍റെ ഭാര്യ ജ്യോതി റാത്തോഡിനാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
2023 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. ജ്യോതിക്ക് അയൽവാസിയായ ഉദയ് ഇൻഡോലിയയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഒരു ദിവസം ജ്യോതിയെയും ഉദയിനെയും മകൻ ജതിൻ ഒരുമിച്ച് കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താൻ കണ്ട കാര്യങ്ങൾ അച്ഛൻ ധ്യാനിനോട് പറയുമെന്ന് ജതിൻ അമ്മയെ ഭീഷണിപ്പെടുത്തി. ഭയചകിതയായ ജ്യോതി കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മകനെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 24 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. തുടക്കത്തിൽ അപകടമരണമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ കുറ്റകൃത്യം നടന്ന് പതിനഞ്ച് ദിവസത്തിന് ശേഷം, ജ്യോതി പൊട്ടിക്കരഞ്ഞുകൊണ്ട് ധ്യാനിനോട് കുറ്റസമ്മതം നടത്തി.
മകന്‍റെ മരണത്തിൽ ആദ്യം മുതലേ ധ്യാനിന് സംശയം തോന്നിയിരുന്നു. ജ്യോതി കുറ്റസമ്മതം നടത്തുന്ന ഓഡിയോ, വീഡിയോ സംഭാഷണങ്ങൾ ധ്യാൻ റെക്കോഡ് ചെയ്യുകയും വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ തെളിവുകളുമായി ധ്യാൻ പൊലീസിനെ സമീപിച്ച് പരാതി നൽകി. കേസെടുത്ത പൊലീസ് ജ്യോതിയെയും കാമുകൻ ഉദയെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണയ്ക്കിടെ, ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജ്യോതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഉദയിനെ കോടതി വെറുതെവിട്ടു.
Adjust Story Font
16

