'ഗ്യാനേഷ് കുമാര്‍ മോദിസര്‍ക്കാരിന്റെ കയ്യിലെ പാവ, പുറത്താക്കണം': അഞ്ച് ആവശ്യങ്ങളുമായി ഖാർഗെ
നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്ത അതേ പ്രധാനമന്ത്രി, ഇപ്പോൾ വോട്ടുനിരോധന ഗൂഢാലോചനയിലൂടെ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണെന്നും ഖാർഗെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നരേന്ദ്ര മോദി സർക്കാരിന്റെ കയ്യിലെ പാവയാണെന്നും അദ്ദേഹത്തിന് പദവിയിൽ തുടരാൻ യാതൊരു അർഹതയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടലെടുത്ത ഭിന്നതകളെക്കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതിന് പശ്ചാതലത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമീഷണറെ സമ്മർദത്തിലാക്കി ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ച നരേന്ദ്ര മോദി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി പദം രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാർഗെ മുന്നോട്ടുവെച്ച 5 പ്രധാന ആവശ്യങ്ങൾ
1.വോട്ടർപട്ടികയിൽ വരുത്തുന്ന പ്രധാന മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൂർണ്ണമായും പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുക.
2.വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ വിവരമറിയിക്കുകയും അവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുകയും ചെയ്യുക.
3.ലളിതമായ ഫോർമാറ്റിൽ പുതുക്കിയ വോട്ടർപട്ടിക കൃത്യസമയത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുക.
4.ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം നടത്തുക
5.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളിലും തീരുമാനങ്ങളിലും പൂർണ്ണ സുതാര്യത പുലർത്തുക
പത്തു വർഷം മുമ്പ് നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്ത അതേ പ്രധാനമന്ത്രി, ഇപ്പോൾ വോട്ടുനിരോധന ഗൂഢാലോചനയിലൂടെ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെയും ദലിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഏറ്റവും വലിയ ആയുധം വോട്ടവകാശമാണെന്നും അത് കവർന്നെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേഷ്, മുൻ ധനമന്ത്രി പി. ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കളും കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16

