Quantcast

ഗ്യാനേഷിനെതിരായ പരസ്യ വിചാരണ ഇന്ന്; 'ഇന്‍ഡ്യ'യുടെ പ്രതീകാത്മക മോക്ക് ഇംപീച്ച്‌മെന്റില്‍ സിജെപിയും പങ്കെടുക്കുമെന്ന് സൂചന

രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ പാര്‍ലമെന്റ് മാതൃകയിലാണ് പ്രതീകാത്മക പരസ്യവിചാരണ നടക്കുക

MediaOne Logo

Web Desk

  • Updated:

    2026-10-30 03:07:45

Published:

30 Oct 2026 6:26 AM IST

PIL in SC seeks action against CEC Gyanesh Kumar
X

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതീകാത്മക മോക്ക് ഇംപീച്ച്‌മെന്റ് ഇന്ന്. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെ പ്രതിഷേധത്തില്‍ ലോക്‌സഭ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷത വഹിക്കും.

രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ പാര്‍ലമെന്റ് മാതൃകയിലാണ് പ്രതീകാത്മക പരസ്യവിചാരണ നടക്കുക. ഖാര്‍ഗെ ഇംപീച്ച് പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ എംപിമാരും നേതാക്കളും പ്രമേയത്തെ പിന്തുണച്ച് സംസാരിക്കും.

മുന്‍ സുപ്രിംകോടതി ജഡ്ജിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ നിയമ വിദഗ്ധര്‍, വിദ്യാര്‍ഥി സംഘടന നേതാക്കള്‍ എന്നിവരും മോക്ക് ഇംപീച്ച്‌മെന്റില്‍ പങ്കെടുക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രമേയത്തിന് മറുപടി നല്‍കുക. ശേഷം വോട്ടെടുപ്പിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി ഇന്‍ഡ്യ സഖ്യം പ്രഖ്യാപിക്കും.

അതേസമയം, നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ പ്രഖ്യാപിച്ച മഹാറാലിയുടെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും മൈതാനിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

സുരക്ഷയുടെ ഭാഗമായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ രാംലീലയില്‍ വിന്യസിക്കും. 10,000ത്തോളം അര്‍ധ സൈനികരെയും മേഖലയില്‍ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം, ഒന്നാം തീയതിയിലെ പ്രതിഷേധവേദി മാറ്റണമെന്ന ആവശ്യത്തില്‍ വ്യാപാരി സംഘടനകള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

ഡല്‍ഹിയിലെ പരസ്യ വിചാരണയില്‍ അഭിജീത് ദീപ്‌കെ അടക്കമുള്ള സിജെപി പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സൂചന. രാംലീല മൈതാനത്തില്‍ നടക്കുന്ന മഹാറാലിക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കാന്‍ ഏതൊരു ജനകീയ പോരാട്ടത്തോടും സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് സിജെപി പ്രഖ്യാപനം.

ഇതിനുപിന്നാലെ മോക്ക് ഇംപീച്ച്‌മെന്റില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യ മുന്നണി സിജെപി വക്താക്കളെ ക്ഷണിക്കുകയായിരുന്നു. ദേശീയ താത്പര്യം മുന്‍നിര്‍ത്തി സമാന ചിന്താഗതിയുള്ള ബിജെപി വിരുദ്ധ ശബ്ദങ്ങളുമായി ഒന്നിക്കേണ്ട സമയമാണിതെന്ന വിലയിരുത്തലിലാണ് സിജെപി.

ഇന്ത്യ മുന്നണിയുമായി കൃത്യമായ അകലം പാലിക്കുകയും സ്വന്തം നിലയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന സിജെപിയുടെ സഹകരണം ഗുണം ചെയ്യുമെന്ന് നിലപാടിലാണ് നേതാക്കള്‍. വോട്ട് മോഷണ ആരോപണങ്ങളും ഇലക്ടറല്‍ ക്രമക്കേടുകളും മുന്‍നിര്‍ത്തി പോരാട്ടം ശക്തമാക്കാനാണ് സഖ്യത്തിന്റെ നീക്കം.

സമാന ചിന്താഗതിക്കാരായ എല്ലാവരെയും ഉള്‍പ്പെടുത്തി വിശാലമായ പ്രതിപക്ഷ പ്രതിഷേധം സംഘടിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം. എസ്‌ഐആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ സജീവമായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും മോക്ക് ഇംപീച്ച്‌മെന്റിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

TAGS :

Next Story