Quantcast

വിഡിയോയും ചിത്രങ്ങളും പകർത്തി; ഗ്യാൻവാപി മസ്ജിദിൽ സർവേ പുരോഗമിക്കുന്നു

പള്ളിയുടെ കോംപൗണ്ടിൽ എ.എസ്.ഐ സർവേയ്ക്ക് ഉത്തരവിട്ട വരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    7 May 2022 12:37 PM GMT

വിഡിയോയും ചിത്രങ്ങളും പകർത്തി; ഗ്യാൻവാപി മസ്ജിദിൽ സർവേ പുരോഗമിക്കുന്നു
X

ലഖ്‌നൗ: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ സർവേ നടപടികൾ പുരോഗമിക്കുന്നു. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളി കോംപൗണ്ടിലെത്തി വിഡിയോയും ചിത്രങ്ങളും പകർത്തി സർവേ നടത്തിയത്. പള്ളിയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നതെന്ന് ആരോപിക്കപ്പെടുന്ന മാ ശ്രിംഗർ ഗൗരി സ്ഥലിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്താനെന്നു പറഞ്ഞ് സർവേ നടക്കുന്നത്.

പള്ളി ഭാരവാഹികളുടെയും വിശ്വാസികളുടെയും പ്രതിഷേധങ്ങൾക്കിടയിലായിരുന്നു ഇന്നലെ സർവേ ആരംഭിച്ചത്. വരാണസി കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷണർ അജയ് കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കാശിവിശ്വനാഥ് ക്ഷേത്രത്തിന്റെ സമീപത്തുള്ള പള്ളിയുടെ കോംപൗണ്ടിൽ സർവേ നടപടികൾക്ക് നേതൃത്വം നൽകുന്നത്. സർവേ ഇന്നും തുടരുന്നുണ്ട്.

ഏപ്രിൽ 26നാണ് ഗ്യാൻവാപി പള്ളിയിൽ വിശദമായ സർവേ നടത്താൻ വരാണസി കോടതി ഉത്തരവിട്ടത്. മേയ് ആറ്, ഏഴ് തിയതികളിൽ പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്തുകയും ഇതിന്റെ വിഡിയോ പകർത്തുകയും ചെയ്യാനായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചു.

പള്ളിയിൽ വിശദമായ സർവേ നടത്തി മേയ് പത്തിന് നടക്കുന്ന അടുത്ത വാദംകേൾക്കലിനു മുൻപ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കക്ഷികളുടെയും സാന്നിധ്യത്തിലാകണം സർവേനടപടികളെന്നും കോടതിയുടെ നിർദേശമുണ്ട്. നേരത്തെ, പള്ളിയുടെ കോംപൗണ്ടിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) സർവേയ്ക്ക് ഉത്തരവിട്ട വരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.


മുഗൾ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 1991ലാണ് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഹരജി കോടതിയിലെത്തിയത്. പള്ളിയുടെ കോംപൗണ്ടിൽ പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി സ്വദേശിയായ രാഖി സിങ് എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ കോടതിയുടെ നടപടി.

Summary: : A court commissioner conducted videography and survey of some areas outside Gyanvapi Masjid on a Varanasi court's order

TAGS :

Next Story