Quantcast

'സേവനങ്ങൾക്ക് വളരെ നന്ദി; ഒരു ചായ കുടിച്ചാലോ?'; 'ജിഹാദി' എന്നു വിളിച്ച റിപ്പോർട്ടര്‍മാരെ നിർത്തിപ്പൊരിച്ച് ഹൽദ്വാനിക്കാർ

അരലക്ഷത്തോളം വരുന്ന ഹൽദ്വാനി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിന്റെ നടപടി സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    6 Jan 2023 3:13 PM GMT

സേവനങ്ങൾക്ക് വളരെ നന്ദി; ഒരു ചായ കുടിച്ചാലോ?; ജിഹാദി എന്നു വിളിച്ച റിപ്പോർട്ടര്‍മാരെ നിർത്തിപ്പൊരിച്ച് ഹൽദ്വാനിക്കാർ
X

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ കുടിയൊഴിപ്പിക്കൽ തടഞ്ഞ സുപ്രിംകോടതി വിധിക്കു പിന്നാലെ വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങളെ നേർക്കുനേർ നിർത്തിപ്പൊരിച്ച് നാട്ടുകാർ. 'ടൈംസ് നൗ', 'നവഭാരത് ടൈംസ്' അടക്കമുള്ള മാധ്യമങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാരെയാണ് നാട്ടുകാർ പരിഹാസവുമായി നേരിട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

'വളരെ വളരെ നന്ദിയുണ്ട്. വളിയ ആളുകളാണ് നിങ്ങൾ. നിങ്ങൾ ഈ വിഷയം നന്നായി പരിഗണിച്ചിട്ടുണ്ട്. ഇവിടെന്നൊരു ചായ കുടിച്ചാലോ?'-പരിഹാസത്തോടെ നാട്ടുകാർ റിപ്പോർട്ടറോട് ചോദിക്കുന്നത് വിഡിയോയിൽ കാണാം. 'ജിഹാദി'കൾക്കിടയിൽ നിൽക്കുമ്പോൾ എന്തു തോന്നുന്നു? 'ജിഹാദി'കൾക്കിടയിൽ സുരക്ഷയില്ലേ എന്നും പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.

വംശീയമായ അധിക്ഷേപങ്ങളുമായാണ് ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. 'ജിഹാദി' സംഘമാണ് ഹൽദ്വാനിയില്‍ പ്രതിഷേധിക്കുന്നതെന്ന് 'ടൈംസ് നൗ' റിപ്പോർട്ടിൽ ആരോപിക്കുന്നു. നിയമലംഘകരാണെന്നും 'സമീൻ ജിഹാദ്'(ഭൂമി ജിഹാദ്) ആണ് ഇവിടെ നടക്കുന്നതെന്നും 'നവഭാരത് ടൈംസ്' റിപ്പോർട്ടിലും ആരോപിച്ചു. ഇക്കാര്യം സൂചിപ്പിച്ചാണ് നാട്ടുകാരുടെ പ്രതികരണം.

ഉത്തരാഖണ്ഡിലെ റെയിൽവേ ഭൂമി ഒഴിപ്പിക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി തടഞ്ഞത്. ഹൽദ്വാനി ജില്ലയിലെ ബൻഭൂൽപുര നിവാസികൾ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി വിധി. 4,365 കുടുംബങ്ങളെ ഒരാഴ്ചയ്ക്കകം കുടിയൊഴിപ്പിച്ച് ഗഫൂർ ബസ്തി, റെയിൽവേ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാറും റെയിൽവേ മന്ത്രാലയവും സംയുക്തമായി നടപടികൾ ആരംഭിച്ചതാണ് കോടതി തടഞ്ഞത്.

അരലക്ഷത്തോളം പേരെ ഇങ്ങനെ ഒറ്റയടിക്ക് പിഴുതെറിയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടപെടൽ. ഉത്തരാഖണ്ഡ് ഹൈകോടതി വിധി ബെഞ്ച് സ്റ്റേ ചെയ്തു. പ്രശ്‌നം പ്രായോഗികമായി പരിഹരിക്കാൻ കോടതി ഉത്തരാഖണ്ഡ് സർക്കാരിനും റെയിൽവേക്കും നിർദേശം നൽകിയിട്ടുണ്ട്. കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി.

70 വർഷമായി ബൻഭൂൽപുരയിൽ താമസിച്ചുവരുന്ന അരലക്ഷത്തോളം മനുഷ്യരെയാണ് ഡിസംബർ ഇരുപതിലെ ഹൈക്കോടതി ഉത്തരവ് ബാധിക്കുക. 29 ഏക്കർ വിസ്തീർണ്ണമുള്ള ഭൂമിയിൽ ആരാധനാലയങ്ങളും പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെനിന്ന് കുടിയിറക്കിയാൽ എങ്ങോട്ട് പോകുമെന്ന് ആശങ്കയാണ് നാലായിരത്തിലേറെ വരുന്ന കുടുംബങ്ങൾക്കുള്ളത്.

ഹൽദ്വാനിയിലെ കോൺഗ്രസ് എം.എൽ.എ സുമിത് ഹൃദയെഷിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങൾ സുപ്രിംകോടതിയെ സമീപിച്ചത്.

Summary: Haldwani locals thank reporters of Times Now and Navbharat Times for portraying protestors as 'Jihadis'

TAGS :

Next Story